തിരുവനന്തപുരം: ശബരിമലയില്‍ കുടുബത്തോടൊപ്പം പോകാന്‍ താന്‍ തയാറാണെന്നു പറഞ്ഞ എ.ബി.വി.പി. നേതാവ് ശ്രീപാര്‍വതിക്ക് സംഘപരിവാറിന്റെ വധഭീഷണി. ആര്‍.എസ്.എസ് മുഖപ്രസിദ്ധീകരണമായ “കേസരി”യിലാണ് ശ്രീപാര്‍വതി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. എ.ബി.വി.പിയുടെ തിരുവനന്തപുരം നഗരപ്രമുഖാണ് ശ്രീപാര്‍വതി.
നിലവിലുള്ള സംഘപരിവാര്‍ നിലപാടിന് വിരുദ്ധമായി അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ഇപ്പോള്‍ ശ്രീപാര്‍വതി വധഭീഷണി നേരിടുന്നത്. എന്നാല്‍ ശ്രീപാര്‍വതിയുടെ നിലപാടിന് മാറ്റമില്ലെന്നും കുടുംബവുമായി ശബരിമലയില്‍ പോകാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും ശ്രീപാര്‍വതിയുടെ മാതാവ് ബിന്ദു പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനവിധി ആര്‍.എസ്.എസ്സും സംഘപരിവാറും അംഗീകരിച്ചതായാണ് മകള്‍ തന്നോട് പറഞ്ഞത്. തങ്ങള്‍ അതില്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് അവര്‍ നിലപാട് മാറ്റിയത്. ശ്രീപാര്‍വതിയുടെ അമ്മ പറയുന്നു. നിലപാട് മാറ്റിയതില്‍ മകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. അപ്പോള്‍ സ്ഥാനം ഒഴിയാന്‍ പറഞ്ഞുകൊണ്ടാണ് ആര്‍.എസ്.എസ്. പ്രതികരിച്ചത്. ഇതിനെതിനെതിരെ ശ്രീപാര്‍വതി നിലപാട് കടുപ്പിച്ചു. സംഘപരിവാറിന്റെ ഇരട്ടത്താപ്പ് മനസിലാക്കിയതിനാലായിരുന്നു ഇത്.
കുറിപ്പ് ശ്രദ്ധയില്‍പെട്ട ഏതാനും ആര്‍.എസ്.എസ്. നേതാക്കള്‍ ശ്രീപാര്‍വതിയെ കാണുകയും തന്റെ നിലപാട് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിലപാട് തിരുത്താന്‍ താന്‍ തയാറാകാത്തപ്പോഴാണ് തനിക്കെതിരെ ആര്‍.എസ്.എസ്. വധഭീഷണി മുഴക്കിയതെന്നു ശ്രീപാര്‍വതി പറയുന്നു.
സുപ്രീം കോടതി വിധിയില്‍ തങ്ങള്‍ക്ക് ആഹ്ലാദമാണുള്ളതെന്നും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍ വിധിയെ പഴിക്കാന്‍ തങ്ങള്‍ തയാറല്ലെന്നും ശ്രീപാര്‍വതിയുടെ കുടുംബം പറയുന്നു. “കുടുംബത്തിലെ മറ്റു സ്ത്രീകളെയും സ്ത്രീകളായ സുഹൃത്തുക്കളെയും കൂടെക്കൂട്ടും. കാലപ്പഴക്കം ചെന്ന ചില വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പ്രവണത ശരിയല്ല”. കുടുംബാംഗങ്ങള്‍ പറയുന്നു.
“വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അനുകൂല വിധിയുള്ളപ്പോഴാണല്ലോ അമ്പലത്തില്‍ പോകുന്നത്? പ്രശസ്തി കിട്ടാന്‍ വേണ്ടിയുള്ള നിലപാടല്ല ഞങ്ങളുടേത്. ഏതായാലും പെട്ടെന്ന് തന്നെ ഒരു മാറ്റം സംഭവിക്കും. അധികം വൈകാതെ ഞാന്‍ ശബരിമലയ്ക്ക് പോകും” ബിന്ദുവും തന്റെ നിലപാട് വ്യക്തമാക്കുന്നു.
തിരുവനന്തപുരം കോ-ഓപറേറ്റീവ് ട്രൈനിംഗ് കോളെജ് വിദ്യാര്‍ത്ഥിയാണ് ശ്രീപാര്‍വതി. ശ്രീപാര്‍വതിയെ കൂടാതെ തിരുവന്തപുരത്തെ പ്രമുഖ ആര്‍.എസ്.എസ്. നേതാവ് സുജിത്തിന്റെ മകള്‍ അഞ്ജന സുജിത്തും ശബരിമല വിധിയെ അനുകൂലിച്ചുകൊണ്ട് “കേസരി”യില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
തന്റെ വിശ്വാസം തന്നെയാണ് തന്റെ ഈശ്വരനെന്നും, തന്നാല്‍ കളങ്കപ്പെടുന്നവന്‍ എങ്ങനെ ഈശ്വരനാകുമെന്നും ശ്രീപാര്‍വതി ചോദിക്കുന്നു. “ഈ വിധി ഒരു തുടക്കമാകണം. എല്ലാ സ്ത്രീവിരുദ്ധതക്കും എതിരെയുള്ള തുടക്കം. ഇത് എല്ലാ മതങ്ങളിലേക്കും വ്യാപിക്കണം. സ്ത്രീകള്‍ അടിമകളോ രണ്ടാംതരക്കാരോ ആകരുത്. തുല്യത അനിവാര്യമാണ്. ശബരിമലയില്‍ പോകുന്നവരെ തടയരുത്. പോകേണ്ടവര്‍ പോകുക തന്നെ വേണം” ശ്രീപാര്‍വ്വതി തന്റെ അഭിപ്രായം വ്യക്തമാക്കി.
“കേസരി”യില്‍ പ്രസിദ്ധീകരിച്ച ശ്രീപാര്‍വതിയുടെ കുറിപ്പ് ചുവടെ
“സുപ്രീം കോടതി വിധിയില്‍ ഏറെ ആഹ്ലാദിക്കുന്നു. ഞങ്ങള്‍ എത്രയും പെട്ടെന്നു കുടുംബസമേതം ശബരിമലയ്ക്ക് പോകും. ഞങ്ങളോടൊപ്പം കുടുംബ സുഹൃത്തുക്കളായ സ്ത്രീകളും ഉണ്ടാകും. അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റെയും പേരില്‍ പല മേഖകലളില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ആചാരങ്ങള്‍ക്കൊന്നും യുക്തിഭദ്രതയില്ല്‌ല. കുറെ കാലമായുള്ള എന്റെ ആഗ്രഹമാണ് നിറവേറാന്‍ പോകുന്നത്.”