| Thursday, 7th June 2018, 11:05 am

കഠ്‌വ സംഭവം; കെ.പി രാമനുണ്ണിയുടെ ശയനപ്രദക്ഷിണം ഹിന്ദുസംഘടനകള്‍ തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കശ്മീരിലെ കഠ്‌വയില്‍ ക്ഷേത്രത്തില്‍ വച്ച് എട്ടുവയസ്സുകാരി ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായശ്ചിത്തമെന്നോണം എഴുത്തുകാരന്‍ കെ.പി രാമനുണ്ണി നടത്തിയ ശയനപ്രദക്ഷിണം ഹിന്ദു സംഘടനകള്‍ തടഞ്ഞു.

ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മ ചൈതന്യക്കൊപ്പം കണ്ണൂര്‍ ചിറക്കലിലെ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു ഇന്ന് പ്രായശ്ചിത്ത ശയനപ്രദക്ഷിണം നടത്തിയത്.

ക്ഷേത്രത്തിലെത്തി കെ.പി രാമനുണ്ണി ശയനപ്രദക്ഷിണം തുടങ്ങിയതോടെ വി.എച്ച്.പി, ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അവിടെ എത്തുകയും ശയന പ്രദക്ഷിണം തടയുകയുമായിരുന്നു.

സി.പി.ഐ.എം സ്‌പോണ്‍സേര്‍ഡ് പരിപാടിയാണ് ഇതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞാണ് പ്രവര്‍ത്തകര്‍ എത്തിയത്. രാമനുണ്ണിയെ ശയനപ്രദക്ഷിണം നടത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. ഇതോടെ പകുതിയോളം ദൂരം ശയനപ്രദക്ഷിണം നടത്തിയ കെ.പി രാമനുണ്ണി അത് അവസാനിപ്പിച്ച് മടങ്ങി.


Dont Miss മാതാപിതാക്കള്‍ക്കാണ് ചികിത്സ വേണ്ടത്; കെവിനെ കൊന്നവരുടെ സംരക്ഷണം തനിക്ക് വേണ്ടെന്ന് നീനു


എന്നാല്‍ തന്നെയാരും തടഞ്ഞില്ലെന്നും തന്റെ പ്രതിഷേധം താന്‍ രേഖപ്പെടുത്തിക്കഴിഞ്ഞെന്നും കെ.പി രാമനുണ്ണി പ്രതികരിച്ചു.

കേരള സാംസ്‌കാരിക സംഘമായിരുന്നു പ്രായശ്ചിത്ത ശയനപ്രദക്ഷിണ പരിപാടിയുടെ സംഘാടകര്‍. ഇന്ത്യയുടെ നിലനില്‍പ്പിന് രാജ്യത്തിന്റെ ബഹുസ്വരതയും മതസൗഹാര്‍ദവും നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ ഹിന്ദു വിശ്വാസികളുടെ പ്രാര്‍ത്ഥനാ സ്ഥലത്തുവച്ച് ഒരു മുസ്‌ലിം പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിന് പ്രായശ്ചിത്തമായി എല്ലാ വിശ്വാസികളും തങ്ങള്‍ക്കൊപ്പം ചേരണമെന്നും ഇവര്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

ശ്രീരാമകൃഷ്ണ പരമഹംസര്‍, ശ്രീനാരായണ ഗുരു, വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി എന്നിവര്‍ ഉയര്‍ത്തിയ ഹിന്ദു വിശ്വാസമാണ് തങ്ങള്‍ പിന്തുണടരുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പരിപാടിക്കെതിരെ ഇടതു ബുദ്ധിജീവികേന്ദ്രങ്ങളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫാഷിസത്തിനെതിരായ പ്രതിരോധങ്ങളെ ഹൈന്ദവതയുടെ ഉപകരണങ്ങളുപയോഗിച്ചു പിടിച്ചെടുത്ത് ഹിന്ദുത്വത്തിന്റെ പാളയത്തില്‍ തന്നെ എത്തിക്കാനുള്ള നീക്കമാണിതെന്നും ശുദ്ധബ്രാഹ്മണിസത്തെ തിരിച്ചു കൊണ്ടുവരാനുള്ള വിഫലശ്രമം മാത്രമാണിതെന്നുമുള്ള വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

We use cookies to give you the best possible experience. Learn more