ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന് പൊതുജനങ്ങളുടെ പിന്തുണയുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിന് തിരിച്ചടിയായി ആര്‍.എസ്.എസിന്റെ സാമ്പത്തിക സര്‍വ്വേ. നോട്ടുനിരോധനം രാജ്യത്തെ ഇടത്തരം ചെറുകിട വ്യവസായ സംരംഭങ്ങളെ ഗുരുതരമായി ബാധിച്ചെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്.
നോട്ടുനിരോധനം തങ്ങളുടെ ബിസിനസിനെ ബാധിച്ചെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 70% ആളുകളും അഭിപ്രായപ്പെട്ടത്. തങ്ങളുടെ ഉല്പന്നങ്ങളുടെ വില്പനയെ നോട്ടുനിരോധനം ഗുരുതരമായി ബാധിച്ചെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. കടംതിരിച്ചുകിട്ടുന്നതും മന്ദഗതിയിലായതായി 60% പേര്‍ പ്രതികരിച്ചു.
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ചെറുകിട വ്യവസായികളുടെ സംഘടനയായ ലഘു ഉദ്യോഗ് ഭാരതിയാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേ ഫലം ബുധനാഴ്ച സര്‍ക്കാറിനു കൈമാറിയിട്ടുണ്ട്.
നോട്ടുനിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പൊതുജനങ്ങളുടെ പിന്തുണയുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിന് വലിയ തിരിച്ചടിയാണ് ആര്‍.എസ്.എസ് അനുകൂല സംഘടനയുടെ സര്‍വ്വേ റിപ്പോര്‍ട്ട്.
നോട്ടുനിരോധനം മൂലമുണ്ടായ നോട്ടുക്ഷാമം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അത് അടച്ചുപൂട്ടലുകള്‍ക്ക് വഴിവെക്കുമെന്നും സര്‍വ്വേ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
Also Read:നോട്ട് നിരോധനം ബാധിച്ചത് 40 കോടി തൊഴിലാളികളെ: ആം ആദ്മി പാര്‍ട്ടി
സര്‍ക്കാര്‍ തീരുമാനം അഴിമതിയില്ലാതാക്കുമെന്ന കേന്ദ്രത്തിന്റെ വാദത്തിനും സര്‍വ്വേയില്‍ പിന്തുണലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതിക്ക് നവംബര്‍ എട്ടിനുശേഷം യാതൊരു കുറവുമുണ്ടായതായി കണ്ടിട്ടില്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്.
നോട്ട് ഇടപാടുകളില്‍ നിന്നും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറാനുള്ള മോദിയുടെ ആഹ്വാനത്തിനും വലിയ സ്വീകാര്യത ലഭിച്ചിട്ടില്ലെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. 50% പേരും പറഞ്ഞത് പെട്ടെന്നുള്ള മാറ്റം സാധ്യമല്ല എന്നാണ്. 33.6% പേര്‍ പറഞ്ഞത് ഇത്തരം ഇടപാടുകള്‍ നടപ്പിലാക്കാന്‍ ആറുമാസമെങ്കിലും വേണ്ടിവരുമെന്നായിരുന്നു.
രാജ്യത്തെ 400 ജില്ലകളിലായുള്ള ലഘു ഉദ്യോഗ് ഭാരതി അംഗങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആറുമാസത്തിലേറെയെടുക്കുമെന്നും സര്‍വ്വേ പറയുന്നു.