| Monday, 17th September 2018, 11:44 am

ക്വിറ്റ് ഇന്ത്യാ സമരത്തിലെ വാജ്‌പേയിയുടെ നിലപാടിനെക്കുറിച്ച് ചോദ്യമുയര്‍ത്തിയത് വെങ്കയ്യനായിഡുവിനെ ചൊടിപ്പിച്ചു;മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയെടുത്ത് രാജ്യസഭാ ടി.വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്വിറ്റ് ഇന്ത്യാസമരത്തില്‍ വാജ്‌പേയിയുടെ റോളിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ രാജ്യസഭാ ടി.വിയുടെ നടപടി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശ പ്രകാരമാണ് രാജ്യസഭാ ടി.വി മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

വാജ്‌പേയി മരിച്ചതിനു പിന്നാലെ ആഗസ്റ്റ് 16നാണ് സംഭവം. വാജ്‌പേയിയുടെ മരണവാര്‍ത്ത വന്നതിനു പിന്നാലെ രാജ്യസഭാ ടി.വി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംപ്രേഷണം ചെയ്തിരുന്നു.

ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകയായ നീലു വ്യാസ് 2016ല്‍ വാജ്‌പേയിയുടെ ജീവചരിത്രം എഴുതിയ വിജയ് ത്രിവേദിയോട് 1942ലെ സംഭവത്തെക്കുറിച്ച് ചോദ്യം ചോദിച്ചതാണ് വെങ്കയ്യ നായിഡുവിനെ പ്രകോപിപ്പിച്ചത്.

” ഞാന്‍ മുദ്രാവാക്യം വിളിക്കാന്‍ പോകില്ല (ബ്രിട്ടീഷുകാര്‍ക്കെതിരെ) എന്ന വസ്തുതയോട് എങ്ങനെയാണ് നിങ്ങള്‍ക്ക് യോജിക്കാവുക… കാരണം അദ്ദേഹത്തിന്റെ ദേശീയതാല്‍പര്യം ഏറെ പ്രശസ്തമായ നിലയ്ക്ക്.” എന്നായിരുന്നു ക്വിറ്റ് ഇന്ത്യാ സമരകാലത്തെ വാജ്‌പേയിയുടെ നിലപാടിനെക്കുറിച്ചുള്ള നീലുവ്യാസിന്റെ ചോദ്യം.

യുവാവായിരുന്ന കാലത്ത് വാജ്‌പേയി അറസ്റ്റിലായെന്നും തുടര്‍ന്ന് ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കില്ലെന്ന് എഴുതി നല്‍കിയിരുന്നെന്നും ത്രിവേദി പറഞ്ഞു.

“ഈ സംഭവം എപ്പോഴാണ് നടക്കുന്നതെന്ന് ഓര്‍ക്കണം, അടല്‍ജിക്ക് 17 വയസായിരുന്നപ്പോള്‍. ഇതിനെക്കുറിച്ച് ഞാന്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഈ സംഭവം നടന്ന ആഗ്രയ്ക്കു സമീപമുള്ള ഭടേശ്വരില്‍ ഞാനുണ്ടായിരുന്നു. ഒരു ചെറിയ പ്രതിഷേധം നടക്കുകയായിരുന്നു. അതില്‍ അദ്ദേഹവുമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ പിടികൂടിയപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. ചില പ്രധാന വ്യക്തികളുടെ സ്വാധീനത്തിനു വഴങ്ങിയാണ് അദ്ദേഹം അന്ന് ആ കത്തില്‍ ഒപ്പിട്ടത്.” എന്നാണ് ത്രിവേദി പറഞ്ഞത്.

അന്ന് നടന്ന സംഭവങ്ങളെ വാജ്‌പേയി ഒരിക്കലും നിഷേധിച്ചിട്ടില്ല. എന്നാല്‍ അതിനര്‍ത്ഥം ആര്‍ക്കും അദ്ദേഹത്തിന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാമെന്നല്ലെന്നും ത്രിവേദി പറഞ്ഞു.

രാജ്യസഭാ ടി.വി പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ഉയര്‍ത്തിയിരുന്നില്ല. നാലുദിവസത്തിനുശേഷം ഹിന്ദി വെബ്‌സൈറ്റില്‍ വന്ന ഒരു വാര്‍ത്തയാണ് വിഷയം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവരുന്നത്. രാജ്യസഭാ ടി.വിയുടെ ഈ ചോദ്യം ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിനു പിന്നാലെ രാജ്യസഭാ സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിയും വെങ്കയ്യ നായിഡുവിന്റെ അടുത്തയാളുമായ എ.എ റാവു ചാനല്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തുവരികയായിരുന്നു.

സംഭവത്തില്‍ ചാനല്‍ ഖേദം പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ട് വെങ്കയ്യ നായിഡു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ ആഗസ്റ്റ് 22ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് ചാനല്‍ കുറിപ്പ് സംപ്രേഷണം ചെയ്തു.

“മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ചുള്ള ലൈവ് ചര്‍ച്ചയ്ക്കിടെ രാജ്യസഭാ ടി.വിയിലെ മുതിര്‍ന്ന അവതാരകന്‍ ശ്രീ വാജ്‌പേയിയെക്കുറിച്ച് സന്ദര്‍ഭത്തിന് യോജിക്കാത്ത, വസ്തുതാവിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ നടത്തി. രാജ്യസഭാ ടി.വി അതില്‍ പശ്ചാത്തപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.” എന്നായിരുന്നു ചാനല്‍ സംപ്രേഷണം ചെയ്ത കുറിപ്പ്.

ചാനല്‍ ജീവനക്കാരില്‍ മൂന്നാമനായിരുന്നു നീലു വ്യാസിനെ താക്തീത് ചെയ്തിട്ടുണ്ടെന്നാണ് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കൂടാതെ ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ രാജ്യസഭാ ടി.വി യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്.

We use cookies to give you the best possible experience. Learn more