| Sunday, 26th October 2014, 7:53 am

കേസരി ലേഖനത്തെ തള്ളി ആര്‍.എസ്.എസ്; മോദി നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.എസ്.എസ് ജിഹ്വയായ കേസരി വാരികയിലെ ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിക്കുന്ന ലേഖനത്തെ തള്ളി ആര്‍.എസ്.എസ്. കേസരിയിലെ ലേഖനവുമായി ആര്‍.എസ്.എസിന് ബന്ധമില്ലെന്ന് ആര്‍.എസ്.എസ് അഖിലേന്ത്യാ പ്രചാര്‍ പ്രമുഖ് ഡോക്ടര്‍ മന്‍മോഹന്‍ വൈദ്യ വ്യക്തമാക്കി.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ആശയങ്ങളെ ആശയം കൊണ്ട് നേരിടുകയാണ് ആര്‍.എസ്.എസിന്റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാന്ധിജിക്ക് പകരം നാഥുറാം വിനായക് ഗോദ്‌സെ വധിക്കേണ്ടിയിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനെയായിരുന്നെന്ന സൂചന നല്‍കുന്നതായിരുന്നു കേസരിയില്‍ വന്ന ലേഖനം. ഇന്ത്യാ വിഭജനവും ഗാന്ധി വധവുമടക്കമുള്ള എല്ലാ ദേശീയ ദുരന്തങ്ങള്‍ക്കും കാരണം നെഹ്‌റുവിന്റെ സ്വാര്‍ത്ഥ മനോഭാവമായിരുന്നെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.

ആര്‍.എസ്.എസ് നേതാവും ബി.ജെ.പി സംസ്ഥാന സമിതി അംഗവും സംസ്ഥാന സെല്‍ കണ്‍വീനറുമായ അഡ്വ. ബി.ഗോപാലകൃഷ്ണനാണ് ലേഖനം എഴുതിയത്. ഒക്ടോബര്‍ 17ന് പുറത്തിറക്കിയ കേസരി വാരികയിലാണ് ഇത് സംബന്ധിച്ച ലേഖനം വന്നത്.

ഗാന്ധിജിയെ മാനസികമായി വധിച്ച നെഹ്‌റുവിന്റെ പ്രതിരൂപമാണ് ഗോദ്‌സെ. അയാള്‍ നെഹ്‌റുവിനേക്കാള്‍ എത്രയോ ഭേദമായിരുന്നെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിഭജനത്തിന്റെ അവസാനസമയം സ്വാതന്ത്ര്യം നേടാനുള്ള അവസാനസമയ ചര്‍ച്ചകളില്‍നിന്ന് ഗാന്ധിജിയെ നെഹ്‌റു പുറത്താക്കിയിരുന്നു. വിഭജനതീരുമാനവുമായി ബ്രിട്ടനില്‍ നിന്നത്തെിയ ക്രിപ്‌സിനെതിരെ ഗാന്ധിജി സ്വീകരിച്ച സമീപനത്തത്തെുടര്‍ന്ന് കോണ്‍ഗ്രസില്‍ താന്‍ ഒറ്റപ്പെട്ടെന്ന് നന്നായി മനസ്സിലാക്കിയ നെഹ്‌റു ഒരിക്കല്‍കൂടി അങ്ങനെ സംഭവിക്കാതിരിക്കാനും മധുരമായി പകരംവീട്ടാനുമാണ് അത് ചെയ്തത്. ഇതോടെ ഗാന്ധിജിക്ക് കോണ്‍ഗ്രസില്‍ ഒരു സ്വാധീനവുമില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് നെഹ്‌റു ശ്രമിച്ചതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

അതിനിടെ കേസരി ലേഖനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലേഖനത്തോടുള്ള തന്റെ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു. അക്രമങ്ങളോടുള്ള ആര്‍.എസ്.എസിന്റെ നിലപാടാണ് ലേഖനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more