പുഷ്പാഞ്ജലി സ്വാമിയെ ആര്‍.എസ്.എസ്സുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി; അമ്പതോളം പേര്‍ക്കെതിരെ കേസ്
Kerala News
പുഷ്പാഞ്ജലി സ്വാമിയെ ആര്‍.എസ്.എസ്സുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി; അമ്പതോളം പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th September 2019, 8:15 am

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറമഠത്തിന്റെ വസ്തു ആര്‍.എസ്.എസ് സേവാഭാരതിയുടെ പേരില്‍ കൈയേറിയതില്‍ പ്രതിഷേധിച്ച് നിരാഹാരം നടത്തുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ചലി സ്വാമിയാരെ ആര്‍.എസ്.എസ്സുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി.

സേവാഭാരതിയുടെ പേരില്‍ കൈയ്യേറിയ ഭുമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറുദിവസമായി സ്വാമി നിരാഹാര സമരത്തിലായിരുന്നു.

ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് ചതുര്‍മാസ പൂജയിലേര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹം നിരാഹാരം ആരംഭിച്ചത്. പൂജ അവസാനിച്ച ശനിയാഴ്ച ആചാരപ്രകാരം ഭിക്ഷാടനം നടത്തുകയുംചെയ്തു. ഇതിനുശേഷമാണ് പടിഞ്ഞാറേ നടയില്‍ സത്യഗ്രഹം ആരംഭിച്ചത്.

ഇതിനായി പന്തല്‍ കെട്ടാന്‍ തുടങ്ങവേ ആര്‍.എസ്.എസ് നേതൃത്വത്തില്‍ അമ്പതോളം പേര്‍ എതിര്‍പ്പുമായി സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സംരക്ഷണത്തില്‍ പന്തല്‍ കെട്ടി.

ഇതിനിടെ ആര്‍.എസ്.എ സുകാര്‍ പന്തലില്‍ സ്വാമിയെ കാണാന്‍ എത്തിയ ഭക്തരെ ആക്രമിക്കുകയും        സമരപ്പന്തല്‍ പൊളിക്കുകയുമായിരുന്നു. സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പതോളം ആര്‍.എസ്. എസുകാര്‍ക്കെതിരെ കേസെടുത്തു. സത്യഗ്രഹം തുടരുമെന്ന് പുഷ്പാഞ്ജലി സ്വാമി അറിയിച്ചു. സ്വാമിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

നേരത്തെ പുഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥയെ എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സന്ദര്‍ശിച്ചിരുന്നു. കലക്ടറുടെ ചുമതലയുള്ള എ.ഡി.എം വി.ആര്‍ വിനോദ്, തഹസില്‍ദാര്‍ ജി.കെ സുരേഷ് ബാബു, വില്ലേജ് ഓഫീസര്‍ രാജീവ് എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്. സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും സംഘം ആവശ്യപ്പട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയത്തെക്കുറിച്ച് തഹസില്‍ദാര്‍ കലക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സംഘം സ്വാമിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ നിയമ ഓഫീസര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വിഷയവുമായി ബന്ധപ്പെട്ടവരുമായി കലക്ടര്‍ ചര്‍ച്ച നടത്തും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനന്തശായി ബാലസദനം ഭാരവാഹികള്‍, മുഞ്ചിറമഠം സ്വാമിയാര്‍ എന്നിവരെയെല്ലാം കലക്ടര്‍ രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ട്.

തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബാലസദനം പ്രവര്‍ത്തിക്കുന്ന സ്ഥലം മുഞ്ചിറമഠത്തിന്റെ പേരിലും കെട്ടിടത്തിന്റെ രേഖകള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.എസ്.എസുകാര്‍ ഭൂമി കൈയേറി നിലവില്‍ അനന്തശായി ബാലസദനം അനധികൃതമായി നടത്തുന്നുവെന്നാണ് സ്വാമി ആരോപിക്കുന്നത്.
ആറു ദിവസമായി നിരാഹാരം നടത്തുന്ന പുഷ്പാഞ്ജലി സ്വാമിയുടെ ആരോഗ്യനില പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

കോട്ടയ്ക്കകം മിത്രാനന്ദപുരം ക്ഷേത്രത്തിനു സമീപത്തുള്ള ബാലസദനത്തിന് മുന്നിലാണ് സ്വാമി നിരാഹാരം ആരംഭിച്ചത്. മുഞ്ചിറമഠത്തിലെ മൂപ്പില്‍ സ്വാമി കൂടിയാണ് പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ.

ബാലസദനം പ്രവര്‍ത്തിക്കുന്ന സ്ഥലം മുഞ്ചിറ മഠം വകയാണെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് സ്വാമി നിരാഹാരം തുടങ്ങിയത്.
മഠം തിരിച്ചുകിട്ടിയില്ലെങ്കില്‍ സമാധിവരെ നിരാഹാരം കിടക്കുമെന്നാണ് സ്വാമി പറയുന്നത്.

നേരത്തെ ബാലസദനത്തിന്റെ പേരില്‍ പുഷ്പാഞ്ജലി സ്വാമിമാര്‍ ചാതുര്‍മാസ പൂജ നടത്തേണ്ട സ്ഥലം വര്‍ഷങ്ങള്‍ക്കുമുമ്പേ ആര്‍.എസ്.എസ് കൈയേറിയിരുന്നു. ഇത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സ്വാമി നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ ജൂലായില്‍ രണ്ട്മാസം നീളുന്ന ചാതുര്‍മാസ വൃതം ജൂലായ് 16 ന് പുഷ്പാഞ്ജലി സ്വാമി മിത്രാനന്ദപുരം ക്ഷേത്രത്തിനു സമീപത്തുള്ള മഠത്തില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനന്തശായി ബാലസദനത്തിന്റെ പ്രവര്‍ത്തകര്‍ അതിന് സമ്മതിച്ചില്ല.

തുടര്‍ന്ന് കെട്ടിടത്തിന് പുറത്തിരുന്ന് സ്വാമി വ്രതത്തിന്റെ ഭാഗമായ പൂജ നടത്തി. മറ്റ് ദിവസങ്ങളില്‍ താമസസ്ഥലത്താണ് വ്രതമനുഷ്ഠിച്ചത്.

കേരളത്തിലെ 48 ക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലിക്ക് നിയോഗമുള്ള മുഞ്ചിറമഠത്തിന് കാര്‍ത്തികതിരുനാള്‍ രാജാവ് 1789 ല്‍ നല്‍കിയതാണ് മിത്രാനന്ദപുരത്തിന് സമീപത്തെ മഠം. 1992 വരെ മഠാധിപതിയുണ്ടായിരുന്നു. നിലവിലെ സ്വാമിയാര്‍ 2016 ലാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ബാലസദനത്തിനായി മറ്റൊരു സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണെന്നും അവശ്യമുണ്ടെങ്കില്‍ അന്തേവാസികളെ സംരക്ഷിക്കാനും തയ്യാറാണെന്നും പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ പറഞ്ഞു.

നിലവില്‍ ആര്‍.എസി.എസിന്റെ മുതിര്‍ന്ന നേതാക്കളെ അടക്കം സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കെട്ടിടത്തിന് പുറത്ത് സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.
DoolNews Video