ലക്‌നൗ: യു.പിയില്‍ കൊവിഡ് ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വിതരണം ചെയ്യാനായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്‍.ജി.ഒകളും എത്തിക്കുന്ന ഭക്ഷണം ആര്‍.എസ്.എസ് അതിക്രമിച്ച് എടുത്തുകൊണ്ട് പോവുകയാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. തട്ടിയെടുക്കുന്ന ഭക്ഷണം പിന്നീട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആര്‍.എസ്.എസ് വിതരണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ജനങ്ങളെല്ലാവരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കേണ്ടതിന് പകരം ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്തെ കമ്മ്യൂണിറ്റി കിച്ചണും ആര്‍.എസ്.എസ് സ്റ്റോര്‍ റൂമുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ലാതായിരിക്കുകയാണ്. സന്നദ്ധ സംഘടനകളും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറാക്കുന്ന ഭക്ഷണം തട്ടിയെടുത്ത് മോദിയുടെ പാക്കറ്റ് എന്ന പേരില്‍ ബി.ജെ.പി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് ആര്‍.എസ്.എസ് ചെയ്തുകൊണ്ടിരിക്കുന്നത്’, അഖിലേഷ് പറഞ്ഞു.
രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആര്‍.എസ്.എസിന് എങ്ങനെയാണ് കുത്തുംഭ് ശാഖകള്‍ നടത്താനാവുന്നത്?. സംഘ്പരിവാറിന്റെ അജണ്ടകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മാത്രമായിട്ടാണോ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘രാജ്യമൊന്നാകെ മഹാമാരിക്കെതിരെ പൊരുതുകയും ലോകഡൗണിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത പ്രസ്താവനകള്‍ നടത്തി ഇവിടെ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മാതൃകകളെല്ലാം കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. തൊഴിലാളികളെയും പാവപ്പെട്ടവരെയും തിരിഞ്ഞ് നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല’,യോഗി സര്‍ക്കാരിനെതിരെ അഖിലേഷ് ആഞ്ഞടിച്ചു.