| Monday, 30th July 2018, 3:00 pm

ചേര്‍പ്പ് സ്‌കൂളിലെ പാദപൂജ; വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് ഡയറക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളിലെ നിര്‍ബന്ധിത പാദപൂജ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഡയറക്ടര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

“വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് അനന്തപുരി ഫൗണ്ടേഷന്റേയും പത്തനാപുരം ഗാന്ധിഭവന്റേയും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തുന്നതിന് അനന്തപുരി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എ.ജെ. സുക്കാര്‍ണോയും ജനറല്‍ സെക്രട്ടറി എ.കെ ഹരികുമാറും 22-06-2018 ന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അധ്യയന സമയത്തെ ബാധിക്കാത്ത രീതിയില്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ അനുമതിയ്ക്ക് വിധേയമായി പ്രസ്തുത പരിപാടി നടത്തുന്നതിന് പൊതുവിദ്യാലയ വകുപ്പിലെ അക്കാഡമിക്ക് വിഭാഗം എഡി.പി.ഐ 20-06-2018 ല്‍ അനുമതി നല്‍കിയിരുന്നു. പ്രസ്തുത പരിപാടിക്ക് നല്‍കിയിരുന്ന പേര് “ഗുരുവന്ദനം” എന്നായിരുന്നു” പത്രക്കുറിപ്പില്‍ പറയുന്നു.


Read Also : പാദപൂജ മാത്രമല്ല, ആയുധ പരിശീലനവും രാമായണ പാരായണവും; ചേര്‍പ്പ് സ്‌കൂള്‍ ആര്‍.എസ്.എസിന്റെ വിഹാര കേന്ദ്രം


മാതാപിതാക്കളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം വിദ്യാര്‍ഥികളിലേക്കു പകര്‍ന്നു നല്‍കലായിരുന്നു പരിപാടിയുടെ ഉദ്ദേശമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഈ അനുമതിയാണ് ചേര്‍പ്പ് സ്‌കൂളില്‍ നടന്ന ഗുരുപാദപൂജയ്ക്കു വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയതായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ കുത്സിത താല്‍പ്പര്യങ്ങളോടെ പ്രചരിപ്പിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി  എന്ന ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്. വേദവ്യാസ ജയന്തി -വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്.

എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂളില്‍ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമിരിക്കെയാണ് ആര്‍.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പ് സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.


We use cookies to give you the best possible experience. Learn more