ആര്‍.എസ്.എസ് എതിര്‍പ്പ്; സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനായി വിളിച്ചു ചേര്‍ത്ത യോഗം മാറ്റി; ബി.ജെ.പിയില്‍ പ്രതിസന്ധി
Kerala
ആര്‍.എസ്.എസ് എതിര്‍പ്പ്; സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനായി വിളിച്ചു ചേര്‍ത്ത യോഗം മാറ്റി; ബി.ജെ.പിയില്‍ പ്രതിസന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 1:08 pm

തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയില്‍ പ്രതിസന്ധി. നാളെ ചേരാനിരുന്ന ഭാരവാഹി, കോര്‍ കമ്മിറ്റി യോഗങ്ങള്‍ മാറ്റി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് വിളിച്ചു ചേര്‍ത്ത യോഗമാണ് മാറ്റിവെച്ചത്.

സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തുന്നതിനായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. യോഗം മാറ്റാന്‍ കാരണം ആര്‍.എസ്.എസ് എതിര്‍പ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷുമായി ചര്‍ച്ചക്കില്ലെന്ന് ആര്‍.എസ്.എസ് നിലപാടെടുത്തതായാണ് അറിയുന്നത്.

വട്ടിയൂര്‍കാവ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും കുമ്മനം രാജശേഖരനെ ഒഴിവാക്കിയതില്‍ അടക്കം ആര്‍.എസ്.എസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന അധ്യക്ഷനായ പി.എസ് ശ്രീധരന്‍ പിള്ള ഗവര്‍ണാറായി മിസോറാമിലേക്ക് പോയതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ പാര്‍ട്ടിയില്‍ ചര്‍ച്ച സജീവമായത്.

ആര്‍.എസ്.എസ് പ്രചാരകനായിരുന്ന കുമ്മനത്തെ വെട്ടി ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ എസ് സുരേഷിന് സീറ്റ് നല്‍കാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.

നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് എന്‍.ഡി.എയില്‍ അസ്വാരസ്യങ്ങള്‍ ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നടക്കം ആര്‍.എസ്.എസ് വിട്ടു നിന്നിരുന്നു.

ആര്‍.എസ്.എസിന് വലിയ സ്വാധീനമുള്ള മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും പ്രചരണരംഗത്ത് ആര്‍.എസ്.എസിന്റെ മേധാവിത്വം ഉണ്ടായിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രചാരണം വിപുലമാക്കുന്നതിന് ആര്‍.എസ്.എസ് ഭാരവാഹികളെ ചുമതലപ്പെടുത്തിരുന്നു. തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയും ആര്‍.എസ്.എസിനായിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരത്തിലുള്ള ഒരു ചുമതലയും ആര്‍.എസ്.എസ് ഏറ്റെടുത്തിട്ടില്ല. മുതിര്‍ന്ന നേതാവായ കുമ്മനം രാജശേഖരനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു.