|

അവരെന്തിനാണ് ഒളിഞ്ഞ് നിന്ന് രാഷ്ട്രീയം കളിക്കുന്നത്? ആര്‍.എസ്.എസ് ബി.ജെ.പിയുമായി ലയിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് അശോക് ഗെഹ്‌ലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ആര്‍.എസ്.എസ് ബി.ജെ.പിയുമായി ലയിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട്. ബി.ജെ.പിയെ കര്‍ട്ടനു പിന്നില്‍ നിന്നും പിന്തുണച്ചു കൊണ്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനം രാജ്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

‘മഹാത്മാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ ആര്‍.എസ്.എസിനെ നിരോധിച്ചപ്പോള്‍, അവര്‍ സര്‍ദാര്‍ പട്ടേല്‍ജിക്ക് നല്‍കിയ കത്തില്‍ പറയുന്നത് ഞങ്ങള്‍ ഒരിക്കലും സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്നായിരുന്നു’- ഗെഹ്‌ലോട്ട് എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.

‘എന്നാല്‍ 70 വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ബി.ജെ.പിയെ പിന്തുണച്ചു കൊണ്ട് എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നു. അവര്‍ പിന്നില്‍ നിന്ന് ബി.ജെ.പിയെ പിന്തുണക്കുകയാണ്. അവരെന്തിനാണ് ഒളിഞ്ഞ് നിന്ന് രാഷ്ട്രീയം കളിക്കുന്നത്’- ഗെഹ്‌ലോട്ട് പറയുന്നു.

‘അവര്‍ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പിക്ക് വേണ്ടിയാണ്. അവര്‍ ബി.ജെ.പിയുമായി ലയിക്കണം. അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയും, പിന്നില്‍ നിന്നു കൊണ്ട് അതിന്റെ നേട്ടങ്ങള്‍ ആസ്വദിക്കുകയും ചെയ്യുകയാണ്. അവര്‍ എന്തു കൊണ്ടാണ് സ്വയം ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കാത്തത്. അവരത് ചെയ്യണം. ഇത്തരം കര്‍ട്ടനു പിന്നിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം രാജ്യത്തിന് നല്ലതല്ല’- ഗെഹ്‌ലോട്ട് പറയുന്നു.

രാജ്യത്ത് മന്ത്രിമാരെ മുതല്‍ ഗവര്‍ണര്‍മാരെ വരെ നിയോഗിക്കുന്നത് ആര്‍.എസ്.എസ് ആണെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു. ‘രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എസ്.എസിന്റെ മുഖമാണ്. അത് എല്ലാവരും അംഗീകരിക്കേണ്ട വസ്തുതായണ്. ഗവര്‍ണര്‍മാര്‍ മുതല്‍, മുഖ്യമന്ത്രിമാരെ വരെ നിയമിക്കുന്നതില്‍ അവര്‍ക്ക് കൃത്യമായ അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പുകളില്‍ ആര് മത്സരിക്കണമെന്നതും അവരാണ് തീരുമാനിക്കുക. ഒരു തരത്തില്‍ പറഞ്ഞാല്‍ ആര്‍.എസ്.എസ്സാണ് രാജ്യം ഭരിക്കുന്നത്’- ഗെഹ്‌ലോട്ട് പറയുന്നു.

തെരഞ്ഞെടുപ്പില്‍ സൈന്യത്തെ ഉപയോഗിക്കുന്ന നരേന്ദ്ര മോദിയുടെ ശൈലിയേയും ഗെഹ് ലോട്ട് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദി ഏതറ്റം വരെയും പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Video Stories