കോഴിക്കോട്: നൂറനാട് എന്‍.എസ്.എസ് കെട്ടിടം ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത് നാടകീയമായി. സംഭവത്തില്‍ പ്രതികളിലൊരാള്‍ ബന്ധുവായ പൊലീസുകാരനെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്.
കരയോഗം അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.സി.സി.ടി.വി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മഹേഷ് എന്നയാള്‍ ഒളിവിലാണ്.
സംഭവം നടന്ന സ്ഥലത്ത് മുളക്‌പൊടി വിതറിയിരുന്നു. വിക്രമന്‍പിള്ള മുളകുപൊടി കച്ചവടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. മുളകുപൊടി വിതറിയാല്‍ പൊലീസ്‌നായ് മണം പിടിക്കുമോ എന്ന് പ്രതികളിലൊരാള്‍ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുചോദിച്ചതാണ് കേസില്‍ നിര്‍ണായകമായത്.
ഇത് പ്രതികളെ കണ്ടെത്താന്‍ സഹായകമായി. രണ്ടുലക്ഷം ഫോണ്‍കാള്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
നവംബര്‍ ഏഴിന് രാവിലെയാണ് കുടശനാട് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എന്‍.എസ്.എസ്മാ നേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളിലെയും കൊടിമരങ്ങളില്‍ കരിങ്കൊടിയും കൊടിമരത്തിന് താഴെ റീത്തും കണ്ടെത്തിയത്. റീത്തില്‍ “എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ആദരാജ്ഞലി” എന്നെഴുതിയിരുന്നു.
ഇതിനേത്തുടര്‍ന്ന് എന്‍.എസ്.എസ് കരയോഗം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആക്രമണം നടത്തിയതിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് ആരോപണമുണ്ടായിരുന്നു.
അതേസമയം കൊല്ലം ജില്ലയിലെ പരവൂരിലെ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേരേയും ആക്രമണം ഉണ്ടായിരുന്നു.