കൊല്ലം: ആര്‍.എസ്.എസിന്റെ തീവ്രകായിക പരിശീലനം വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. കൊല്ലം തലവൂരിലെ ആര്‍.എസ്.എസ് ക്യാമ്പില്‍ നിന്നുള്ളതാണ് പ്രസ്തുത വീഡിയോ. രശ്മി നായരാണ് വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
പ്രായമായവരും കുട്ടികളും ആര്‍.എസ്.എസിന്റെ ഈ പരിശീലനത്തില്‍ ഭാഗമാകുന്നുണ്ട്. വളരെ ദൂരെ നിന്നും ഓടിവരുന്നവര്‍ വെള്ളക്കെട്ടിന് മുകളിലൂടെ ലോങ് ജംപ് മോഡലില്‍ ചാടുന്നതും അങ്ങനെ ചാടാന്‍ കഴിയാത്തവരുടെ മുതുകത്ത് ചിലര്‍ അടിക്കുന്നതുമാണ് വീഡിയോ.
ഒരു സംഘര്‍ഷമുണ്ടാകുമ്പോള്‍ എന്തായിരിക്കണം ഒരു സ്വയം സേവകന്‍ ചെയ്യേണ്ടത് എന്നതാണ് ആര്‍.എസ്.എസ് പരിശീലനത്തിലൂടെ പഠിപ്പിക്കുന്നത്. എങ്ങനെയാണ് ആജ്ഞകള്‍ അനുസരിക്കേണ്ടതെന്നും എത്ര പ്രതിബന്ധങ്ങള്‍ ഉണ്ടായാലും എങ്ങനെ ആജ്ഞ അനുസരിക്കാമെന്നും ആര്‍.എസ്.എസുകാര്‍ വീഡിയോയിലൂടെ കാണിച്ചുതരുന്നുണ്ട്.
ആളുകള്‍ ഓടി വന്ന് വെള്ളത്തിന് മുകളിലൂടെ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതും ഒരാളുടെ തൊട്ടുപുറകെ ഓടിവരുന്ന ആള്‍ വെള്ളത്തില്‍ വീഴുമ്പോള്‍ അയാളുടെ മുതുകത്ത് പോലും അടിക്കുന്നതും കായിക പരിശീലനത്തിന്റെ തീവ്രത തുറന്നുകാട്ടുന്നതാണ്.
എന്തിന് വേണ്ടിയാണ് ഇത്തരമൊരു പരിശീലനം എന്നത് വ്യക്തമല്ല. ഭക്തിഗാനം പഠിപ്പിക്കാനാണ്, സൂര്യനമസ്‌കാരം ചെയ്യിക്കാനാണ് എന്നൊക്കെ പറഞ്ഞു ആര്‍.എസ്.എസ് ക്രിമിനലുകള്‍ കുട്ടികളെ തേടി വരുമ്പോള്‍ അവര്‍ക്കൊപ്പം കുട്ടികളെ പറഞ്ഞുവിടുന്നതിന് മുന്‍പ് നിങ്ങളുടെ കുട്ടികളുടെ ഭാവി നന്നാക്കാനല്ല അവര്‍ ശ്രമിക്കുന്നതെന്നും മറിച്ച് കൊലക്കത്തി കയ്യില്‍ വച്ച് കൊടുത്ത് നാളത്തെ തീവ്രവാദികളാക്കിമാറ്റാനാണ് എന്ന കാര്യം മാതാപിതാക്കള്‍ തിരിച്ചറിയണമെന്നും രശ്മി നായര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
കാളയെ അടിക്കുന്നതുപോലുള്ള ഈ അടി മുതുകത്ത് അടിച്ചു ചാടിക്കുന്നത് മോദിജിയുടെ നാളത്തെ ഒളിമ്പിക്‌സ് ടീമിനെ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണെന്നുള്ള കമന്റുകള്‍ താന്‍ പ്രതീക്ഷിക്കുന്നെന്നും രശ്മി നായര്‍ പോസ്റ്റില്‍ പറയുന്നുണ്ട്.
ആര്‍.എസ്.എസിന്റെ ക്യാമ്പില്‍ നടക്കുന്നത് ആയുധ പരിശീനമാണെന്നും നിയമനടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
കണ്ണൂരിലെ നിരവധി സ്‌കൂളുകളില്‍ ആര്‍.എസ്.എസുകാര്‍ ക്യാമ്പ് നടത്തതായ നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു. ജില്ലയിലെ ആയുധപരിശീലനത്തിനു നേതൃത്വം നല്‍കുന്നവരില്‍ സന്യാസിമഠത്തിന്റെ മേധാവിയും ആര്‍.എസ്.എസ് സംഘചാലകും അടക്കം പ്രമുഖര്‍ ഉണ്ടെന്ന് നേരത്തെ തന്നെ ജയരാജന്‍ ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ഉടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ആര്‍.എസ്.എസിന്റെ ഇത്തരം ക്യാംപുകള്‍ നടക്കുന്നതെന്നും ഇതിന് അനുവാദം നല്‍കുന്ന സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.
Dont Miss ഞാവല്‍പ്പഴം ഇന്ത്യയെ കറന്റടിപ്പിക്കുമോ?
സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്രങ്ങൡും ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്നും അത്തരം പരിശീലനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.
സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആര്‍.എസ്.എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുകയാണെന്നും കായിക പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനം നല്‍കുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ ആയുധപരിശീലനത്തിനെതിരെ വലിയ പരാതികള്‍ ഉയരുമ്പോഴും അതിനെതിരെ പ്രതികരിക്കാനോ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനോ ആര്‍.എസ്.എസ് നേതൃത്വം തയ്യാറായിട്ടില്ല.