ബഡിന്‍ഡ( പഞ്ചാബ്): ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് ഒരിക്കലും പങ്കെടുത്തിട്ടില്ലെന്നും പകരം ബ്രിട്ടീഷുകാരെ പുകഴ്ത്തുകയാണ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.
‘പഞ്ചാബ് മുഴുവനായി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുമ്പോള്‍ ആര്‍.എസ്.എസ് ബ്രീട്ടീഷുകാരെ പുകഴ്ത്തുകയാണ് ചെയ്തത്.’പ്രിയങ്ക പറഞ്ഞു
മോദി സര്‍ക്കാരിനെയും മുന്‍ അകാലിദള്‍ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കുട്ടികളുടെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സുരക്ഷക്കായി ഇരു പാര്‍ട്ടികള്‍ക്കെതിരെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിരോധം സൃഷ്ടിക്കാന്‍ പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു.
‘അവരുടെ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് കാര്‍ഷിക വായ്പയെടുത്തിട്ട് 12000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാനായി എത്തി. എന്നാല്‍ അദ്ദേഹം കര്‍ഷകരെ കാണാന്‍ തയ്യാറായിരുന്നില്ല.’പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വായിക്കാനും പ്രിയങ്ക ജനങ്ങളോട് ആഹ്വാനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഒരു വര്‍ഷത്തോളം പഠനം നടത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നും പ്രിയങ്ക പറഞ്ഞു.