ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് ആര്‍.എസ്.എസ്
Sabarimala women entry
ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th September 2018, 9:20 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് ആര്‍.എസ്.എസ്. ജാതി, ലിംഗ ഭേദമില്ലാതെ ഭക്തജനങ്ങള്‍ക്കെല്ലാം ക്ഷേത്രങ്ങളില്‍ തുല്യ അവകാശമാണുള്ളതെന്ന് ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി പറഞ്ഞു.

“ആചാര പരിഷ്‌കരണം സമൂഹത്തെ ഭിന്നിപ്പിക്കരുത്.”

വിവിധ അഭിപ്രായങ്ങളെ സമന്വയിപ്പിക്കുന്നതിനാവശ്യമായ സാവകാശവും ബോധവല്‍കരണവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിധിയില്‍ സമ്മിശ്രപ്രതികരണവുമായായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സമന്വയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കണമെന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്.

ALSO READ: ഇന്തോനേഷ്യയിലെ വലിയ തിരമാലകള്‍ സുനാമി തന്നെ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ആരാധനാ രംഗത്ത് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി പരിഗണിക്കണം എന്നാണ് ബി.ജെ.പി ദേശീയതലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“വിധി വായിച്ചശേഷം ബി.ജെ.പി വിശദമായി പ്രതികരിക്കും. ആരാധനാ രംഗത്ത് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി പരിഗണിക്കണം എന്നാണ് ബി.ജെ.പി ദേശീയതലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍ വിശ്വാസത്തെ ബലപ്പെടുത്തണം. വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല. ഇക്കാരണത്താല്‍ കോടതിവിധിയോട് സമ്മിശ്രമായി പ്രതികരിക്കാനേ ഇപ്പോള്‍ കഴിയൂ.”

ആരാധന സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരും ആചാര്യന്‍മാരുമാണ്. അവരുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കണം. എടുത്തുചാടി സര്‍ക്കാര്‍ ഒന്നും ചെയ്യരുത്. വിശ്വാസത്തിന് കോട്ടം വരാന്‍ പാടില്ലാത്തതിനൊപ്പം സ്ത്രീ സമത്വം ഉണ്ടാകണം. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത എത്രയോ ആരാധനാലയങ്ങള്‍ മറ്റു സമുദായങ്ങളിലുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

WATCH THIS VIDEO: