ന്യൂദല്‍ഹി: ആര്‍.ടി.ഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെയുടെ വീടിനു മുന്നില്‍ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. താനെയിലെ വീടിനു മുന്നില്‍ മുദ്രാവാക്യം മുഴക്കിയെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീടിനുമുന്നില്‍ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ അദ്ദേഹം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരുന്നു. ‘ ഒരു കൂട്ടം ആര്‍..എസ്.എസ് പ്രവര്‍ത്തകര്‍ വീടിനുമുന്നില്‍ ജയ്ശ്രീറാം മുഴക്കുന്നു. അവര്‍ എന്റെ അമ്മയെ ഭീഷണിപ്പെടുത്തുന്നു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോടും, താനെ പൊലീസുകാരോടും സഹായമഭ്യര്‍ഥിക്കുന്നു’- ഇതായിരുന്നു അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും നിരവധി പേരേ കസ്റ്റഡിയിലെടുത്തെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുദ്രാവാക്യം വിളിച്ച എല്ലാ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയും ഫോണ്‍ നമ്പറുകള്‍ പൊലീസ് അന്വേഷിച്ചതായും സുരക്ഷയൊരുക്കാമെന്ന് താനെ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും സാകേത് പറഞ്ഞു.
വിവരാവകാശ പ്രവര്‍ത്തകനായ സാകേത് രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അപേക്ഷ കോടതി തള്ളി.
അയോധ്യയിലെ ഭൂമി പൂജ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് സാകേതിന്റെ ഹരജിയില്‍ പറയുന്നു. കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭൂമിപൂജ നടത്താന്‍ യു.പി സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹത്തിന്റെ ഹരജിയില്‍ പറയുന്നുണ്ട്.
അണ്‍ലോക്ക് 2.0 ഏതെങ്കിലും തരത്തിലുള്ള മതപരമായ ഒത്തുച്ചേരലുകള്‍ നിരോധിച്ചിട്ടുണ്ട് സാകേത് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. അതിന് ശേഷം ഏകദേശം 130 ഭീഷണി കോളുകള്‍ വന്നതായി സാകേത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക