| Thursday, 1st September 2022, 9:42 am

രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംഘപരിവാര്‍, ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നു; കോടതിയില്‍ വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ സംഘപരിവാറാണെന്ന് റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഇത്തരത്തില്‍ വെളിപ്പെടുത്തലുമായി കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയിലെ നാനേന്ദ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ യശ്വന്ത് ഷിന്‍ഡെയാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. 2006ലെ നന്ദേഡ് സ്‌ഫോടനക്കേസില്‍ തന്നെ സാക്ഷിയാക്കണമെന്നും യഥാര്‍ത്ഥ ഗൂഢാലോചകരെ പ്രതിചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് വിചാരണ നടത്തുന്ന കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. പൊലീസും മാധ്യമങ്ങളും സംഘ്പരിവാര്‍ ചെയ്യുന്ന ഭീകരപ്രവര്‍ത്തനങ്ങളെ മുസ്‌ലിങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ആര്‍.എസ്.എസും വി.എച്ച്.പിയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് വേണ്ടിയാണ് ഈ സംഘടനകളിലെ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നേടുന്നതും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും. ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും സത്യവാങ്മൂലത്തില്‍ യശ്വന്ത് കൂട്ടിച്ചേര്‍ക്കുന്നു.

‘ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതലാണ് വിവിധ കേസുകളില്‍ ഒളിവില്‍ പോയവരെല്ലാം തിരികെ വന്നു തുടങ്ങിയത്. കോണ്‍ഗ്രസ് ഭരണകാലത്ത് അവരെല്ലാം വിവിധ കാരണങ്ങളാല്‍ നാടുവിട്ടവരോ ഒളിവില്‍ പോയവരോ ആയിരിക്കും. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടുന്നത് ഇതേ സംഘമാണ്.

രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താന്‍ സംഘപരിവാര്‍ ജമ്മു കശ്മീരിലെ ഹിന്ദുയുവ ഛത്ര പരിഷത്, മഹാരാഷ്ട്രയിലെ ശ്രീറാം സേന എന്നിവരെ സമീപിച്ചിരുന്നു. സംഘപരിവാറിന്റെ ഉദ്ദേശ ശുദ്ധിയെ കുറിച്ച് മനസിലായപ്പോള്‍ ബംഗാളിലെ തപന്‍ ഘോളും, കര്‍ണാടകയിലെ പ്രമോദ് മുത്തലിക്കും പിന്മാറി.’ സത്യവാങ്മൂലത്തില്‍ പറയുന്നു.

തന്റെ നേതൃത്വത്തില്‍ ഏഴുപേരെ കശ്മീരില്‍ സൈനിക പരിശീലനത്തിന് എത്തിച്ചതായും ഇവര്‍ക്ക് മഹാരാഷ്ട്രയിലെ സിനാഗഡില്‍ ബോംബ് സ്‌ഫോടനത്തിന്റെ പരിശീലനം നല്‍കിയതായും യശ്വന്ത് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. നന്ദേഡ് സ്‌ഫോടനത്തില്‍ വി.എച്ച്.പി ദേശീയ സംഘാടകന്‍ മിലിന്ദ് പരന്തെ, 2008ലെ മലേഗാവ് സ്‌ഫോടനത്തില്‍ പ്രതി രാകേഷ് ധവാഡെ, ഹരിദ്വാര്‍ സ്വദേശി രവിദേവ് തുടങ്ങിയവരാണ് പ്രതികളെന്നും യശ്വന്ത് തന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവരെ പ്രതിചേര്‍ക്കണമെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

2004ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് നൂറുകണക്കിന് ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നു. ഇതിന് വേണ്ടി ബോംബ് നിര്‍മാണത്തില്‍ പങ്കെടുത്ത നിരവധി പേരെ താന്‍ പറഞ്ഞ് പിന്തിരിപ്പിച്ചതു കൊണ്ടാണ് അന്ന് സ്‌ഫോടനങ്ങള്‍ നടക്കാതെ പോയതെന്നും ഷിന്‍ഡെ സത്യവാങ്മൂലത്തില്‍ പറയുന്നു. ആര്‍.എസ്.എസ് ക്യാമ്പില്‍ താന്‍ പങ്കെടുത്തതിന്റെ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഷിന്‍ഡെ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഹിന്ദുമതത്തിനകത്ത് ഭീകരത വളര്‍ത്താനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. എനിക്കത് അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിരപരാധികലായ ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കുകയാണ് അവര്‍. ഹിന്ദു മതത്തോടുള്ള സ്‌നേഹമാണ് എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചത്,’ യശ്വന്ത് പറയുന്നു.

ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയെ മുഖത്തടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് യശ്വന്ത് ഷിന്‍ഡെ.

Content Highlight: RSS worker submits affidavit in Maharashtra court says sankha parivar is behind all major attacks in india

We use cookies to give you the best possible experience. Learn more