അസാമിലേയും യു.പിയിലേയും പോലെ മുസ്‌ലിം ജനസംഖ്യ നിയന്ത്രിക്കാന്‍ ഉത്തരാഖണ്ഡിലും ഇടപെടണം; ബി.ജെ.പിക്ക് ആര്‍.എസ്.എസ് നിര്‍ദേശം
national news
അസാമിലേയും യു.പിയിലേയും പോലെ മുസ്‌ലിം ജനസംഖ്യ നിയന്ത്രിക്കാന്‍ ഉത്തരാഖണ്ഡിലും ഇടപെടണം; ബി.ജെ.പിക്ക് ആര്‍.എസ്.എസ് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st August 2021, 11:27 am

ന്യൂദല്‍ഹി: മുസ്‌ലിങ്ങളുടെ ജനസംഖ്യാ ബാലന്‍സ് ഉറപ്പുവരുത്താന്‍ അസാമിലും ഉത്തര്‍പ്രദേശിലും നടപ്പാക്കാൻ തീരുമാനിച്ച  ജനസംഖ്യാ നിയന്ത്രണ നയം ഉത്തരാഖണ്ഡിലും നടപ്പാക്കണമെന്ന് ബി.ജെ.പിക്ക് ആര്‍.എസ്.എസിന്റെ നിര്‍ദേശം. അടുത്തിടെ ചേര്‍ന്ന ബി.ജെ.പി- ആര്‍.എസ്.എസ് യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തരാഖണ്ഡിലെ മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളായ ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദംസിംഗ് നഗര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ ജനസംഖ്യ വര്‍ധിക്കുന്നുവെന്നും ഇവിടങ്ങളില്‍ ആവശ്യത്തിലധികം വികസനം നടക്കുന്നുണ്ടെന്നും ആര്‍.എസ്.എസ് വിലയിരുത്തി. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.

അതേസമയം, രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതില്‍ നിന്നും വിലക്കാനുള്ള വ്യവസ്ഥയാണ് യു.പി സര്‍ക്കാരിന്റെ ജനസംഖ്യ നിയന്ത്രണ കരട് ബില്ലിലുള്ളത്.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുമാണ് ജനസംഖ്യ ബില്‍.

അസമിലും സമാനമായ നയം നേരത്തെ നടപ്പാക്കിയിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തും ബോധവത്കരണം നടത്തിയും ജനസംഖ്യാ വര്‍ധന കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് നിയമസഭയില്‍ അറിയിച്ചിരുന്നു.

ലോവര്‍ അസമില്‍ 1,000 പേരടങ്ങുന്ന യുവാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ പ്രത്യേക സംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ മുസ്‌ലിങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ രണ്ടുകുട്ടികളില്‍ കൂടരുതെന്ന നിയമം വിവാദം സൃഷ്ടിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  RSS Seeks Population Policy in Uttarakhand on Lines of UP, Assam to Ensure ‘Demographic Balance’: Report