| Wednesday, 11th July 2018, 12:35 pm

ആര്‍.എസ്.എസ് മുസ്‌ലിമിന്റെ യഥാര്‍ത്ഥ സുഹൃത്ത്: അയോധ്യയിലെ ഖുര്‍ആന്‍ പാരായണം സാഹോദര്യത്തിന്റെ സന്ദേശമെന്ന് രാഷ്ട്രീയ മുസ്‌ലിം മഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സരയൂ നദിക്കരയില്‍ നിസ്‌കാരവും ഖുര്‍ആന്‍ പാരായണവും നടത്താനൊരുങ്ങി ആര്‍.എസ്.എസിന്റെ മുസ്‌ലിം ഘടകമായ രാഷ്ട്രീയ മുസ്‌ലിം മഞ്ച്. ജൂലായ് 12ന് നടക്കാനിരിക്കുന്ന നമാസ് അയോധ്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതാണ്. ഹിന്ദുമത വിശ്വാസികള്‍ക്കൊപ്പം ആയിരത്തഞ്ഞൂറോളം മുസ്‌ലിം മതപണ്ഡിതരും പങ്കെടുക്കുന്ന ചടങ്ങ് ആര്‍.എസ്.എസിന്റെ മുസ്‌ലിം വിരുദ്ധ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

മതപുരോഹിതര്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണത്തിന്റെ ഭാഗമായി സരയൂ നദിക്കരയിലുള്ള രാം കി പൈഥി ഘട്ടില്‍ വച്ച് മതഗ്രന്ഥത്തില്‍ നിന്നുള്ള വാക്യങ്ങള്‍ അഞ്ചു ലക്ഷം തവണ ഉരുവിടും. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവയ്ക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശലക്ഷ്യം എന്ന് സംഘാടകര്‍ പറയുന്നു.


Also Read: സ്വവര്‍ഗ്ഗാനുരാഗ വിധിയിൽ നിലപാടില്ലാതെ കേന്ദ്ര സര്‍ക്കാര്‍; തീരുമാനം കോടതിക്ക് വിട്ടു


“മുസ്‌ലിങ്ങള്‍ക്ക് തങ്ങളുടെ മതാചാരപ്രകാരം ജീവിക്കാനുള്ള അവകാശം അയോധ്യയിലില്ലെന്നത് തീര്‍ത്തും തെറ്റായ ധാരണയാണ്. ആര്‍.എസ്.എസ്. മുസ്‌ലിം മതവിഭാഗത്തിനെതിരാണെന്നുള്ളതും ഇതുപോലെയുള്ള മറ്റൊരു തെറ്റിദ്ധാരണ മാത്രമാണ്. ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഒരുപോലെ ജീവിക്കാനാകുന്ന ഒരിടമാണ് അയോധ്യയെന്ന സന്ദേശം നല്‍കാനാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. മുസ്‌ലിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്താണ് ആര്‍.എസ്.എസ്. ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഒരേ ഡി.എന്‍.എയാണ് ഉള്ളത്.” മുസ്‌ലിം മഞ്ച് നേതാവ് ശബാന ആസ്മി പറയുന്നു.


Also Read: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രനീക്കം


രാമ ജന്മഭൂമിയെക്കുറിച്ചുള്ള തര്‍ക്കം നടക്കുന്നതിനിടയിലും സാഹോദര്യത്തിനായി പ്രാര്‍ത്ഥിക്കാനാണ് പുരോഹിതര്‍ ഒത്തു കൂടുന്നതെന്ന് കണ്‍വീനറായ മഹിര്‍ധ്വാജും പറയുന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെയും പിന്തുണയോടെയാണ് ചടങ്ങു നടക്കുക. ആദിത്യനാഥിന്റെ ക്യാബിനറ്റ് മന്ത്രി ലക്ഷ്മി നാരായണും ആര്‍.എസ്.എസ് നേതാവ് മുരാരിദാസും ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.

We use cookies to give you the best possible experience. Learn more