തമിഴ്നാട് പിടിക്കാന്‍ പുതിയ അജണ്ടയുമായി ആര്‍.എസ്.എസ്; ഉള്‍ഗ്രാമങ്ങളില്‍ ശാഖകള്‍ തുടങ്ങാന്‍ നിര്‍ദേശം
national news
തമിഴ്നാട് പിടിക്കാന്‍ പുതിയ അജണ്ടയുമായി ആര്‍.എസ്.എസ്; ഉള്‍ഗ്രാമങ്ങളില്‍ ശാഖകള്‍ തുടങ്ങാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd December 2020, 7:16 pm

ചെന്നൈ: തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ആര്‍.എസ്.എസ്. ഗ്രാമങ്ങളില്‍ ശാഖകളുടെ പ്രവര്‍ത്തനം സജീവമാക്കി ആര്‍.എസ്.എസ് സ്വാധീനം വര്‍ധിപ്പിക്കുകയാണ് പുതിയ അജണ്ട.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പുവരെ ശാഖാ പരിശീലനങ്ങള്‍ കോയമ്പത്തൂര്‍ നീലഗിരി പ്രദേശങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ വളരെ ചുരുക്കമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ സ്ഥിരമായി ശാഖ സമ്മേളനങ്ങളും പരിശീലനങ്ങളും ഉണ്ടാവാറുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ ബി.ജെ.പി വേല്‍യാത്ര നടത്തി അണികളെ സമ്പാദിച്ചതിനു പിന്നാലെയാണ് ആര്‍.എസ്.എസിന്റെ പുതിയ നീക്കം.

2015 ല്‍ നീലഗിരി, തിരുപ്പൂര്‍, എന്നിവയടങ്ങുന്ന കോയമ്പത്തൂര്‍ മേഖലയിലെ ഉള്‍ഗ്രാമങ്ങളില്‍ കേവലം 250 ശാഖ പരിശീലന കേന്ദ്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇന്നത്തെ കണക്കുപ്രകാരം അവ 460 ആയി വര്‍ധിച്ചിരിക്കുകയാണ്.

ശാഖകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 10000 പേര്‍ പങ്കെടുത്തവരില്‍ നിന്നും അത് 25000 പേരിലേക്ക് വര്‍ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തെ മൊത്തം ശാഖകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവാണ് ഉണ്ടായത്. തുടക്കത്തില്‍ 1355 എണ്ണം മാത്രമുണ്ടായിരുന്നവയില്‍ നിന്നും 2060 ശാഖകളായി വര്‍ധിച്ചുവെന്നാണ് പുതിയ കണക്ക്.

ശാഖകളില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും മധ്യവയസ്‌കരോ, കോളെജ് വിദ്യാര്‍ത്ഥികളോ, ആണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും ശാഖകളില്‍ സ്ഥിരമായി എത്തുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Rss Plans To Small Shakas In Rural Parts Of Tamilnad