|

അന്ന് തന്നെ മോദിയുടെ ചിത്രം വലിച്ചുകീറിയെറിഞ്ഞു; നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അമിത് ജയ്സ്വാല്‍ കൊവിഡ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അമിത്തിന്റെ കുടുംബം.

മോദി ഭക്തനായിരുന്ന അമിത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ യു.പി സര്‍ക്കാരോ മുഖ്യമന്ത്രി യോഗി ആദിത്യ നാഥോ ഒന്നും ചെയ്തില്ലെന്നും അമിത്തിന്റെ സഹോദരി പറഞ്ഞു.

‘മോദിയേയോ യോഗിയോ പറ്റി ആരെങ്കിലും മോശമായി പറഞ്ഞാല്‍ അവരെ രൂക്ഷമായി വിമര്‍ശിക്കുകയും വേണമെങ്കില്‍ മര്‍ദ്ദിക്കുകയും വരെ ചെയ്യുന്നയാളായിരുന്നു അമിത്. ഗുരുതര നിലയിലായ അമിത്തിനെ കഴിഞ്ഞദിവസമാണ് മഥുരയിലെ ആശുപത്രിയിലെത്തിച്ചത്. ദിവസങ്ങള്‍ക്കകം അദ്ദേഹം മരണപ്പെട്ടു. ജീവിതം മുഴുവന്‍ മോദിയ്ക്കുവേണ്ടി പോരാടിയ അവനോട് എന്താണ് മോദി ചെയ്തത്. ഞങ്ങള്‍ അന്ന് തന്നെ കാറില്‍ അമിത് പതിപ്പിച്ചിരുന്ന മോദിയുടെ ചിത്രം വലിച്ചുകീറി’, അമിത്തിന്റെ സഹോദരി സോനു അല്‍ഗ പറഞ്ഞു.

മെയ് 12നാണ് അമിത് കൊവിഡ് ബാധിച്ച് മരിച്ചത്. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ ഒരു ബെഡിന് വേണ്ടി മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ജയ്സ്വാലിന്റെ അക്കൗണ്ടില്‍ നിന്ന് ബന്ധുക്കള്‍ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ ഇഞ്ചക്ഷനും വേണ്ടിയും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ ഇതും ലഭിച്ചില്ല. പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ചാണ് ഇദ്ദേഹത്തിന്റെ അമ്മയും മരിച്ചത്.

ജയ്സ്വാല്‍ മോദിയുടെ വലിയ ആരാധകനായിരുന്നു. താന്‍ ‘മോദി ഭക്ത’നാണെന്നാണ് ജയ്സ്വാല്‍ സ്വയം പറയാറുള്ളത്. ഇദ്ദേഹത്തിന്റെ വാട്സ് ആപ്പ് ഡി.പിയും മോദിയുടെ ചിത്രമായിരുന്നു. ജയ്സ്വാലിന്റെ ചികിത്സയ്ക്ക് മോദി ഇടപെടുമെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അവസാനം വരെ കരുതിയിരുന്നത്.

കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. ഓക്സിജന്‍ ക്ഷാമം മൂലം നിരവധി കൊവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യവും യു.പിയില്‍ ഉണ്ടായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: RSS Worker Amit Jaiswal’s Family Slams Narendra Modi