പിണറായി വിജയന്‍ പേടിത്തൊണ്ടനെപ്പോലെ ഒളിച്ചോടിയെന്ന് ആര്‍.എസ്.എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ ആരോപിച്ചു.
ന്യൂദല്‍ഹി: ദല്‍ഹി കേരള ഹൗസിലേക്കുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടിലേക്കു മടങ്ങി. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് ദല്‍ഹിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
രണ്ടുദിവസത്തെ പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിയിലെത്തിയിരുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മുഖ്യമന്ത്രി ദല്‍ഹിയിലുണ്ടാവുമെന്ന് അറിഞ്ഞു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കേരളാഹൗസിനു മുമ്പില്‍ പ്രതിഷേധപരിപാടികള്‍ക്കു പദ്ധതിയിടുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച പ്രതിഷേധം ഉണ്ടായില്ലെങ്കിലും ചൊവ്വാഴ്ച കേരള ഹൗസിലേക്കു മാര്‍ച്ചും ജന്തര്‍മന്ദിറില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിക്കുമെന്ന് ആര്‍.എസ്.എസ് അറിയിച്ചിരുന്നു. എന്നാല്‍ പിണറായിയുടെ സാന്നിധ്യം പ്രതിഷേധം അക്രമാസക്തമാകാന്‍ ഇടയാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം കേരളാ ഹൗസ് റസിഡന്റ് കമ്മീഷനെ അറിയിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും അതിനാല്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കലാണ് ഗുണകരമെന്നും പിണറായിയുടെ സുരക്ഷാ ഗാര്‍ഡിന് നിര്‍ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്നലെ ഉച്ചകഴിഞ്ഞുമടങ്ങേണ്ടിയിരുന്ന മുഖ്യമന്ത്രി പുലര്‍ച്ചെ തന്നെ മടങ്ങുകയായിരുന്നു.
കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുമായി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിയാണ് പിണറായി മടങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ വ്യോമയാനമന്ത്രിയെ കാണാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇക്കാര്യം മുഖ്യമന്ത്രി തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കൂടിക്കാഴ്ചയ്ക്കു ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം മടങ്ങിയെന്ന വിവരമാണ് ലഭിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ സി.പി.ഐ.എം ആക്രമിക്കുക പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ തിരിച്ചടി നല്‍കുമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, പിണറായി വിജയന്‍ പേടിത്തൊണ്ടനെപ്പോലെ ഒളിച്ചോടിയെന്ന് ആര്‍.എസ്.എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ ആരോപിച്ചു. സര്‍ക്കാരിനോടും സി.പി.ഐ.എമ്മിനോടും യാചിക്കാനില്ലെന്നും പ്രതിരോധമാണ് ഇനിയുണ്ടാവുകയെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി.
രാവിലെ 11 ഓടെ കേരള ഹൗസിനു മുന്നിലെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി മടങ്ങിയ വിവരം അറിഞ്ഞതോടെ ജന്തര്‍മന്ദിറില്‍ ധര്‍ണ നടത്തി പിരിഞ്ഞു.
കഴിഞ്ഞമാസം മധ്യപ്രദേശില്‍ മലയാളി സംഘടനകളുടെ സ്വീകരണത്തിനെത്തിയപ്പോഴും മുഖ്യമന്ത്രിക്കെതിരെ ആര്‍.എസ്.എസ് പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു പിണറായിയെ പൊലിസ് തടയുകയായിരുന്നു.