ന്യൂദല്‍ഹി: ജാതി സെന്‍സസിനെ പിന്തുണച്ച് ആര്‍.എസ്.എസ് വക്താവ് സുനില്‍ അംബേദ്ക്കര്‍. ജാതി സെന്‍സസ് എന്നത് ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് സുനില്‍ അംബേദ്ക്കര്‍ പറഞ്ഞു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിനും രാഷ്ട്രീയത്തിനും വേണ്ടി ആയുധമാക്കരുതെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജാതി ബന്ധങ്ങള്‍ ഹിന്ദു സമൂഹത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ്. ഇത് ദേശീയ ഐക്യത്തിന്റെ അടിത്തറയാണെന്നും സുനില്‍ പറഞ്ഞു. ജാതി ബന്ധങ്ങള്‍ സെന്‍സിറ്റീവ് വിഷയം ആയതുകൊണ്ട് തന്നെ, സെന്‍സസ് ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നാണ് ആര്‍.എസ്.എസ് വക്താവ് പറഞ്ഞത്.
ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ച് സര്‍ക്കാര്‍ ഒരു ക്ഷേമപദ്ധതി തയ്യാറാക്കുന്നുണ്ടെങ്കില്‍, അവരുടെ അംഗബലം എത്രയാണെന്ന കണക്ക് പക്കലുണ്ടെങ്കില്‍ അത് അധികൃതര്‍ക്ക് സഹായകമാകും. ഈ ചിന്തയോടെയാണ് ജാതി സെന്‍സസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നടപടി വിജയകരമായിരിക്കുമെന്നും സുനില്‍ അംബേദ്ക്കര്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്നത് പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു ജാതി സെന്‍സസ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ ഈ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരില്‍ നിരന്തരമായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.
എന്നാല്‍ ജാതി സെന്‍സസ് നടത്തേണ്ടതില്ലെന്ന നിലപാടാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജാതി സെന്‍സസിനെ പിന്തുണച്ച് ആര്‍.എസ്.എസ് രംഗത്തെത്തുന്നത്.
അതേസമയം എന്‍.ഡി.എ സഖ്യകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു, എല്‍.ജെ.പി എന്നീ പാര്‍ട്ടികള്‍ ജാതി സെന്‍സസിനെ പിന്തുണച്ച് അടുത്തിടെ രംഗത്തെത്തിയിരുന്നു. കൃത്യമായ വിഭവ വിതരണത്തിനും ആനുകൂല്യ വിതരണത്തിനും ജാതി സെന്‍സസ് നിര്‍ണായകമാണെന്നാണ് എല്‍.ജെ.പി നേതാവും നേതാവും എം.പിയുമായ ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടത്.
ജാതി തിരിച്ച് ജനസംഖ്യ മനസിലാക്കുന്നത്, സാമൂഹിക-സാമ്പത്തിക പ്രതിസന്ധികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ജാതി സെന്‍സസില്‍ ബി.ജെ.പി വെട്ടിലാവുകയായിരുന്നു.
നേരത്തെ ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജാതി സെന്‍സസ് നടന്നിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍ ആ സമയം ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിതീഷ് കുമാറും ജെ.ഡി.യുവും ആര്‍.ജെ.ഡിയുമായ സഖ്യം വിട്ട് എന്‍.ഡി.എ മുന്നണിയ്ക്ക് പിന്തുണ നല്‍കുകയായിരുന്നു.
Content Highlight: RSS spokesperson Sunil Ambedkar supports caste census