കൊച്ചി: ഗവര്‍ണര്‍ മാധ്യമങ്ങളുടെ ഇക്കോ സിസ്റ്റത്തില്‍ പെടുന്ന ആളല്ലെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്. മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ ഗവര്‍ണര്‍ അനങ്ങാന്‍ പോകുന്നില്ലെന്നും, സാധാരണ രാഷ്ട്രീയക്കാര്‍ ചാനലുകളുടെ കാലില്‍ വീഴുന്നത് പോലെ ഗവര്‍ണര്‍ വീഴാന്‍ പോകുന്നില്ലെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
ഇങ്ങനെയൊരു ഗവര്‍ണര്‍ മെറ്റീരിയലിനെ നമ്മള്‍ കണ്ടിട്ടില്ല. ഇതിന് മുമ്പുള്ളവരൊന്നും ഇങ്ങനെ മീഡിയയുമായി ഇടപെട്ടിട്ടില്ല. ചരിത്രത്തിലാരും രാജ്ഭവനില്‍ പത്രസമ്മേളനം നടത്തിയിട്ടില്ല. അതുകൊണ്ട് ഈ ഗവര്‍ണര്‍ വ്യത്യസ്തനാണെന്നും ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവറിലായിരുന്നു ടി.ജി. മോഹന്‍ദാസിന്റെ പരാമര്‍ശം.
‘ഗവര്‍ണര്‍ മാധ്യമങ്ങളുടെ ഇക്കോ സിസ്റ്റത്തില്‍ പെടുന്ന ആളല്ല. നിങ്ങളുടെ ഇക്കോ സിസ്റ്റത്തില്‍ പെടുന്ന ആളുകള്‍ അപമാനിച്ചാലും ബലാല്‍ക്കാരം ചെയ്താലും പിടിച്ചുപറിച്ചാലും തല്ലിയാലും കൊന്നാലും നിങ്ങള്‍ സഹിക്കും, അതിന് ന്യായം കണ്ടുപിടിക്കും. ഇക്കോ സിസ്റ്റത്തിന് പുറത്തുള്ള മനുഷ്യന്‍ ഒരക്ഷരം മിണ്ടിയാല്‍ നിങ്ങള്‍ അപമാനിക്കും.
ഗവര്‍ണറെ നിങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആലോചിക്കുന്നു, പ്ലീസ് ഡു ദാറ്റ്. നിങ്ങളൊന്ന് ബഹിഷ്‌കരിക്ക്. ഗവര്‍ണര്‍ അനങ്ങാന്‍ പോകുന്നില്ല. സാധാരണ രാഷ്ട്രീയക്കാര്‍ ചാനലുകളുടെ കാലില്‍ വീഴുന്നത് പോലെ ഗവര്‍ണര്‍ വീഴാന്‍ പോകുന്നില്ല. അദ്ദേഹം വേറൊരു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്,’ എന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
നിങ്ങളെക്കവിഞ്ഞ് വേറെ ആള്‍ക്കാരില്ല ഭൂമിയിലെന്ന മലയാള മാധ്യമങ്ങളുടെ അജണ്ടക്ക് ചെപ്പക്കുറ്റി നോക്കിയാണ് ആ മനുഷ്യന്‍ അടിക്കുന്നതെന്നും ടി.ജി മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.
‘മാധ്യമങ്ങള്‍ക്ക് കൊമ്പുണ്ട് എന്നുള്ള വിചാരം കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ ഉള്ളൂ. കേരളം വിട്ടാല്‍ ഈ പെരുമാറ്റമില്ല. ആ കൊമ്പ് പിണറായി വിജയന്റെ കാല്‍ക്കല്‍ വെച്ച് മീശയും വടിച്ച് നില്‍ക്കുന്നവരാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. നിങ്ങള്‍ വിചാരിക്കുന്ന സ്റ്റഫ് അല്ല ആരിഫ് മുഹമ്മദ് ഖാന്‍.
ഇങ്ങനെയൊരു ഗവര്‍ണര്‍ മെറ്റീരിയലിനെ നമ്മള്‍ കണ്ടിട്ടില്ല. ഇതിന് മുമ്പുള്ളവരൊന്നും ഇങ്ങനെ മീഡിയയുമായി ഇടപെട്ടിട്ടില്ല. ചരിത്രത്തിലാരും രാജ്ഭവനില്‍ പത്രസമ്മേളനം നടത്തിയിട്ടില്ല. അതുകൊണ്ട് ഈ ഗവര്‍ണര്‍ വ്യത്യസ്തനാണ്. മാധ്യമപ്രവര്‍ത്തകരുടെ അഹന്തക്ക് ആണ് ആ മനുഷ്യന്‍ അടിക്കുന്നത്. നിങ്ങളെക്കവിഞ്ഞ് വേറെ ആള്‍ക്കാരില്ല ഭൂമിയിലെന്ന മലയാള മാധ്യമങ്ങളുടെ അജണ്ടക്ക് ചെപ്പക്കുറ്റി നോക്കിയാണ് ആ മനുഷ്യന്‍ അടിക്കുന്നത്,’ ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച രാവിലെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയില്‍ അയച്ച് അനുമതി നല്‍കി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വണ്‍ സംഘത്തെ വാര്‍ത്താസമ്മേളന ഹാളില്‍ നിന്നും ഗവര്‍ണര്‍ ഇറക്കിവിട്ടത്.