ബംഗാളില്‍ തൃണമൂല്‍ നേതാവ് യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്
national news
ബംഗാളില്‍ തൃണമൂല്‍ നേതാവ് യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2024, 1:23 pm

കൊല്‍ക്കത്ത: ബംഗാളില്‍ നടുറോഡിലിട്ട് യുവതിയെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിനും ബി.ജെ.പി നേതാവ് അമിത് മാളവ്യയ്ക്കുമെതിരെ കേസെടുത്ത് ബംഗാള്‍ പൊലീസ്. മര്‍ദനത്തിന് ഇരയായ യുവതി തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് താജിമുല്‍ ഹക്കാണ് യുവതിയെ റോഡില്‍ വെച്ച് മര്‍ദിച്ചത്. ജൂണ്‍ 28നാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്ന് താജിമുല്‍ ഹക്കിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഉടന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു.

ഹക്ക് പ്രദേശത്ത് വലിയ സ്വാധീനമുള്ള ആളാണെന്ന് സംഭവം നടക്കുന്നതിന് മുമ്പ് സമാന രീതിയില്‍ മറ്റൊരു സ്ത്രീയെയും പുരുഷനെയും അയാള്‍ മര്‍ദിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പ്രതികാരനടപടി ഉണ്ടാകുമെന്ന് ഭയന്ന് അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആരും തയ്യാറായില്ലെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീഷണിപ്പെടുത്തിക്കൊണ്ട് സത്യത്തെ അടിച്ചമര്‍ത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ ചോപ്രയില്‍ ബുള്‍ഡോസര്‍ നീതിയാണ് നടപ്പാക്കുന്നതെന്നാണ് വീഡിയോ പങ്കുവെച്ച് സലീം പറഞ്ഞത്.

ഇത് ആര്‍.എസ്.എസ് പ്ലേബുക്കില്‍ നിന്നുള്ള ഒരു അധ്യായമാണെന്നും സലിം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയും അമിത് ഷായും ഉപയോഗിച്ച അതേ പ്രവര്‍ത്തനരീതിയാണ് മമത ബാനര്‍ജിയും പ്രയോഗിക്കുന്നത്. ബെസ്റ്റ് ബേക്കറി കേസില്‍ ഇരകളായ യാസ്മീന്‍ ബാനോ ഷെയ്ഖ്, സഹീറ ഷെയ്ഖ് എന്നിവരെ ടീസ്റ്റ സെതല്‍വാദിനെതിരെ കേസ് നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ ഒന്നിനാണ് യുവതി പരാതി നല്‍കിയതെന്നും അന്ന് തന്നെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു. താനറിയാതെ തന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിലൂടെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് യുവതി പരാതിയില്‍ പറഞ്ഞു.

മുഹമ്മദ് സലിമും അമിത് മാളവ്യയും ചേര്‍ന്നാണ് വീഡിയോ വൈറലാക്കിയത്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ യുവതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

Content Highlight: ‘RSS Playbook’ Says CPI(M)’s Salim as Bengal Cops File FIR Against Him, Amit Malviya Over Video