ന്യൂദല്‍ഹി: മുസ്‌ലിങ്ങളെ നിലക്ക് നിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ആര്‍.എസ്.എസിനുള്ളതെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ദി സ്‌ക്രോളില്‍ എഴുതിയ ലേഖനത്തിലാണ് ആര്‍.എസ്.എസിന്റെ മുസ്‌ലിം വിരുദ്ധതയെക്കുറിച്ച് രാമചന്ദ്ര ഗുഹ വിശദമായി പ്രതിപാദിക്കുന്നത്. ആര്‍.എസ്.എസിന്റെ എല്ലാ ആശയസംഹിതകളെയും പ്രവര്‍ത്തനപരിപാടികളെയും മുസ്‌ലിങ്ങളെ നിലക്കുനിര്‍ത്തണം എന്ന ഒറ്റ വാചകത്തില്‍ സംഗ്രഹിക്കാമെന്ന് ഗുഹ പറയുന്നു.
ഇന്നത്തെ ഇന്ത്യന്‍ മുസ്‌ലിങ്ങളോടുള്ള ആര്‍.എസ്.എസ് മനോഭാവത്തെക്കുറിച്ചും ഗുഹ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ‘ഇന്ത്യന്‍ മുസ്‌ലിങ്ങളോടുള്ള ആര്‍.എസ്.എസിന്റെ മനോഭാവം ഇതാണ്: ഇവിടെ ജനിച്ച ജീവിക്കുന്ന മുസ് ലിങ്ങള്‍ക്ക് ഈ രാജ്യത്ത് തന്നെ തുടരാം. പക്ഷെ, രാഷ്ട്രീയ-മത-സാമൂഹ്യ-സാമ്പത്തിക-ധാര്‍മിക രംഗങ്ങളിലെ ഹിന്ദുക്കളുടെ മേധാവിത്വം അംഗീകരിക്കണം എന്നുമാത്രം.’ ഗുഹ പറയുന്നു.
രാജ്യത്തെ രണ്ടാം കിട പൗരന്മാരായി മാത്രമേ മുസ് ലിങ്ങളെ ആര്‍.എസ്.എസ് പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മുവിന്റെയും കശ്മീരിന്റെയും പ്രത്യേക പദവി എടുത്തുകളഞ്ഞതും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും ഇതരമത വിവാഹങ്ങള്‍ക്കെതിരെയുള്ള നിയമങ്ങളും പൗരത്വഭേദഗതി നിയമവും അതിനെതിരെ നടന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതുമെല്ലാം – മുസ് ലിങ്ങളെ നിലക്കുനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും ഗുഹ വ്യക്തമാക്കുന്നു.
ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ ഗ്രൂപ്പായാണ് ആര്‍.എസ്.എസിനെ ഗാന്ധിജി കണക്കാക്കിയിരുന്നതെന്ന് രാമചന്ദ്ര ഗുഹ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാല്‍ എഴുതിയ മഹാത്മ ഗാന്ധി: ദ ലാസ്റ്റ് ഫേസ് എന്ന പുസ്തകത്തിലാണ് ആര്‍.എസ്.എസിനോടുള്ള ഗാന്ധിജിയുടെ മനോഭാവം വ്യക്തമാക്കുന്ന വിവരണം നല്‍കിയിരിക്കുന്നത്. 1947ല്‍ ദല്‍ഹിയില്‍ ഗാന്ധിജി ചില പ്രവര്‍ത്തകരുമായി നടത്തുന്ന സംഭാഷണത്തെ കുറിച്ച് പ്യാരേലാല്‍ പറയുന്നുണ്ട്.
‘വാഹ് അഭയാര്‍ത്ഥി ക്യാംപില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഗാന്ധിജിയുടെ പാര്‍ട്ടിയിലെ ചിലര്‍ പറഞ്ഞു. കൃത്യനിഷ്ഠയും ധൈര്യവും കാര്യശേഷിയുമുള്ള കഠിനാധ്വാനം ചെയ്യുന്നവരാണ് ഈ പ്രവര്‍ത്തകരെന്നും പറഞ്ഞു. മറുപടിയായി ഗാന്ധി പറഞ്ഞത് ഇതായിരുന്നു, ‘ഇതേ ഗുണങ്ങള്‍ ഹിറ്റ്‌ലറിന്റെ നാസികളിലും മുസോളിനിയുടെ ഫാഷിസ്റ്റുകളിലുമുണ്ടായിരുന്നു. അത് മറക്കരുത്. ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ ഗ്രൂപ്പായാണ് ഗാന്ധിജി ആര്‍.എസ്.എസിനെ വിശേഷിപ്പിച്ചിരുന്നത്.’ മഹാത്മാ ഗാന്ധി: ദ ലാസ്റ്റ് ഫേസില്‍ പറയുന്നു.
ഈ ഭാഗങ്ങള്‍ കൂടി ഉദ്ധരിച്ചുകൊണ്ടാണ് ആര്‍.എസ്.എസിന്റെ അജണ്ടക്കെതിരെ രാമചന്ദ്ര ഗുഹ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 73 വര്‍ഷത്തിന് ശേഷവും ഗാന്ധിജി അന്നു പങ്കുവെച്ച കാഴ്ചപ്പാടുകളുടെ പ്രാധാന്യം നഷ്ടപ്പെട്ടില്ലെന്ന് രാമചന്ദ്ര ഗുഹ പറയുന്നു.
’73 വര്‍ഷത്തിനിപ്പുറം, ആര്‍.എസ്.എസിനെ കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രസക്തിയുണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നു തന്നെ പറയേണ്ടി വരും. പക്ഷെ അദ്ദേഹം ഉപയോഗിച്ച വിശേഷണങ്ങളുടെ ക്രമത്തില്‍ മാറ്റം വരുത്തേണ്ടി വന്നേക്കാം. ഇപ്പോള്‍ ആര്‍.എസ്.എസ് വര്‍ഗീയ സ്വഭാവമുള്ള ഒരു ഏകാധിപത്യ ഗ്രൂപ്പാണ്. 1947ല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഏതോ അരികുകളില്‍ മാത്രമായി നിലനിന്നിരുന്ന ആര്‍.എസ്.എസ് 2020ലെത്തുമ്പോള്‍ വലിയ സ്വാധീനമുള്ള ഗ്രൂപ്പായി മാറിക്കഴിഞ്ഞു.’രാമചന്ദ്ര ഗുഹ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക