തിരുവനന്തപുരം: ബി.ജെ.പിക്ക് എന്നും “ബാലികേറാമല”യായ കേരളം പിടിക്കാന്‍ ആര്‍.എസ്.എസ് അരയും തലയും മുറുക്കി ഇറങ്ങുന്നു. ബി.ജെ.പിയ്ക്ക് ആധിപത്യം സ്ഥാപിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സംസ്ഥാനത്ത് പുതിയ തന്ത്രങ്ങളാണ് ആര്‍.എസ്.എസ് ആസൂത്രണം ചെയ്യുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തികളെ ഒപ്പം ചേര്‍ത്താണ് കേരളത്തില്‍ രാഷ്ട്രീയ വളര്‍ച്ച കൈവരിക്കാന്‍ സംഘം പദ്ധതിയിടുന്നത് എന്നാണ് ആര്‍.എസ്.എസ്സിലെ വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.
സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയ സാമൂഹ്യ കാലാവസ്ഥ മനസിലാക്കാനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുമായി ആര്‍.എസ്.എസ് ദേശീയ നേതൃത്വമാണ് കാര്യമായ ശ്രമം തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി പത്തു ദിവസം കേരളത്തില്‍ തങ്ങും.
മാര്‍ച്ച് 25 മുതലാണ് സുരേഷ് ജോഷി കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് . 50 ഓളം പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. എന്നാല്‍ ഇവയില്‍ വിരലിലെണ്ണാവുന്ന പരിപാടികള്‍ മാത്രമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകയോഗങ്ങള്‍ക്കായി മാറ്റിവച്ചത് എന്നും അറിയുന്നു.
അധ്യാപകര്‍, അഭിഭാഷകര്‍, തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍, ആധ്യത്മിക സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, വ്യവസായികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍, എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പ്രൊഫഷണലുകള്‍, ഐ.ടി വിദഗ്ധര്‍, ബ്യൂറോക്രാറ്റുകള്‍, ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടേതായ 50 ഓളം യോഗങ്ങളിലാണ് ഇദ്ദേഹം പങ്കെടുക്കുക.
സാധാരണയായി ആര്‍.എസ്.എസ് സംഘടനാ വളര്‍ച്ചയുടെ ഭാഗമായി ദേശീയ നേതാക്കള്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. താഴേത്തട്ടു മുതല്‍ വിവിധ തലങ്ങളിലെ പ്രവര്‍ത്തകരുടെ യോഗങ്ങളാണ് വ്യത്യസ്ത കേന്ദ്രങ്ങളിലായി വിളിച്ചുകൂട്ടാറുള്ളത്. ആര്‍.എസ്.എസ് ശാഖകളുടെയും അതില്‍ പങ്കെടുക്കുന്നവരുടെയും എണ്ണം വര്‍ധിപ്പിക്കലായിരുന്നു ഈ യാത്രകളുടെ പ്രധാന ലക്ഷ്യം. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി രീതിയിലാണ് കേരളത്തിലെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ നിന്നും കുറഞ്ഞത് 4 സീറ്റുകളെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ദുര്‍ബലമായതിനാല്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ സഹായം അമിത്ഷാ അഭ്യര്‍ത്ഥിക്കുകയായിരുന്നു. പൊതുതെരഞ്ഞെടുപ്പ് നേരിടാനായി ആര്‍.എസ്.എസ്-ബി.ജെ.പി ഉന്നത നേതാക്കളുടെ പ്രത്യേക സംഘം രൂപീകരിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പു വരെ ഇതില്‍ ആരും ചുമതലകളില്‍ നിന്നും മാറുകയില്ല.
സംസ്ഥാന പ്രസിഡന്റുമാരെയും സ്ഥാനാര്‍ത്ഥികളെയുമെല്ലാം തിരഞ്ഞെടുക്കുക ഈ പ്രത്യേക സംഘമായിരിക്കും. അതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക കൂടിയാണ് ആര്‍.എസ്.എസ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ കേരള സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ജനുവരി അവസാന വാരം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് നാലു ദിവസം പാലക്കാട് ആര്‍.എസ്.എസിന്റെയും പരിവാര്‍ സംഘടനകളുടേയും പ്രധാന പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നത്. സമൂഹത്തിലെ ചലനങ്ങള്‍ മനസ്സിലാക്കാനുള്ള നേരിട്ടുള്ള ശ്രമമാണ് ആര്‍.എസ്.എസ് നേതൃത്വം നടത്തുന്നത്.
Don”t Miss: ന്യൂയോര്‍ക്ക് ഓട്ടോ ഷോ 2018: ടൊയോട്ട കൊറോളയുടെ ഹാച്ച്ബാക്ക് അവതരിപ്പിക്കും; കാര്‍ അടുത്ത വര്‍ഷം വിപണിയില്‍ (ചിത്രങ്ങള്‍)
കേരളത്തിലെ ബി.ജെ.പിയില്‍ നിലനില്‍ക്കുന്ന ശക്തമായ ഗ്രൂപ്പു പോര് കാരണം അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ ചുമതലകളില്‍ നിന്നും കേരള നേതൃത്വത്തെ ദേശീയ നേതൃത്വം പൂര്‍ണ്ണമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പൂര്‍ണ്ണമായും ആര്‍.എസ്.എസ് കേന്ദ്രനേതൃത്വത്തിന്റെ നിയന്ത്രണത്തിലായിരിക്കും കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക.
ആര്‍.എസ്.എസ് കേന്ദ്രനേതൃത്വത്തിനു പ്രിയങ്കരനായ വി. മുരളീധരന് രാജ്യസഭ എം.പി സ്ഥാനം നല്‍കിയത് കേരള നേതൃത്വത്തെ അറിയിക്കുക പോലും ചെയ്യാതെയായിരുന്നു. ഇത് പി.കെ കൃഷ്ണദാസ് പക്ഷത്തെ ചൊടിപ്പിച്ചു. പിന്നീടാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തു വന്നത്.
ഗ്രൂപ്പു പോരിനിടെ നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് വലിയ പ്രതീക്ഷ ഇല്ല. ചെങ്ങന്നൂരില്‍ ബി.ജെ.പി ഗ്രൂപ്പു നേതാക്കള്‍ തമ്മിലാണ് മത്സരമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ പി.കെ. കൃഷ്ണദാസ് കെ.എം മാണിയെ പാലായിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത് ബി.ജെ.പിയില്‍ വിവാദമായിരുന്നു.