| Thursday, 28th March 2024, 12:51 pm

ക്രിസ്ത്യന്‍ എന്‍.ജി.ഒ കാരിത്താസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ആര്‍.എസ്.എസ് മുഖപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കത്തോലിക്ക സഭയുടെ എന്‍.ജി.ഒ കാരിത്താസ് വിദേശ ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍. കാരിത്താസിന്റെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കണമെന്നുള്ള എല്‍.ആര്‍.പി.എഫ് എന്ന സംഘടനയുടെ പരാതിയെ ഉദ്ധരിച്ചുകൊണ്ട് ഓര്‍ഗനൈസര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങല്‍ ആകെ പട്ടിണിയിലാണെന്നുമുള്ള പ്രചരണം കാരിത്താസ് വഴി നടക്കുന്നുണ്ടെന്നും ആര്‍.എസ്.എസ് മുഖപത്രം പറയുന്നു.

കാരിത്താസ് ഝാര്‍ഖണ്ഡിലെയും ചത്തീസ്ഗഡിലെയും പട്ടിണിയെ പെരുപ്പിച്ച് കാണിച്ചാണ് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നത്. ഇത് ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണെന്നും ആര്‍.എസ്.എസ് മുഖപത്രം പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടന ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തനത്തിന് കാരണമാകുന്നതായും റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കാരിത്താസ് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും ഇത് മറ്റുള്ളവരെ കൂടി അവരുടെ വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് ക്രിസ്തുമതത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പരമ്പരാഗത വിശ്വാസങ്ങളെ ഉപേക്ഷിച്ച് എല്ലാകാര്യങ്ങള്‍ക്കും ക്രിസ്ത്യന്‍ സുവിശേഷകരെ വിശ്വാസത്തിലെടുക്കുന്ന സ്ഥിതിയും കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം സംഭവിക്കുന്നുണ്ടെന്നും ഓര്‍ഗനൈസറില്‍ പറയുന്നു.

കാരിത്താസ് ഇന്ത്യ പ്രധാനമായും പ്രവര്‍ത്തിക്കുന്ന ചത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ധാതു സമ്പുഷ്ടമാണ്. ഇവിടെ ഖനനം നടത്തുന്ന കമ്പനികളെ നിരീക്ഷിക്കാന്‍ കാരിത്താസ് വിവിധ ഗ്രൂപ്പുകളെ നിയോഗിച്ചിട്ടുണ്ട്. ഖനനം തങ്ങളുടെ പരമ്പരാഗത ഭൂമി നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കാരിത്താസ് ഇവിടുത്തെ തദ്ദേശീയരായ ജനങ്ങളെ വിശ്വസിപ്പിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് തങ്ങളുടെ ഭൂമി ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലേക്ക് ജനങ്ങലെ എത്തിക്കുമെന്നും കാരിത്താസ് പ്രചരണം നടത്തുന്നുണ്ട്. സര്‍ക്കാറിനും ജനങ്ങള്‍ക്കുമിടയില്‍ ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി കാരിത്താസ് മാറിയിട്ടുണ്ടെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ കാരിത്താസ് ഓസ്‌ട്രേലിയ എന്ന സംഘടന സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം ധാതു, കല്‍ക്കരി കയറ്റമുതി നടത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ ഏറ്റവുമധികം ഖനനം നടക്കുന്ന ചത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ കാരിത്താസ് ഓസ്‌ട്രേലിയ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ ഓര്‍ഗനൈസര്‍ സംശയത്തോടെയാണ് കാണുന്നത്. കാരിത്താസ് ഇന്ത്യയുമായുള്ള സഹകരണത്തിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇടക്കിടക്ക് ആളുകള്‍ വരുന്നുണ്ടെന്നും ഇതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും ഓര്‍ഗനൈസര്‍ ആവശ്യപ്പെടുന്നുണ്ട്.

അതുപോലെ തന്നെ അതിര്‍ത്തി കടന്നുള്ള ഇന്ത്യ-നേപ്പാള്‍ മനുഷ്യക്കടത്തില്‍ കാരിത്താസ് ഇന്ത്യ ഇടപെടുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതിന് വേണ്ടി അവര്‍ ഒരു സംഘടനക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെയും നേപ്പാളിലെയും നിയമ നിര്‍വഹണ ഏജന്‍സികളുടെ ചുമതല എങ്ങനെയാണ് കാരിത്താസ് ഇന്ത്യ ഏറ്റെടുത്തതെന്നും ഓര്‍ഗനൈസര്‍ ചോദിക്കുന്നുണ്ട്.

മതപരിവര്‍ത്തനം, ഖനനത്തിനും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കും തടസം സൃഷ്ടിക്കല്‍, സമ്മര്‍ദ ഗ്രൂപ്പുകളെ സൃഷ്ടിക്കല്‍, ഗ്രാമസഭകളില്‍ സ്വാധീനമുണ്ടാക്കല്‍ തുടങ്ങി നിരവധി ദുശിച്ച അജണ്ടകള്‍ കാരിത്താസിനുണ്ടെന്നും ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടന കാരിത്താസിന്റെ എഫ്.സി.ആര്‍.ഐ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പരാതിയെ ഉദ്ധരിച്ചുകൊണ്ടാണ് ഓര്‍ഗനൈസര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

CONTENT HIGHLIGHTS: RSS mouthpiece says Christian NGO Caritas is involved in anti-national activities

We use cookies to give you the best possible experience. Learn more