തിരുവനന്തപുരം: ബി.ജെ.പി ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിനെ കേരളത്തിന്റെ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന് ആര്‍.എസ്.എസ്. അല്ലാത്തപക്ഷം ആര്‍.എസ്.എസ് നിയോഗിച്ചിട്ടുള്ള സംഘടനാ സെക്രട്ടറിമാരെ ബി.ജെ.പിയില്‍നിന്ന് പിന്‍വലിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ ഒരുവിഭാഗത്തിന് പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ഒത്താശകള്‍ ചെയ്യുന്നത് സന്തോഷ് ആണെന്നാണ് ആര്‍.എസ്.എസിന്റെ ആക്ഷേപം. സംഘടനയോട് ആലോചിക്കാതെ കുമ്മനം രാജശേഖരനെ മാറ്റണമെന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയതും സന്തോഷ് ആണെന്ന് ആര്‍.എസ്.എസ് ആരോപിക്കുന്നു.
ALSO READ: കൈക്കൂലി വാങ്ങുന്നതിനിടയില്‍ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു
കര്‍ണാടകക്കാരനായ ആര്‍.എല്‍ സന്തോഷ് ആറുവര്‍ഷമായി കേരളത്തിന്റെ ചുമതല വഹിക്കുന്നുണ്ട്. വി.മുരളീധരന്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷനായിരിക്കുമ്പോഴാണ് സന്തോഷ് ചുമതലയേറ്റെടുക്കുന്നത്.
സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ എന്നപേരില്‍ സന്തോഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച പാലക്കാട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. കെ സുരേന്ദ്രന്‍ മാത്രമാണ് എത്തിയത്. ബാക്കിയുള്ളവരെ ആര്‍.എസ്.എസ് നേതൃത്വം പിന്തിരിപ്പിക്കുകയായിരുന്നു.
പിന്നീട് ചെങ്ങന്നൂരില്‍ വിളിച്ചയോഗത്തില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമാണ് ചര്‍ച്ച ചെയ്തത്. അധ്യക്ഷന്റെ കാര്യം അടുത്ത മാസം കേരളത്തിലെത്തുന്ന ദേശീയ പ്രസിഡന്റ് അമിത് ഷാ തീരുമാനിച്ചാല്‍ മതിയെന്ന് ആര്‍.എസ്.എസ് നിര്‍ദേശിക്കുകയായിരുന്നു.
വിഭാഗീയതയ്ക്കും നേതാക്കളുടെ വഴിവിട്ട ജീവിതത്തിനും കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് രണ്ട് ജില്ലകളിലെ വിഭാഗ് പ്രചാരകരെ ആര്‍എസ്എസ് സ്ഥലംമാറ്റി. തിരുവനന്തപുരത്തുനിന്ന് കിരണ്‍, പാലക്കാട്ടുനിന്ന് മഹേഷ് എന്നിവരെയാണ് മാറ്റിയത്. ആദ്യമായാണ് ആര്‍.എസ്.എസില്‍ “പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍” നടപ്പാക്കുന്നത്.
പത്തനംതിട്ടയില്‍ നടക്കുന്ന ആര്‍.എസ്.എസ് സംസ്ഥാന ഭാരവാഹി യോഗത്തിന്റേതാണ് തീരുമാനം. കേരളത്തിന്റെ ചുമതലകളില്‍നിന്ന് സംഘടനാ ജനറല്‍ സെക്രട്ടറി എല്‍ ഗണേശന്‍, സഹ.സംഘടനാ സെക്രട്ടറി കെ സുഭാഷ് എന്നിവരെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതിനുശേഷം സംസ്ഥാന ബി.ജെ.പി നാഥനില്ലാത്ത അവസ്ഥയിലാണ്. ഒരു മാസത്തിലേറെയായിട്ടും പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തിട്ടില്ല.
നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ യ്ക്കെതിരെ പരാതിപ്രവാഹവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന അമിത് ഷായ്ക്ക് നേരേയാണ് പരാതികളുമായി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്.
തിങ്കളാഴ്ച വൈകിട്ട് കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തെപ്പറ്റി അമിത് ഷാ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് താഴെയാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.