കേരളത്തിലെ ശാഖയില്‍ മാത്രമല്ല, അമ്പലത്തിലും കാവിക്കൊടി ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ് ദേശീയ നേതൃത്വം ; പിണറായിയെ ഇനി തടയില്ല
Kerala
കേരളത്തിലെ ശാഖയില്‍ മാത്രമല്ല, അമ്പലത്തിലും കാവിക്കൊടി ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ് ദേശീയ നേതൃത്വം ; പിണറായിയെ ഇനി തടയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2017, 9:41 am

കോയമ്പത്തൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുന്ന സമരരീതിയില്‍ നിന്നും ആര്‍.എസ്.എസ് പിന്‍മാറുന്നു. പിണറായി വിജയനെ സംസ്ഥാനത്തിനുപുറത്ത് ഇനി തടയില്ലെന്ന് ആര്‍.എസ്.എസ്. ദേശീയ ജോയന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പറഞ്ഞു.

സി.പി.ഐ.എമ്മിന് വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ പിണറായിയെ ശ്രദ്ധാകേന്ദ്രമാക്കാനേ ഇതുകൊണ്ട് കഴിയൂവെന്നാണ് ആര്‍.എസ്.എസിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം.

കേരളത്തിന്റെ ചുമതലയുള്ള ദേശീയ സഹസംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് ഇക്കാര്യത്തില്‍ ദേശീയനേതൃത്വത്തോട് അതൃപ്തി രേഖപ്പെടുത്തി.

സി.പി.ഐ.എം. എതിരാളികളെ കൊലപ്പെടുത്തുന്ന പ്രസ്ഥാനമാണെന്ന തരത്തിലുള്ള ആശയപ്രചാരണം ശക്തമാക്കണമെന്നും പിണറായിയെ തടയുന്ന തരത്തിലേക്ക് സമരം വഴിമാറുന്നത് ശരിയല്ലെന്നുമാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം.

അതേസമയം പിണറായി വിജയന്റെ തലയ്ക്ക് ആര്‍.എസ്.എസ്. നേതാവ് ഒരുകോടി വിലയിട്ടത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹംതന്നെ ആ പ്രസ്താവന പിന്‍വലിച്ചതാണെന്നും വൈകാരിക പ്രകടനമായേ ഇതിനെ കാണേണ്ടതുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കേരളത്തില്‍ അമ്പലങ്ങളില്‍ ആര്‍.എസ്.എസ്. ശാഖാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് പാലമടുക്കുമ്പോള്‍ അതുകടക്കുന്നകാര്യം ആലോചിക്കുമെന്നായിരുന്നു മറുപടി.

ശാഖയില്‍ കായികവ്യായാമവും യോഗപരിശീലനവുമാണ് നടക്കുന്നത്. ആരോഗ്യവളര്‍ച്ചയ്ക്ക് വ്യായാമംചെയ്യുന്നത് ഏത് സര്‍ക്കാരിനാണ് നിരോധിക്കാന്‍ കഴിയുക. യോഗയ്ക്ക് അന്താരാഷ്ട്ര അംഗീകാരംകിട്ടിയ സമയത്ത് അത് പരിശീലിക്കുന്നത് തടയാനാവുമോ. ശാഖയില്‍ മാത്രമല്ല, അമ്പലത്തിലും കാവിക്കൊടി ഉയര്‍ത്തുമെന്നും  അദ്ദേഹം പറഞ്ഞു.