|

'മാലയിട്ട് ഇരുമുടിക്കെട്ടുമായ് വാ...പൊലീസ് തടയില്ല': ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഫേയ്സ്ബുക്ക് ആഹ്വാനം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയില്‍ അക്രമത്തിന് കോപ്പുകൂട്ടുന്ന ആര്‍.എസ്.എസ് നേതാവിന്റെ ഫേസ്ബുക്ക് ആഹ്വാനം പുറത്ത്.സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഫേയ്സ്ബുക്ക് ലൈവ് പ്രചരിക്കുന്നത്.

പമ്പയില്‍ ആകെ നൂറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരേ ഉള്ളുവെന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ മാലയിട്ട് ഇരുമുടികെട്ടുമായ് എത്തണമെന്നുമാണ് വീഡിയോവിലെ ആഹ്വാനം.

“ശബരിമലയില്‍ ഇപ്പോള്‍ ആകെ നൂറില്‍ താഴെ പ്രവര്‍ത്തകരേ ഉള്ളു. നമ്മുടെ അധികം ആള്‍ക്കാര്‍ ഇല്ല. അത് കൊണ്ട് തന്നെ ഞങ്ങളെ കൊണ്ട് തടുക്കാന്‍ കഴിയുന്നിതിന് ഒരു ലിമിറ്റ് ഉണ്ട്. അതിന് മുകളില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഇരുമുടിക്കെട്ടില്ലാതെ വരുന്ന നമ്മുടെ ആള്‍ക്കാരെ മുഴുവന്‍ പത്തനംതിട്ടയില്‍ വച്ച് പൊലീസ് ബ്ളോക്ക് ചെയ്തിട്ടുണ്ട്.


എല്ലാവരും ഇരുമുടിക്കെട്ടെടുത്തിട്ട് മാലയിട്ട് കറുപ്പുടുത്ത് വേണം വരാന്‍. എത്രയും പെട്ടെന്ന് പമ്പയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക. ഇരുമുടിക്കെട്ട് എടുത്തിട്ട് വന്നാല്‍ നിങ്ങളെ ആരും തടുക്കില്ല. എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരിക. ഇവിടെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. രണ്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവസ്ഥ കുറേകൂടി മോശമാവാന്‍ ആണ് സാധ്യത. എത്രയും പെട്ടെന്ന് ആള്‍ക്കാര്‍ ഇവിടെ എത്തി ചേരുക.” തുടങ്ങിയ ആഹ്വാനങ്ങള്‍ ആണ് സന്ദേശത്തിലുള്ളത്.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ ആര്‍.എസ്.എസ്ന്റെ പങ്ക് കുറേകൂടി വ്യക്തമാക്കുന്നതാണ് സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍. ഇന്നലേയും ഇന്നുമായി ഇത്തരം നിരവധി അക്രമണ ആഹ്വാന സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു.
തീര്‍ത്ഥാടകരുടെ വേഷത്തില്‍ ആളെ എത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം മന്ത്രി കടകംപള്ളി സുരേന്ദ്രനും പുറത്ത് വിട്ടിരുന്നു.

Latest Stories