| Sunday, 19th December 2021, 2:08 pm

ആലപ്പുഴ ഷാന്‍ വധക്കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയില്‍.

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരില്‍ പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകസംഘത്തിന് റെന്റ് എ കാര്‍ വാഹനം സംഘടിപ്പിച്ച് നല്‍കിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നുമാണ് പൊലീസ് പറയുന്നത്.

ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞായിരുന്നു വാഹനം കൊണ്ടുപോയതെന്നും പറയുന്നു.

ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് വെട്ടേറ്റത്.

വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

അതേസമയം ഞായറാഴ്ച രാവിലെ ആലപ്പുഴ വെള്ളക്കിണറില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത് കൊല്ലപ്പെട്ട സംഭവത്തില്‍ 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ആംബുലന്‍സിലെത്തിയ പ്രതികള്‍ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആംബുലന്‍സില്‍ നിന്നായിരുന്നു നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പിടികൂടിയത്. എന്നാല്‍ ഇവരാണ് കേസിലെ പ്രതികളെന്ന സ്ഥിരീകരണം പൊലീസ് നല്‍കിയിട്ടില്ല.

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകരുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസിലെ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: RSS workers in police custody under the murder of SDPI leader in Alappuzha

We use cookies to give you the best possible experience. Learn more