| Wednesday, 11th November 2015, 1:52 pm

കേരളം ദൈവത്തിന്റെ നാടല്ല, ദൈവമില്ലാത്തവരുടെ നാടാണോ? കേരളത്തിനെതിരെ ആര്‍.എസ്.എസ് മുഖപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളം ദൈവത്തിന്റെ നാടല്ല, സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടാണോയെന്ന് ആര്‍.എസ്.എസ് മുഖപത്രം. 50ലേറെ വര്‍ഷത്തെ കമ്മ്യൂണിസം കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ ദൈവമില്ലെന്ന പൊതുധാരണ സൃഷ്ടിച്ചെന്നാണ് ആര്‍.എസ്.എസ് പറയുന്നത്.

ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന “കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി?” എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

കേരളാ ഹൗസ് കാന്റീനില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലാണ് ബീഫ് വില്പന നടക്കുന്നത്. ഇത് പരിശോധിക്കാനായി റെയ്ഡ് നടത്തിയ ദല്‍ഹി പോലീസിനെ കോടതി കയറ്റുമെന്നാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ കേരളത്തിലെ ഹിന്ദുക്കള്‍ ഒഴികെയുള്ള ഹൈന്ദവസമൂഹം അത്ഭുതത്തോടെയാണ് കണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.

കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ള മതനിരപേക്ഷ നിലപാടുകളെ, കേരളീയ ജനതയുടെ മതസൗഹാര്‍ദ്ദ സമീപനങ്ങളെയാണ് പ്രധാനമായും ഈ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്.

അഞ്ചുപതിറ്റാണ്ടിലേറെയുള്ള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളാല്‍ അതിന്റെ ഹിംസാത്മക പ്രത്യശാസ്ത്രവും, നാസ്തിക ചിന്താഗതിയും നിരീശ്വരവാദവുമൊക്കെ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിയിരിക്കുകയാണ്. “ദൈവികതയുടെ പൊതുബോധം” എന്നു വിളിക്കാവുന്ന ഒന്നും കേരളീയ ഹിന്ദുക്കള്‍ക്കിടയിലില്ല എന്നാണ് ഓര്‍ഗനൈസര്‍ വവാദിക്കുന്നത്.

കേരളത്തിലെ ഹിന്ദു-മുസ്‌ലീം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ മതചിന്തയും ആചാരങ്ങളും ശക്തമാണ് എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ചാണ് ഓര്‍ഗനൈസര്‍ വാദങ്ങള്‍ നിരത്തുന്നത്. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ ഇതര മതസ്പര്‍ദ്ധ താരതമ്യേന കുറവുള്ളതാണ് കേരളം. അതുകൊണ്ട് തന്നെ സംഘപരിവാര സംഘടനകള്‍ക്ക് കേരളത്തില്‍ ശക്തമായ വേരോട്ടം നടത്താന്‍ സാധിച്ചിട്ടില്ല. ഇതാകാം ഓര്‍ഗനൈസറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മാത്രവുമല്ല കേരളത്തില്‍ ഹിന്ദുക്കിടയില്‍ തന്നെ ബീഫിന് ശക്തമായ പ്രിയം നിലനില്‍ക്കുന്നുണ്ട് എന്നതും ഓര്‍ഗനൈസറെ പ്രകോപിപ്പിച്ചിട്ടുണ്ട്
എന്ന് ലേഖനം വ്യക്തമാക്കുന്നു. കേരളത്തില്‍ ബീഫ് നിരോധനം സാധ്യമല്ല. മാത്രവുമല്ല ബീഫ് ഉപയോഗിച്ചുകൊണ്ടുള്ള സംഘപരിവാര രാഷ്ട്രീയം കേരളത്തില്‍ ബി.ജെ.പിയെ പ്രതികൂലമായാണ് ബാധിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങളില്‍ ബി.ജെ.പി നേതാവായ വി.മുരളീധരന്‍ തന്നെ വ്യക്തമാക്കുന്നത്, കേരളത്തിലെ ഭക്ഷണ സ്വാതന്ത്ര്യത്തെ തങ്ങള്‍ തടയില്ല എന്നാണ്.

കേരളത്തില്‍ നിന്നെത്തുന്ന ഉന്നതര്‍ക്ക് സ്ഥിരമായി ബീഫ് വിളമ്പാറുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയിലെ കേരള ഹൗസ് കാന്റീനില്‍ പോലീസ് നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പോലീസിനെ കോടതി കയറ്റുമെന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന നിയമലംഘനവും ഭാരത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ അപലപിക്കലുമാണ്. മുഖ്യമന്ത്രിയുടെ ഈ നിലപാടിന് മികച്ച വാര്‍ത്താ പ്രധാന്യം ലഭിച്ചപ്പോള്‍ കേരളത്തിലുള്ള ഹിന്ദുക്കള്‍ ഒഴിച്ച് ഭാരതത്തിലെ മുഴുവന്‍ ഹൈന്ദവരും അത്ഭുതപ്പെടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കേരളീയരുടെ ഭക്ഷണ താല്‍പര്യങ്ങളിലുണ്ടായ മാറ്റങ്ങളുടെ ചരിത്രപശ്ചാത്തലം പരിശോധിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും ലേഖനം പറയുന്നു.

കേരളത്തില്‍ ബീഫ് കഴിക്കുന്ന ശീലത്തോടുള്ള അത്ഭുതമാണ് ലേഖനം പങ്കുവെയ്ക്കുന്നത്. കേരളത്തിലെ ഹിന്ദുക്കളില്‍ നിന്നും ബി.ജെ.പിക്ക് അനുകൂലമായ പ്രതികരണമായിരുന്നില്ല ഉണ്ടായത്. ഇതും ലേഖകനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

കൂടാതെ കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെക്കുറിച്ച് ഏറെ നുണകളാണ് ലേഖനത്തിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ നിരവധി ഹിന്ദുക്കള്‍ താമസിക്കുന്നുണ്ടെന്ന കാര്യം മാറ്റിനിര്‍ത്തി ഇത് മുസ്‌ലീങ്ങള്‍ക്കുവേണ്ടി മാത്രമുള്ള ജില്ലായാണെന്ന തരത്തില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഹിന്ദുക്കള്‍ക്ക് അവിടെ ഭൂമി വാങ്ങാന്‍ അവകാശമില്ലെന്നും അവാസ്തവവും എടുത്ത് പറഞ്ഞിട്ടുണ്ട്.

ലേഖനത്തിന്റെ പൂര്‍ണരൂപം:

അഞ്ചുപതിറ്റാണ്ടിലേറെയുള്ള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളാല്‍ അതിന്റെ ഹിംസാത്മക പ്രത്യശാസ്ത്രവും, നാസ്തിക ചിന്താഗതിയും നിരീശ്വരവാദവുമൊക്കെ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിയിരിക്കുകയാണ്. “ദൈവികതയുടെ പൊതുബോധം” എന്നു വിളിക്കാവുന്ന ഒന്നും കേരളീയ ഹിന്ദുക്കള്‍ക്കിടയിലില്ല.

കേരളത്തില്‍ നിന്നെത്തുന്ന ഉന്നതര്‍ക്ക് സ്ഥിരമായി ബീഫ് വിളമ്പാറുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയിലെ കേരള ഹൗസ് കാന്റീനില്‍ പോലീസ് നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പോലീസിനെ കോടതി കയറ്റുമെന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന നിയമലംഘനവും ഭാരത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ അപലപിക്കലുമാണ്. മുഖ്യമന്ത്രിയുടെ ഈ നിലപാടിന് മികച്ച വാര്‍ത്താ പ്രധാന്യം ലഭിച്ചപ്പോള്‍ കേരളത്തിലുള്ള ഹിന്ദുക്കള്‍ ഒഴിച്ച് ഭാരതത്തിലെ മുഴുവന്‍ ഹൈന്ദവരും അത്ഭുതപ്പെടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കേരളീയരുടെ ഭക്ഷണ താല്‍പര്യങ്ങളിലുണ്ടായ മാറ്റങ്ങളുടെ ചരിത്രപശ്ചാത്തലം പരിശോധിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

ഹിന്ദുയിസത്തെക്കുറിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സാധാരണ ഹിന്ദുക്കളോട് ചോദിക്കുകയാണെങ്കില്‍ “മതം മനുഷ്യനെ മയക്കുന്ന ലഹരിയാണ്” എന്നാണ് അവന്‍/അവള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കുക. 2006ല്‍ അധികാരത്തില്‍ വരുന്നതിനു തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് മുന്‍ മുഖ്യമന്ത്രിയായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞ കാര്യം നിങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കും: ” മുല്ലമാരെയും മദ്രസാ അധ്യാപകരെയും സര്‍ക്കാര്‍ ശമ്പളവ്യവസ്ഥയ്ക്കു കീഴില്‍ കൊണ്ടുവരികയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്”. കമ്മ്യൂണിസ്റ്റ് വാഗ്ദാനം പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍വന്നയുടന്‍ അദ്ദേഹം ഈ വാഗ്ദാനം പാലിക്കുകയും ചെയ്തു.

സി.പി.ഐ.എം പോളിറ്റ്ബ്യൂറോ ബ്യൂറോ അംഗവും കേരത്തിലെ മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി പറഞ്ഞത് തങ്ങള്‍ ഗാന്ധിയന്‍ അഹിംസയെ പിന്തുടരില്ല എന്നാണ്. വാസ്തവത്തില്‍ ഈ പ്രസ്താവന ഭാരതത്തിലെ പണ്ഡിതന്‍മാര്‍ കാണുന്നത് ഹിംസക്കും പ്രതിഹിംസക്കുമുള്ള ആഹ്വാനമായാണ്. ഇത് സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെയും വില കുറച്ചു കാണുന്നതും മനുഷ്യത്വത്തെ ഇല്ലാതാക്കുന്നതുമാണ്.

“സര്‍ക്കാറിനെ മറിച്ചിടല്‍” എന്ന് പൊതുവെ അറിയപ്പെടുന്ന രാഷ്ട്രീയ ഉന്മൂലത്തിന്റെ മഹത്തായ പാരമ്പര്യം അവകാശപ്പെടാവുന്ന ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാന രൂപീകരിക്കപ്പെട്ടശേഷം, 1957ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സി.പി.ഐ.എമ്മും ഇടയ്ക്കിടെ ഐ.യു.എം.എല്ലുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച, രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരിച്ച, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ ഭരിച്ച നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നുവരെ മാറിമാറി വന്ന സര്‍ക്കാറുകള്‍ മറിച്ചിടല്‍ കളിയില്‍ കുറച്ചുദിനങ്ങള്‍ മുതല്‍ അഞ്ചുവര്‍ഷം വരെ നിലകൊള്ളുകയും ചെയ്തു. ഒന്നോ രണ്ടോ സര്‍ക്കാറുകള്‍ അല്ലാതെ കേരളത്തിലെ ഒരു സര്‍ക്കാറും അഞ്ചുവര്‍ഷം തികച്ചു ഭരിച്ചില്ല. അറബിക്കടലിന്റെ അതിര്‍ത്തിയിലുള്ള ചെറു സംസ്ഥാനമായിരുന്നിട്ടും കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്ര റാഡിക്കല്‍ രാഷ്ട്രീയ ചിന്തയും ബോധവും ലോകത്തിലെ മറ്റൊരിടത്തുമുള്ള ജനതയ്ക്ക് അവകാശപ്പെടാനാവില്ല.

ഭാരതത്തില്‍ നൂറുശതമാനം സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. അതേസമയം, കേരളത്തിനാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ചരിത്രം അവകാശപ്പെടാനുള്ളത്; ഭാരത്തിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനവും കേരളം തന്നെ; ഏറ്റവുമധികം മാനസിക രോഗികളുള്ളതും ഇവിടെ തന്നെ; വിവാഹമോചനനിരക്കും ഇവിടെയാണ് കൂടുതല്‍. വിവാഹം കഴിക്കാതെ എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ജീവിക്കുന്നതും ഇവിടെയാണ്.

യു.പി.എ സര്‍ക്കാര്‍ 2004ല്‍ സ്ത്രീ സംരക്ഷണത്തിനായി ഗാര്‍ഹിക പീഡന നിരോധന നിയമം കൊണ്ടുവന്നപ്പോള്‍, ലിവി ഇന്‍ റിലേഷന്‍ഷിപ്പ് എന്നറിയിപ്പെടുന്ന വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ആശയം പരിചയപ്പെടുത്തിയത്. ഈ ആശയത്തിനു വിത്തുപാകിയ ഫെമിനിസ്റ്റും, കമ്മ്യൂണിസ്റ്റ് സഹയാത്രികയുമായ ഇന്ദിര ജെയ്‌സിങ് കേരളത്തിലെ കോളേജ് വിദ്യാര്‍ഥിനികള്‍ക്കിടയിലെ താരമാണ്.

പുരുഷന്മാര്‍ക്കിടയില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നതും ഇവിടെയുള്ളവരാണ്. വ്യാവസായിക പ്രതിസന്ധികള്‍ കാരണം ജോലിസമയം നഷ്ടപ്പെടുന്നതും ഇവിടെയാണ്. ഏറ്റവുമധികം സമരങ്ങളും ഹര്‍ത്താലുകളും നടത്തപ്പെടുന്നതും ഇവിടെയാണ്. സി.പി.ഐ.എം അനുഭാവികളുടെ തൊപ്പിവീണാല്‍ പോലും സമരവും ഹര്‍ത്താലും സംഘടിപ്പിക്കും.

അടുത്തപേജില്‍ തുടരുന്നു

ഹിന്ദുയിസത്തിനു പ്രിയപ്പെട്ട എല്ലാ വിശ്വാസങ്ങളെയും അന്ധവിശ്വാസമെന്ന് പറഞ്ഞ് ആക്രമിക്കുന്ന യുക്തിവാദികളായ എന്‍.ജി.ഒകള്‍ ഏറ്റവുമധികം ഉള്ളതും ഇവിടെയാണ്. ഇത്തരം യുക്തിവാദികളായ എന്‍.ജി.ഒകളാണ് “താലികത്തിക്കല്‍” “ബീഫ് ഫെസ്റ്റ്” തുടങ്ങിയ സമരങ്ങള്‍ തെരുവില്‍ സംഘടിപ്പിക്കുന്നതും. ചുരുക്കിപറഞ്ഞാല്‍ ഭൂരിപക്ഷസമുദായത്തിന്റെ വികാരങ്ങളെ അവഗണിക്കല്‍.

കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഹൈസ്‌കൂളുകളില്‍ തന്നെ ആരംഭിക്കും. കേരള മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയ്ക്കുവരെ വിദ്യാഭ്യാസ കാലത്ത് ഏറ്റവുമധികം സമരങ്ങള്‍ സംഘടിപ്പിച്ചു എന്ന ഖ്യാതിയുണ്ട്. അതാണ് ഹിംസാത്മകമായ ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യതയും. അങ്ങിങ്ങായുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ നിത്യസംഭവങ്ങളാണ്. പ്രത്യേകിച്ച് വടക്കന്‍ സംസ്ഥാനമായ കണ്ണൂരില്‍. കമ്മ്യൂണിസ്റ്റ് അതികായകന്മാരായ എ.കെ ഗോപാലന്‍, പിണറായി വിജയന്‍ തുടങ്ങിയവരുടെയെല്ലാം സ്വദേശം കണ്ണൂരാണ്. ഇവിടെ ദിവസമുള്ള കൊലപാതകങ്ങളും അക്രമങ്ങളും മറ്റും ഇത്തരം വാര്‍ത്തകളുടെ വാര്‍ത്താപ്രാധാന്യം തന്നെ കുറച്ചിരിക്കുകയാണ്. എന്നിരുന്നാലും “കൊലപാതക നിലം” എന്നാണഅ മലയാളികള്‍ക്കിടയില്‍ ഇവിടം അറിയപ്പെടുന്നത്.

1956ല്‍ ബ്രാഹ്മണനായ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരളം ലോകശ്രദ്ധയാകര്‍ഷിച്ചു. സംസ്ഥാനത്ത് കമ്മ്യൂണിസം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ് ഇ.എം.എസ് തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചത്.   1945ല്‍ ഇറ്റലിക്കടുത്തുള്ള സാന്‍ മറീനോയില്‍ കമ്മ്യൂണിസം സ്ഥാപിക്കാനായപ്പോള്‍ ആ സംഭവം കോളേജ് വിദ്യാര്‍ത്ഥിയായ ഇ.എം.എസിനെ ഭ്രമിപ്പിച്ചിരുന്നു. കാരണം തന്റെ ജീവിതത്തില്‍ ഓരോ നിമിഷവും ഓരോ ശ്വാസവും ഇതിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

അദ്ദേഹത്തിന്റെ സമയവും, പണവും ഊര്‍ജവും ഉദ്യമവും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. ഈ ലക്ഷ്യത്തിനുവേണ്ടി മുമ്പെങ്ങുമില്ലാത്ത തരത്തില്‍ താഴേത്തട്ടിലേക്ക് എത്തിച്ചേരുന്ന തന്ത്രങ്ങള്‍ അദ്ദേഹം സ്വീകരിച്ചു. കേരളത്തിലെ മുസ്‌ലീങ്ങളെ പ്രീണിപ്പിക്കുന്നതിനായി അദ്ദേഹം നേരിട്ട് എല്ലാ മുസ്‌ലിം ലീഗ് നേതാക്കളെയും കാണുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സഹായത്തിനു പകരമായി കേരള മുഖ്യമന്ത്രിയായാല്‍ മുസ്‌ലീങ്ങള്‍ക്ക് പ്രത്യേക ജില്ല അനുവദിക്കുമെന്നും വാഗ്ദാനം നല്‍കി. അതനുസരിച്ച് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം മലപ്പുറം ജില്ല രൂപീകരിച്ചു.

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം സൗദി അറേബ്യയുടെ ചെറുപതിപ്പാണ്. ഇവിടെ മുസ്‌ലീങ്ങള്‍ക്ക് ഇസ്‌ലാമിക ആചാരങ്ങളും അജണ്ടകളും അനുസരിച്ച് ആരുടെയും ശല്യമില്ലാതെ കഴിയം. സൗദി അറേബ്യയിലെ ധനികരായ അറബികളുടെ ഫണ്ട് സ്വീകരിക്കാം. മലപ്പുറം ജില്ലയില്‍ എല്ലാ വീടുകളിലും എല്ലാ മുക്കിലും മൂലയിലും ഗോഹത്യ കാണാം. തുകല്‍ വ്യവസായം കാണാം. ഇവിടെയുള്ള മുസ്‌ലീങ്ങളില്‍ ആര്‍ക്കെങ്കിലും ഭൂമി വില്‍ക്കണമെന്നുണ്ടെങ്കില്‍ അത് മുസ് ലീങ്ങള്‍ക്കു മാത്രമേ നല്‍കാവൂ എന്ന അലിഖിത നിയമം ഭീഷണിപ്പെടുത്തിയും മറ്റും ഇവിടെ നടപ്പിലാക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് അവളുടെ/ അവന്റെ ഭൂമി വില്ക്കണമെങ്കില്‍ അത് മുസ്‌ലീങ്ങള്‍ക്കുമാത്രമേ വാങ്ങാനാവൂ.

സമാനമായി, കേരളത്തിലെ ദളിതരെ പ്രീണിപ്പിക്കുന്നതിനായി ഇ.എം.എസ് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. അദ്ദേഹം മഹാത്മാഗാന്ധിയെ
“ഹിന്ദു മതമൗലികവാദിയായി” ചിത്രീകരിച്ചു. സ്വയംപ്രഖ്യാപിത ദളിത് നേതാവായ കാഞ്ച ഇളയയുടെ കാഴ്ചപ്പാടുകളോട് അദ്ദേഹം പൂര്‍ണമായി യോജിച്ചു. അതായത്, “ഗാന്ധിയും അദ്ദേഹത്തിന്റെ ബ്രാഹ്മണ തത്വങ്ങളായ വെജിറ്റേറിയനിസവും, സ്വദേശിയും ഗോസംരക്ഷണവും ബ്രഹ്മചര്യവും അഹിംസയുമെല്ലാം പച്ചക്കള്ളമായി അകറ്റിനിര്‍ത്തുകയും എന്നെന്നേക്കുമായി അവഗണിക്കുകയും ചെയ്തു. ഇ.എം.എസ് ദളിതരുടെ വീടുകള്‍ സന്ദര്‍ശിക്കാറും അവരുടെ സമൂഹ്യാചാരങ്ങളില്‍ പങ്കെടുക്കാറുമുണ്ടായിരുന്നു. അത്തരം പരിപാടികളില്‍ ബീഫ് വിളമ്പുമ്പോള്‍ അദ്ദേഹവും അതില്‍ പങ്കാളിയാവും. “ഒരാള്‍ക്ക് മട്ടണ്‍ കഴിക്കാമെങ്കില്‍ ബീഫ് കഴിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന” ന്യായവാദം അവര്‍ക്കിടയില്‍ ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അങ്ങനെ മുസ് ലീങ്ങളും, ക്രിസ്ത്യാനികളും നടത്തുന്ന കേരളത്തിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പ്രധാന വിഭവമായി ബീഫ് വിളമ്പാന്‍ തുടങ്ങി. ഈ സമയത്താണ് 1950കളില്‍ കമ്മ്യൂണിസ്റ്റുകള്‍ കേരളത്തില്‍ അധികാരം പിടിച്ചെടുത്തത്.

തന്റെ ജീവിതകാലഘട്ടത്തില്‍ ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ആര്‍.എസ്.എസ് തീവ്രവാദി സംഘടനയാണെന്ന് ഇ.എം.എസ് പലപ്പോഴും പറഞ്ഞിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ സി.പി.ഐ.എം അനുഭാവികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വിചിത്രകരമെന്ന് പറയാം. ഹിന്ദുക്കളായ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കാറല്‍ മാര്‍ക്‌സ്, ലെനിന്‍, മാവോ എന്നിവരുടെ ഹിംസാത്മകമായ ആശയങ്ങള്‍ ഉപയോഗിച്ച് ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന സനാതന ധര്‍മത്തെയും ദേശീയ ചിന്താഗതിയെയും ആക്രമിക്കുകയാണ്. മനുഷ്യചരിത്രത്തില്‍ എവിടെയും ഇത് കാണാന്‍ കഴിയില്ല.

ചുരുക്കിപ്പറഞ്ഞാല്‍ ഇസ്‌ലാമിക മൗലികവാദത്തിന്റെ ഫലഭൂയിഷ്ട നിലമായി കേരളം മാറാനും സംസ്ഥാനത്തിന്റെ സാമൂഹ്യചുറ്റുപാടുകള്‍ക്കുള്ളില്‍ ആഴത്തില്‍ നിലയുറപ്പിക്കാനും കാരണം ഇതാണ്. ഇസ്ലാമിക മൗലികവാദത്തിന്റെ തീവ്രത പിന്നീട് അപകടകരമാം വിധം സംസ്ഥാനത്ത് വ്യാപിക്കുകയും ചെയ്തു. സൗദി അറേബ്യയും പാകിസ്ഥാനും സാമ്പത്തികമായും ആശയപരമായും പിന്തുണക്കുന്ന ഇസ് ലാമിക മൗലികവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായാണ് ഇപ്പോള്‍ കേരളം കണക്കാക്കപ്പെടുന്നത്. അടുത്തിടെ പ്രവാചകന്‍ മുഹമ്മദുമായി ബന്ധപ്പെട്ട് കാര്യം ചോദ്യപേപ്പറുകളില്‍ സൂചിപ്പിച്ചതിന് ഇസ്ലാമിസ്റ്റുകള്‍ ടി.ജെ ജോസഫ് എന്ന കോളജ് അധ്യപാകന്റെ കൈ വെട്ടി. കേരളത്തിന്റെ ബിന്‍ലാദനായി കണക്കാക്കുന്ന അബ്ദുല്‍നാസര്‍ മദനിക്ക് നിരവധി സ്‌ഫോടനങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലും കൊലപാതകങ്ങളിലും പങ്കുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ ജയിലില്‍ കഴിയുകയാണ്. അദ്ദേഹം എല്ലാ കമ്മ്യൂണിസ്റ്റ് അതികായകരും ആദരിക്കുകയും സ്വീകരിക്കുകയും ചെയ്ത രാഷ്ട്രീയ കൂട്ടാളിയാണ്. ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുളളവര്‍. ഈ യാഥാര്‍ഥ്യങ്ങള്‍ കാരണമാണ് മുസ്ലീങ്ങളുടെ ഭക്ഷണ പ്രാമുഖ്യങ്ങള്‍ കേരളത്തില്‍ ഏറെ സ്വീകരിക്കപ്പെട്ടത്. ഹിന്ദു സന്യാസിമാരാല്‍ പ്രചരിപ്പിക്കപ്പെട്ട വെജിറ്റേറിയസത്തെ അത് മുഴുവനായി വിഴുങ്ങിക്കളഞ്ഞിരിക്കുകയാണ്.

ജനാധിപത്യ ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയത് ലോകശ്രദ്ധയാകര്‍ഷിച്ചത് പോലെ തന്നെ സ്വതന്ത്ര ഭാരതത്തില്‍ കേരളത്തിലാണ് ആദ്യമായി മുസ്‌ലിം ലീഗിന്റെ ഇസ്‌ലാമിക ഭരണം നടപ്പിലാവുന്നത്. തീവ്ര മതമൗലികവാദിയായ സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിലായിരുന്നു അത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ യു.പി.എ സര്‍ക്കാറിന്റെ കൂട്ടുകക്ഷിയിലെ ഒരംഗം ഐ.യു.എം.എല്‍ ആയിരുന്നു. മുന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സെക്യുലര്‍ എന്ന വാക്ക് ഉള്‍പ്പെടുത്തി ഭേദഗതി കൊണ്ടുവന്നത്. പൗരാണിക സംസ്‌കാര കാലഘട്ടം മുതല്‍ ഭാരതീയ ഭരണഘടന പരമ്പരാഗതമായി മതേതരം തന്നെയായിരുന്നു. വസുദേവ കുടുംബം എന്ന ആശയത്തില്‍ എല്ലാ മതത്തെയും ഒരേപോലെ സ്വീകരിച്ചിരുന്നു.

ഐ.യു.എം.എല്‍ ഭരണകാലത്തും ഐ.യു.എം.എല്ലിന്റെ പിന്തുണയില്‍ അധികാരത്തില്‍ വന്ന അതിനുശേഷമുള്ള സര്‍ക്കാറുകളുടെ കാലത്തും കേരള സര്‍ക്കാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടി നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളിലും മറ്റ് വിദ്യാഭ്യാസ വസ്തുക്കിലും കാലാനുസൃതമായ പരിശോധനങ്ങള്‍ നടന്നിരുന്നു. നിര്‍ദേശിക്കപ്പെട്ട ഏതെങ്കിലും പുസ്തകത്തിലോ റഫന്‍സുകളിലോ ഇസ് ലാമിക ബുദ്ധിജീവികളെപ്പറ്റി എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് ചിത്രീകരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ്ത് സിലബസില്‍ നിന്നും നീക്കുകയും ചെയ്യാറുണ്ടായിരുന്നു. (ഇത്തരത്തില്‍ മുസ് ലിം വിദ്യാര്‍ഥികളുടെ പുസ്തകം കത്തിക്കല്‍ സമരത്തിന് കേരളത്തില്‍ നിരവധി ഉദാഹരമങ്ങളുണ്ട്.). അതേപോലെ ഹിന്ദു യോദ്ധാക്കളെയും സന്യാസിമാരെയും സംബന്ധിക്കുന്ന എല്ലാ പഠനങ്ങളും മതേതരത്വത്തിന്റെ പേരില്‍ കര്‍ശനമായി നിരോധിക്കുകയും ചെയ്തിരുന്നു.

വാസ്തവത്തില്‍ ഛത്രപതി ശിവാജിയുടെ ജീവചരിത്രം സംബന്ധിച്ചുള്ള പാഠപുസ്തകം സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം കേരളത്തില്‍ നിരോധിക്കുകയായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഒരു സര്‍ക്കാര്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസ ജീവിതം തുടര്‍ന്നത്. ആ സമയത്ത് ഹൈന്ദവ വിശുദ്ധരും രാജാക്കന്‍മാരുമായ രാജ ഹരീഷ് ചന്ദ്ര, ശിവാജി തുടങ്ങിയവരെ കുറിച്ചും മറ്റുമുള്ള പാഠഭാഗങ്ങള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു.

ആരുടെ ജീവിതങ്ങളില്‍ അനുകമ്പയും സ്‌നേഹവും ദേശീയതയും ധാര്‍മ്മിക തത്ത്വചിന്തയും മാനുഷിക പരിഗണനയും ആത്മീയതയും നിഴലിച്ചുനിന്നിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം പാഠഭാഗങ്ങള്‍ സിലബസില്‍ നിന്ന് തന്നെ നീക്കം ചെയ്ത് പൊതുവേശ്യകളുടെ ജീവിതം പറയുന്ന നളിനി ജമീല എഴുതിയ ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥയെന്ന പാഠഭാഗമായിരുന്നു പകരം പാഠ്യവിഷയമാക്കിയത്. അതുപോലെ കുപ്രസിദ്ധകള്ളന്റെ(കള്ളന്‍ മണിയന്‍പിള്ളയുടെ ആത്മകഥ) തുടങ്ങിയവയും പാഠഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു

അതുപോലെ, ഗ്രന്ഥരൂപത്തിലുള്ള കവിതകളില്‍ സൗദി അറേബ്യയിലെ തീവ്രവാദിയും അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തകരായ ഇബ്രാഹിം അല്‍ റുബൈഷ് അലിയാസിന്റെ രചനയായ ഓഡ് ടു ദ സീ എന്ന പുസ്തകമാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്നത്

കേരളത്തിലെ മുസ്ലീം ജില്ലയായ മലപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഈ സര്‍വകലാശാലയിലെ 90 ശതമാനം വരുന്ന വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും ഓഫീസര്‍മാരും വി.സിയും എല്ലാം മുസ്ലീങ്ങളാണെന്ന യാഥാര്‍ത്ഥ്യം കൂടി ഇവിടെ മനസിലാക്കേണ്ടിയിരിക്കുന്നു.

ഓരോ രാജ്യങ്ങള്‍ക്കും ഏതെങ്കിലും ദേശീയ നായകന്‍മാര്‍ ഉണ്ടായിരിക്കണമെന്നും അങ്ങനെ ഇല്ലാത്ത പക്ഷം ” അത് വാതിലുകള്‍ ഇല്ലാതെ ഒരു വീടുപോലെ ആയിരിക്കുമെന്നുമായിരുന്നു നോബല്‍ സമ്മാന ജേതാവായ ഗബ്രിയേല്‍ ഗര്‍സിയ  പറഞ്ഞത്

എന്നിരുന്നാലും കേരളത്തില്‍ അത്തരത്തിലുള്ള ഒരു ദേശീയനേതാക്കളം ഉണ്ടെന്ന് തോന്നുന്നില്ല. അവരുടെ ദേശീയ നേതാക്കള്‍ എന്നുപറയുന്നത് ചൈനയിലെയും റഷ്യയിലേയും മാര്‍കിസ്റ്റ് നേതാക്കളും സൗദി അറേബ്യ പോലുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുമാണ്.

കമ്യൂണിസ്റ്റുകള്‍ ശക്തിയാര്‍ജ്ജിച്ചതിന് ശേഷം ജനിച്ച ആളുകള്‍ക്കൊന്നും മാനുഷിക മൂല്യങ്ങളെ കുറിച്ചോ മതഗ്രന്ഥങ്ങളെ കുറിച്ചോ മതനിരപേക്ഷതയെ കുറിച്ചോ ഐതിഹ്യങ്ങളെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു കാരണം മതനിരപേക്ഷതയുടെ പേരുപറഞ്ഞ് ഇവയൊക്കെ കേരളത്തില്‍ നിന്നും തുടച്ചുമാറ്റപ്പെടുകയാണ് ചെയ്തത്.

രാജ്യത്തെ മൊത്തം ഹിന്ദുക്കളുടെ വികാരങ്ങളെ പുഛിക്കുന്ന തരത്തില്‍ ദല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് വിളമ്പുന്നതും ദല്‍ഹി പോലീസിനെ കോടതി കയറ്റുമെന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ കേരള മുഖ്യമന്ത്രിയുടെ ഭീഷണിയും കേരളത്തിന്റെ മാത്രം അസാധാരണമായ മാംസാഹാര ഭക്ഷണശീലവുമായി ബന്ധപ്പെടുത്തേണ്ടതാണ്.

We use cookies to give you the best possible experience. Learn more