| Monday, 15th May 2017, 8:53 am

ആര്‍.എസ്.എസുകാര്‍ അടിച്ച് തകര്‍ത്ത ആശുപത്രിയും ആംബുലന്‍സും ട്വിറ്ററില്‍ എത്തിയപ്പോള്‍ സി.പി.ഐ.എം ഭീകരത; വ്യാജ പ്രചരണവുമായ് ബി.ജെ.പി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. കേരളത്തില്‍ ഏകപക്ഷീയമായി സി.പി.ഐ.എം ആക്രമണങ്ങള്‍ അഴിച്ച് വിടുന്നതായ് നേരത്തെ ദേശീയ തലത്തില്‍ ആരോപിക്കുന്ന ബി.ജെ.പി ഈ കൊലപാതകവും രാഷ്ട്രീയ ആയുധമാക്കി പ്രചരണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.


Also read ‘എന്റെ നന്മയ്ക്ക് വിലയിടാനാവില്ല’; കളഞ്ഞു കിട്ടിയ 40പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും ഉടമസ്ഥനെ ഏല്‍പ്പിച്ച് ബംഗാളി യുവാവ് 


കൊലപാതകത്തിന് പിന്നാലെ പയ്യന്നൂരില്‍ സി.പി.ഐ.എം ആഹ്ലാദ പ്രകടനം നടത്തിയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെ പ്രസ്താവനയും വീഡിയോയുമാണ് ഈ വിഷയത്തില്‍ ആദ്യം ചര്‍ച്ചയായത്. എന്നാല്‍ ഇത് ആഹ്ലാദ പ്രകടനമാണോയെന്നും ആണെങ്കില്‍ എവിടെ നടന്നതാണെന്നും വ്യക്തമാക്കാന്‍ കുമ്മനം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

സി.പി.ഐ.എം ഇത്തരത്തില്‍ പ്രകടനം നടത്തിയിട്ടില്ലെന്ന ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാദത്തെ ഖണ്ഡിക്കാനെങ്കിലും കുമ്മനം ഇത് എവിടെ നടന്നതാണെന്ന് വ്യക്തമാക്കേണ്ടതായിരുന്നെങ്കിലും അതിന് ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല. അതിന് ശേഷവും “സി.പി.ഐ.എം ക്രൂരത” യെന്ന പേരില്‍ ബി.ജെ.പി അനുകൂല കേന്ദ്രങ്ങളില്‍ നിന്ന് കുപ്രചരണങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തുടരുകയായണ് ചെയ്യുന്നത്.

ഹര്‍ത്താല്‍ ദിനത്തില്‍ ഗുരുതര പരുക്കേറ്റ രോഗിയുമായ് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് എത്തിയ പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തകര്‍ത്തും, പരിയാരം മെഡിക്കല്‍ കോളേജിന്റെ ചില്ലുകള്‍ തകര്‍ത്തതും ഡൂള്‍ ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ശനിയാഴ്ച തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ശനിയാഴ്ചയുണ്ടായ അക്രമണങ്ങള്‍ സി.പി.ഐ.എം നടത്തിയതെന്ന പേരില്‍ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. കൊലപാതകത്തിന് ശേഷവും കലിയടങ്ങാത്ത സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആശുപത്രിയും ആംബുലന്‍സും തകര്‍ത്തെന്നാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബി.ജെ.പി ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

എന്‍.ഡി.എ സംസ്ഥാന ഉപാധ്യക്ഷനും എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ട്വീറ്റും റീ ട്വീറ്റുകളുമായ് പ്രചരണങ്ങള്‍ നടക്കുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തകര്‍ത്ത ആംബുലന്‍സിന്റെ ദൃശ്യങ്ങളാണ് സി.പി.ഐ.എം ഭീകരത എന്ന പേരില്‍ ഇവര്‍ പ്രചരിപ്പിക്കുന്നതും.


Dont miss ബംഗാളിലെ പ്രാദേശിക തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിക്കാരുടെ അതിക്രമം; പോളിംഗ് ബൂത്തുകള്‍ക്ക് നേരെ ബോംബെറിഞ്ഞു, വോട്ടിംഗ് യന്ത്രങ്ങള്‍ തകര്‍ത്തു 


ബി.ജെ.പി അനുകൂല ട്വിറ്റര്‍ ഹാന്റ്ലിംഗായ ജയകൃഷ്ണന്‍(@സവര്‍ക്കര്‍5200) എന്ന ഐഡിയാണ് ആര്‍.എസ്.എസ് തകര്‍ത്ത ആംബുലന്‍സ് ദൃശ്യങ്ങള്‍ സി.പി.ഐ.എമ്മിന്റെ പേരില്‍ ഇട്ടിരിക്കുന്നത്. രാജ്യത്തെ തന്നെ പ്രധാന സംഘപരിവാര്‍ ട്വിറ്റര്‍ അക്കൗണ്ടായ ഇതില്‍ ഇരുപത്തിയയ്യായിരത്തിലധികം ട്വീറ്റുകള്‍ ഇതിനകം ചെയ്തിട്ടുണ്ട്.

ബി.ജെ.പി പ്രവര്‍ത്തകന്‍ ബിജുവിന്റെ ശവസംസ്‌കാരത്തിന് മുന്‍പ് തന്നെ, മാര്‍ക്സിസ്റ്റുകാര്‍ ആശുപത്രി ആക്രമിച്ചുവെന്നാണ് ട്വീറ്റിലുള്ളത്. ബിജുവിന്റെ ശരീരം കൊണ്ടുപോയ ആംബുലന്‍സ് തകര്‍ത്തിട്ടിരിക്കുന്നുവെന്ന് കുറിപ്പോടെ ആംബുലന്‍സിന്റെ ചിത്രങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്. അക്രമങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയായിരുന്നുവെന്നും ട്വീറ്റ് ആരോപിക്കുന്നു.

ഈ ടീറ്റിലാണ് രാജീവ് ചന്ദ്രശേഖറുള്‍പ്പെടെയുള്ളവര്‍ റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജും ആംബുലന്‍സും ആര്‍.എസ്.എസുകാര്‍ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃക്കരിപ്പൂരിലെ അബ്ദുറഹിമാന്‍ എന്നയാളെയും കൊണ്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ്, മെഡിക്കല്‍ കോളേജിന്റെ കാഷ്വലിറ്റിക്ക് മുന്നിലെത്തിയപ്പോഴാണ് അക്രമം നടന്നത്.

അന്താരാഷ്ട്ര ചികിത്സാസംവിധാനമായ ട്രയാജ് സിസ്റ്റത്തിലെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന കാഷ്വാലിറ്റിയിലെ റെഡ്ലൈന്‍ ഏരിയായിലാണ് ആക്രമണമുണ്ടായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.


You must read this നരേന്ദ്രമോദിയുടെ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ മുസ്‌ലിം വനിതയുടെ തട്ടമിടാത്ത ചിത്രങ്ങള്‍ പുറത്ത്; ചോദ്യശരങ്ങളുമായി സമൂഹമാധ്യമങ്ങള്‍ 


അക്രമത്തില്‍ ആന്തരിക രക്തസ്രാവം ഉള്‍പ്പടെ എളുപ്പം കണ്ടെത്തുന്നതിനുള്ള കാഷ്വലിറ്റിയിലെ അത്യാധുനിക യു.എസ്.ജി മെഷീന് കേടുപാട് സംഭവിച്ചിരുന്നു. 25 ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഈ മെഷീന്‍. കാഷ്വാലിറ്റിക്കു മുന്നിലെ ഗ്ലാസുകളും ആക്രമികള്‍ തകര്‍ത്തുവെന്നും ഹര്‍ത്താല്‍ അനുകൂലികളാണ് അക്രമണത്തിനുപിന്നിലെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ചിത്രങ്ങളാണ് കൊലപാതകത്തിന് ശേഷവും അക്രമം എന്ന പേരില്‍ സംഘപരിവാറുകാര്‍ ദേശീയ തലത്തില്‍ വ്യാജ പ്രചരണത്തിനായ് ഉപയോഗിക്കുന്നത്.

We use cookies to give you the best possible experience. Learn more