തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം. മന്ത്രി എ.കെ ബാലനാണ് പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷവും പ്രമേയത്തെ പിന്‍താങ്ങി.
ചന്ദ്രാവത്തിനെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത് നിര്‍ഭാഗ്യകരമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ശക്തമായ വകുപ്പുകള്‍ ചന്ദ്രാവത്തിനെതിരെ ചുമത്തണമെന്ന ആവശ്യവും പ്രമേയത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരുകോടിരൂപ പ്രതിഫലം നല്‍കുമെന്ന ചന്ദ്രാവത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.
“കൊലയാളിയായ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല അറുക്കുന്ന സ്വയം സേവകരുടെ പേരില്‍ എന്റെ ഒരുകോടിരൂപയുടെ സമ്പാദ്യം ഞാന്‍ എഴുതിവെയ്ക്കും.” എന്നായിരുന്നു കുന്ദന്‍ ചന്ദ്രാവത് പറഞ്ഞത്.
വ്യാപക എതിര്‍പ്പ് ഉയര്‍ന്നതോടെ ചന്ദ്രാവത്ത് പ്രസ്താവന പിന്‍വലിച്ചിരുന്നു. ചന്ദ്രാവത്തിന്റെ പ്രസ്താവന പാര്‍ട്ടിയുടെ നിലപാടല്ലെന്ന് ബി.ജെ.പിയും പറഞ്ഞിരുന്നു.
മംഗളൂരുവിലെ മതസൗഹാര്‍ദ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നത് തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു കുന്ദന്‍ ചന്ദ്രാവത്തിന്റെ വധഭീഷണി.