| Monday, 31st October 2022, 8:01 am

ആര്‍.എസ്.എസ്സാണ് യഥാര്‍ത്ഥ കാപ്പി, ബി.ജെ.പി മുകളിലുള്ള പത മാത്രം: പ്രശാന്ത് കിഷോര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ആര്‍.എസ്.എസ് ആണ് യഥാര്‍ത്ഥ കാപ്പി, ബി.ജെ.പി മുകളിലുള്ള പത മാത്രമാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴിയെന്ന് തിരിച്ചറിയാന്‍ താന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലൂടെയുള്ള തന്റെ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ കപ്പിലുള്ള കാപ്പി കണ്ടിട്ടില്ലേ? മുകളില്‍ പതയായിരിക്കും ഉണ്ടാകുക. അതുപോലെയാണ് ബി.ജെ.പി, അതിനടിയില്‍ ആഴത്തിലാണ് ആര്‍.എസ്.എസ് ഉള്ളത്. സാമൂഹ്യ ഘടനയുടെ ആഴങ്ങളിലേക്ക് ആര്‍.എസ്.എസ് എത്തിയിട്ടുണ്ട്. കുറുക്കുവഴികളിലൂടെ അതിനെ പരാജയപ്പെടുത്താനാകില്ല,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബി.ജെ.പി എന്താണെന്ന് മനസിലാക്കാതെ നരേന്ദ്ര മോദിയെ തടഞ്ഞുനിര്‍ത്താനാകില്ലെന്നും പ്രശാന്ത് പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചാലേ നാഥുറാം ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താനാകൂവെന്ന് തിരിച്ചറിയാന്‍ ഏറെ കാലമെടുത്തു. നിതീഷ് കുമാറിനെയും ജഗന്‍മോഹന്‍ റെഡ്ഡിയെയും അവരുടെ രാഷ്ട്രീയ മോഹങ്ങള്‍ സാധിപ്പിച്ചെടുക്കാന്‍ സഹായിക്കുന്നതിന് പകരം ആ വഴിക്ക് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിതീഷ് ബി.ജെ.പി ബന്ധം തുടരുന്നുണ്ടെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. അദ്ദേഹം ബി.ജെ.പി ഏജന്റാണെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു.

‘രാജ്യത്ത് എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ പ്രക്ഷോഭം തിളച്ചുമറിയുമ്പോള്‍ ഞാന്‍ ജെ.ഡി.യു ദേശീയ വൈസ് പ്രസിഡന്റായിരുന്നു. എന്റെ പാര്‍ട്ടിയുടെ എം.പിമാര്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തത് എന്നെ ശരിക്കും അലട്ടി. അന്ന് ദേശീയ പ്രസിഡന്റായിരുന്ന നിതീഷ് കുമാറിനോട് വിഷയത്തില്‍ തര്‍ക്കിച്ചു. താനൊരു യാത്രയിലായിരുന്നുവെന്നും സംഭവങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹം വാദിച്ചത്. ബിഹാറില്‍ എന്‍.ആര്‍.സി അനുവദിക്കില്ലെന്നും നിതീഷ് ഉറപ്പു നല്‍കി. ഈ ഇരട്ടത്താപ്പാണ് നിതീഷിനൊപ്പം മുന്നോട്ടുപോകേണ്ട തിരിച്ചറിവുണ്ടാക്കിയത്,’ പ്രശാന്ത് വെളിപ്പെടുത്തി.

ബിഹാറില്‍ 3,500 കിലോ മീറ്റര്‍ നീണ്ടുനില്‍ക്കുന്ന പദയാത്രക്കിടെയാണ് പ്രശാന്ത് കിഷോര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച യാത്ര നിലവില്‍ വെസ്റ്റ് ചമ്പാരനിലെ ലൗറിയയിലാണുള്ളത്. ‘ജന്‍ സൂരജ്’ എന്ന് പേരിട്ട യാത്രയുമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് പ്രശാന്ത് കിഷോര്‍.

രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ 2014ല്‍ ബി.ജെ.പിയെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത് പ്രശാന്ത് കിഷോറാണ്. അടുത്തിടെ കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് കാരണം പരാജയപ്പെട്ടിരുന്നു.

Content Highlight: RSS real coffee, BJP just the frothy top says Prashant Kishor

We use cookies to give you the best possible experience. Learn more