ന്യൂദല്‍ഹി: കാശിയിലെയും മഥുരയിലെയും പള്ളികളെ നീക്കം ചെയ്ത് ക്ഷേത്രങ്ങള്‍ ‘വിമോചി’പ്പിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. അയാധ്യ വിധിക്ക് പിന്നാലെ ഇത്തരമൊരു നീക്കത്തിനില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
അഖില ഭാരതീയ അഖാര പരിഷത് കാശി, മഥുര ക്ഷേത്രങ്ങളെ വിമോചിക്കാന്‍ ആഹ്വാനം നല്‍കിയ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് മേധാവി നിലപാട് വ്യക്തമാക്കിയത്. പ്രയാഗ് രാജില്‍ നടന്ന ഒരു സമ്മേളനത്തിലാണ് അഖാര പരിഷത് ക്ഷേത്രവിമോചന ത്തിനുള്ള പ്രമേയം പാസാക്കിയത്. ബാബരി മസ്ജിദ് പൊളിച്ചതിന് ശേഷം ഇനി കാശിയും മഥുരയും ബാക്കിയുണ്ടെന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ മുദ്രാവാക്യം.
ബാബരി മസ്ജിദിനെതിരെയുള്ള പ്രക്ഷോഭത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന നിര്‍മോഹി അഖാര അടക്കം 14 അഖാരകളുടെ കൂട്ടായ്മയാണ് അഖില ഭാരതീയ അഖോര പരിഷത്.
സമരങ്ങളല്ല സംഘടനയുടെ രീതിയെന്നും ഭാഗവത് വ്യക്തമാക്കി. രാംജന്മഭൂമി പ്രശ്‌നം മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് ആര്‍.എസ്.എസ് കരുതുന്നത്. അത് രാജ്യത്തിന്റെ വിശ്വാസവും ഐക്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്‌നം വരുന്നില്ല. ക്ഷേത്രനിര്‍മാണത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണം, ഭാഗവത് പറഞ്ഞു.
ആര്‍.എസ്.എസ് ഏകസിവില്‍കോഡ് വേണമെന്ന ആവശ്യം ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് വിഷയത്തില്‍ സമവായമാണ് ഉണ്ടാകേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുക, ബാബറി മസ്ജിദ് പൊളിച്ച് നീക്കുക, ഏക സിവില്‍ കോഡ് നടപ്പാക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ആര്‍.എസ്.എസിന്റെ പ്രധാന അജണ്ടകളാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: rssj thinks on kashi mathura mosques after seers call to remove them