| Monday, 7th May 2018, 11:53 pm

'കൊന്നത് ആര്‍.എസ്.എസ്'; മാഹിയിലെ അരും കൊലയെ ന്യായീകരിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണൂര്‍ മാഹിയില്‍ സി.പി.ഐ.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊന്നത് ആര്‍.എസ്.എസ് എന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ് ആണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി ശരത് ആണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.   മാഹി പള്ളൂരിലെ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിം അംഗവും മാഹി മുന്‍ കൗണ്‍സിലറായിരുന്ന കണ്ണിപ്പോയില്‍ ബാബുവിന്റെ കൊലപാതകം നടന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് പോസ്റ്റ് വന്നത്. കൊലപാതകത്തില്‍ സന്തോഷം പങ്കുവയ്ക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റ്. ആര്‍.എസ്.എസിന്റെ ബലിദാനികള്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവുമെന്നും പോസ്റ്റിലുണ്ട്.

” ജീവിച്ച് കൊതി തീരും മുന്നെ സംഘ പാതയില്‍ നെഞ്ചുറപ്പോടെ ജീവന്‍ ബലിദാനം ചെയ്ത മാഹി പള്ളൂരിലെ സ്വര്‍ഗീയ വിജിത്തേട്ടന്റെയും , ഷിനോജേട്ടന്റെയും ആത്മാവ് ഇപ്പോള്‍ ദൂരെ എങ്ങോ ഇരുന്ന് പുഞ്ചിരി തൂകുന്നുണ്ടാകും.” – ശരത് പോസ്റ്റ് ചെയ്തു.

https://www.facebook.com/permalink.php?story_fbid=597909193919210&id=100011004036874

പോസ്റ്റില്‍ കൊലപാതകത്തെക്കുറിച്ച് പറയുന്നില്ലെങ്കിലും കൊലപാതകം നടന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് പോസ്റ്റ് പുറത്ത് വന്നത്. കമന്റില്‍ കൊലപാതകത്തെക്കുറിച്ച് തന്നെയാണ് പോസ്റ്റ് എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, കൊന്നത് ആര്‍.എസ്.എസ് തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ശരത്തിന്റെ പോസ്റ്റ് എന്ന് സോഷ്യല്‍മീഡിയ ആരോപിച്ചിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം നേരത്തേ ആരോപിച്ചിരുന്നു. മാഹി പള്ളൂരില്‍ വച്ചാണ് ബാബുവിനെ ഒരു സംഘം വെട്ടിയത്. രാത്രി വീട്ടിലേക്ക് പോവും വഴി പതിയിരുന്ന ആക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രാഷ്ട്രീയ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സമാധാനം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസിന്റെ കൊലക്കത്തി താഴെ വെക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തിലൂടെ തെളിയുന്നതെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റ് പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more