|

കുറ്റവാളികളെ 'മാനസാന്തരപ്പെടുത്താന്‍' ചത്തീസ്ഗഡ് ജയിലില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍; എതിര്‍പ്പുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ചത്തീസ്ഗഡ് ജയിലിലെ തടവുകാരെ ‘മാനസാന്തരപ്പെടുത്താന്‍’ ആര്‍.എസ്.എസിന്റെ മുഖപത്രങ്ങളായി വിശേഷിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ജയില്‍ ലൈബ്രറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് അധികൃതര്‍. ബി.ജെ.പി ഭരിക്കുന്ന ചത്തീസ്ഗഡില്‍ ജയിലിലടക്കം ആര്‍.എസ്.എസ് മുഖപത്രങ്ങള്‍ കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി.

ജയിലില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യയും ഓര്‍ഗനൈസറും ചേര്‍ക്കാനാണ് ജയില്‍ വകുപ്പ് തീരുമാനിച്ചത്. തടവുകാരെ പരിഷ്‌ക്കരിക്കുന്നതിനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനും മാനസിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഹിമാന്‍ഷു ഗുപ്തയുടെ വാദം.

ജയിലുകളിലെ ലൈബ്രറികളില്‍ ഈ രണ്ട് മാസികകളുടെയും പ്രതിവാര പതിപ്പില്ലെന്ന് സംസ്ഥാന ഡയറക്ടര്‍ ജനറല്‍ ഹിമാന്‍ഷു ഗുപ്ത കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ 33 ജയിലുകളിലും മാസികകള്‍ ലഭ്യമാക്കാന്‍ ഹിമാന്‍ഷു ഗുപ്ത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ജയിലുകളില്‍ വിവിധ വിഷയത്തെ കുറിച്ചുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമുണ്ടെന്നും പ്രസ്തുത ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍ ഇല്ലെന്നുമായിരുന്നു കണ്ടെത്തല്‍.

ജയില്‍ മോചിതരായ ശേഷം പൊതുസമൂഹത്തില്‍ സ്വയം പുനരധിവസിപ്പിക്കാന്‍ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നത് തടവുകാരെ പ്രോത്സാഹിപ്പിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയുടെ സനാതന സംസ്‌ക്കാരത്തെയും ദേശസ്‌നേഹത്തെയും കുറിച്ച് തടവുകാര്‍ക്ക് അവബോധം സൃഷ്ടിക്കാനും ഈ നടപടി സഹായിക്കുമെന്നും ജയില്‍ അധികൃതര്‍ അവകാശപ്പെട്ടു.

അതേസമയം ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യയും ഓര്‍ഗനൈസറും പ്രചരിപ്പിക്കുന്നത് വിഭജന ചിന്തകളും വിദ്വേഷകരമായ അജണ്ടയുമാണെന്നും ഇനി അത്തരം പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ബി.ജെ.പിയുടെ പ്രത്യയ ശാസ്ത്ര ഗുരുവാണ് ആര്‍.എസ്.എസെന്നും പ്രസിദ്ധീകരണത്തിന്റെ പേരില്‍ പൊതുപണം ദുരുപയോഗം ചെയ്യാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു.

Content Highlight: RSS Publications in Chhattisgarh Jail to ‘Convert’ Convicts; Congress with opposition