ആര്‍.എസ്.എസുമായി ബന്ധമുള്ളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയാവില്ലെന്ന് മക്ക മസ്ജിദ് സ്‌ഫോടനക്കേസ് ജഡ്ജി
Mecca Masjid bomb blast case
ആര്‍.എസ്.എസുമായി ബന്ധമുള്ളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയാവില്ലെന്ന് മക്ക മസ്ജിദ് സ്‌ഫോടനക്കേസ് ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd April 2018, 11:05 am

 

ഹൈദരാബാദ്: ആര്‍.എസ്.എസുമായി ബന്ധമുളളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയാവില്ലെന്ന് മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പരിഗണിച്ച ജഡ്ജി കെ. രവീന്ദര്‍ റെഡ്ഡി.

“ആര്‍.എസ്.എസിനോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്നതുകൊണ്ട് മാത്രം ആരും വര്‍ഗീയവാദിയോ, സാമൂഹ്യവിരുദ്ധനോ ആവില്ല” എന്നാണ് രവീന്ദര്‍ റെഡ്ഡി പറഞ്ഞത്. കേസില്‍ പ്രതികള്‍ക്കെതിരെ സി.ബി.ഐ ശേഖരിച്ച തെളിവുകളും എന്‍.ഐ.എയുടെ വാദങ്ങളും വിശ്വാസ്യയോഗ്യമല്ലെന്നും അദ്ദേഹം വിധിന്യായത്തില്‍ പറയുന്നു.


Also read: ഒമ്പതുവയസുകാരിയെ ട്രെയിനില്‍ ലൈംഗികമായി പീഡിപ്പിച്ചു; ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അഭിഭാഷകന്‍ അറസ്റ്റില്‍


ആര്‍.എസ്.എസ് പ്രചാരകനാണ് എന്നതുകൊണ്ട് മാത്രം ദവീന്ദര്‍ ഗുപ്ത വര്‍ഗീയവാദിയാണെന്ന് സംശയലേശമന്യേ പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിക്കുന്നു. “ആര്‍.എസ്.എസ് നിരോധിത സംഘടനയല്ല. ഏതെങ്കിലും വ്യക്തി അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്നത് അയാളെ വര്‍ഗീയവാദിയോ സാമൂഹ്യവിരുദ്ധനോ ആക്കാനുളള കാരണമല്ല.” 140 പേജുള്ള ജഡ്ജ്‌മെന്റില്‍ അദ്ദേഹം പറയുന്നു.

ചഞ്ചല്‍ഗുണ്ട ജയിലില്‍ അസീമാനന്ദയും മക്ബൂര്‍ ബിന്‍ അലിയും ഷെയ്ക്ക് അബ്ദുള്‍ കലീമുമായുള്ള സംഭാഷണത്തിന്റെ കാര്യത്തില്‍ “കോടതിക്കു പുറത്തുള്ള കുറ്റസമ്മതം തെറ്റാണ്” എന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്.

“മക്ബൂല്‍ നല്‍കിയ മൊഴി വിശ്വാസ്യയോഗ്യമല്ല എന്നാണ് കോടതി കണ്ടെത്തിയത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ കലീമിനെ സി.ബി.ഐ ഓഫീസര്‍ രാജ ബാലാജി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കുകയും ചെയ്തിരുന്നു. കലീം പൊലീസ് നിരീക്ഷണവലയത്തിലായിരുന്നു. അതേസമയം തന്നെ അസീമാനന്ദ ചഞ്ചല്‍ഗുണ്ട ജയിലിലുളള സമയത്ത് കലീം അവിടെയുണ്ടായിരുന്നുവെന്നതിന് ഡോക്യുമെന്ററി തെളിവ് ഇല്ല.” എന്നും ഉത്തരവില്‍ പറയുന്നു.


Must Read: കുറ്റിക്കാട്ടില്‍ നവജാതശിശുവിനെ കൊന്നു തള്ളിയ സംഭവം: മാതാവ് അറസ്റ്റില്‍; രണ്ടാമതൊരു കുട്ടി വേണ്ടാത്തതിനാലാണ് കൊല നടത്തിയത്


 

2010 ഡിസംബര്‍ 18ന് ദല്‍ഹി ജഡ്ജിനു മുമ്പാകെ അസീമാനന്ദ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ച് ജഡ്ജി രവീന്ദര്‍ റെഡ്ഡി പറയുന്നത് “എവിഡന്‍സ് ആക്ട് സെക്ഷന്‍ 26 പ്രകാരമാണ് അസമീനന്ദയുടെ ദല്‍ഹിയിലെ കുറ്റസമ്മതം. പൊലീസ് കസ്റ്റഡി വേളയില്‍ റെക്കോര്‍ഡ് ചെയ്ത അസീമാനന്ദയുടെ കുറ്റസമ്മതമൊഴി സ്വമേധയാ ഉള്ളതല്ലയെന്നതാണ് കോടതിയുടെ നിലപാട്” എന്നാണ്.

മക്ക മസ്ജിദ് കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധി പ്രസ്താവത്തിനു പിന്നാലെ ജഡ്ജി രവീന്ദര്‍ റെഡ്ഡി രാജിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹം കഴിഞ്ഞദിവസം വീണ്ടും ജോലിയില്‍ തിരിച്ചെത്തിയിരുന്നു.