| Wednesday, 28th December 2016, 9:16 pm

കേരളത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് ആയുധ പരിശീലനം നടത്തുന്നതിന്റെ തെളിവുകള്‍ പുറത്ത്; പങ്കെടുക്കുന്നത് 13 വയസുമുതലുള്ളവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഒരോ ജില്ലയിലും രണ്ട് ക്യാമ്പുകള്‍ വീതമാണ് ആര്‍.എസ്.എസ് ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക ശിക്ഷണ ശിബിരം എന്നാണ് ക്യാമ്പുകള്‍ക്ക് ആര്‍.എസ്.എസ് നല്‍കിയിരിക്കുന്ന പേര്.


കണ്ണൂര്‍: കേരളത്തിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് ആയുധ പരിശീലനം നടത്തുന്നതിന്റെ തെളിവുകള്‍ പുറത്ത്. പുലര്‍ച്ചെ രഹസ്യമായിട്ടാണ് പരീശീലനം നടക്കുന്നത്. 13 വയസിന് മുകളിലേക്കുള്ള കുട്ടികളടക്കം ക്യാമ്പുകളില്‍ ആയുധ പരിശീലനത്തില്‍ പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ നടന്നുവരുന്ന ആര്‍.എസ്.എസ് ക്യാമ്പുകളിലെ ആയുധ പരിശീലനത്തിന്റെ തെളിവുകള്‍ പുറത്ത്‌കൊണ്ടു വന്നത് കൈരളി പീപ്പിള്‍ ചാനലാണ്. ഒരോ ജില്ലയിലും രണ്ട് ക്യാമ്പുകള്‍ വീതമാണ് ആര്‍.എസ്.എസ് ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക ശിക്ഷണ ശിബിരം എന്നാണ് ക്യാമ്പുകള്‍ക്ക് ആര്‍.എസ്.എസ് നല്‍കിയിരിക്കുന്ന പേര്.

സ്‌കൂള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ആര്‍.എസ്.എസ് നേതൃത്വം വിവിധ ഇടങ്ങളില്‍ അവധിക്കാലത്ത് ആയുധപരിശീലനത്തിനായി സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നത്. വ്യക്തിത്വ വികസനത്തിന് വേണ്ടിയുള്ള ക്ലാസുകളാണ് നടത്തുന്നത് എന്നാണ് പുറത്ത് നടത്തുന്ന പ്രചരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിസ്മസ് അവധിക്കാലമാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പകല്‍ സാധാരണ ക്ലാസുകളാണ് നടത്തുന്നത്. എന്നാല്‍ പുലരുംമുമ്പേ ആയുധപരിശീലനവും മറ്റും നടത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു ക്യാമ്പില്‍ നൂറോളം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ മാത്രം നാല് ആയുധ പരിശീലന ക്യാമ്പുകളുണ്ട്. കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാണ് ക്യാമ്പിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധ പരിശീലനം നടത്തുന്ന ഇടം പ്രത്യേകമായി തുണി കെട്ടി മറച്ചിട്ടുണ്ട്. ഇവിടെ വച്ചാണ് ആയുധ പരിശീലനം നല്‍കുന്നത്.

എല്ലാ കേന്ദ്രങ്ങളിലും ക്യാമ്പിനും ആയുധ പരിശീലനത്തിനും കനത്ത കാവലാണ് ആര്‍.എസ്.എസ് നേതൃത്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 24 മുതലാണ് ഇത്തവണ ക്യാമ്പുകള്‍ തുടങ്ങിയത്. ജനുവരി ഒന്ന് വരെ ഇവ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിവിധ തരം ആയോധനമുറകളും ആയുധ പരിശീലന ക്യാമ്പുകളില്‍ പരിശീലിപ്പിക്കുന്നുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന നീളമുള്ള വടിയായ ദണ്ഡ ഉപയോഗിച്ച് ആക്രമിക്കുന്നതിനാണ് പ്രധാനമായും പരിശീലനം നല്‍കുന്നതെന്നും വ്യത്യസ്ത സാഹചര്യങ്ങളില്‍ കൈകാലുകള്‍ ഉപയോഗിച്ച് ശരീരത്തിലെ മര്‍മ്മ ഭാഗങ്ങളില്‍ ആക്രമിക്കാനും പരിശീലനം നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


“ആക്രമിക്കലാണ് നല്ല പ്രതിരോധം” എന്നാണ് സംസ്ഥാനത്ത് ആര്‍.എസ്.എസ് നടത്തുന്ന ആയുധ പരീശീലന ക്യാമ്പിന്റെ പ്രധാന മുദ്രാവാക്യം. ക്യാമ്പ് അംഗങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ പുസ്തകത്തിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ കണ്ണൂര്‍ ജില്ലയിലെ മൂന്നു സ്‌കൂളുകളില്‍ ആര്‍.എസ്.എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന ആരോപണവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. സ്‌കൂളുകളുടെ പേരെടുത്ത് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ജയരാജന്‍ പരാതിയുമായി രംഗത്തെത്തിയത്.


നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം, തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുന്നതായി ജയരാജന്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജന്‍സ് എ.ഡി.ജി.പിക്കും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും അദ്ദേഹം പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസിന്റെ ആയുധ പരിശീലനം സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്.

ആര്‍.എസ്.എസിന്റെ ആയുധ പരിശീലനത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more