കണ്ണൂര്‍: തളിപ്പറമ്പ് നടുവിലില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പ്രതി കീഴടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മുതിരമല ഷിബുവാണ് തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് കൂടിയായ ഷിബുവിന്റെ വീട്ടിലെ പക്ഷിക്കൂട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് നിലത്ത് വീണു പൊട്ടിയായിരുന്നു കുട്ടികള്‍ക്ക് പരുക്കേറ്റത്. ഷിബുവിന്റെ മകന്‍ എട്ടു വയസുകാരന്‍ എം.എസ്.ഗോകുല്‍, അയല്‍വാസി ശിവകുമാറിന്റെ പന്ത്രണ്ടുവയസുള്ള മകന്‍ കജില്‍ കുമാര്‍ എന്നിവര്‍ക്കായിരുന്നു പരുക്കേറ്റത്. ഈ മാസം 23 നാണ് സംഭവമുണ്ടായത്.
വീടിനോട് ചേര്‍ന്ന് കളിക്കുന്നതിനിടെയായിരുന്നു ബോംബ് പൊട്ടി അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവര്‍ക്കും അരയ്ക്ക് താഴെയാണ് പരുക്കേറ്റത്. അതില്‍ ഗോകുലിന്റെ പരുക്ക് അതീവ ഗുരുതരമാണ്.
പൊലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഷിബുവിന്റെ വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ആയുധങ്ങളും ബോംബ് നിര്‍മിക്കുന്ന വസ്തുക്കളും കണ്ടെടുത്തിരുന്നു. വടിവാളുകളും മഴുവും ലഭിച്ചിരുന്നു. തളിപ്പറമ്പ് ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.