എമ്പുരാൻ വിഷയത്തിൽ പൃഥ്വിരാജിനെതിരെ വീണ്ടും ആർ.എസ്. എസ്. മുഖപത്രം ഓർഗനൈസർ. പൃഥ്വിരാജിനെ കടന്നാക്രമിച്ചുകൊണ്ടുള്ള ലേഖനമാണ് ഓർഗനൈസർ എഴുതിയിരിക്കുന്നത്. കേന്ദ്രത്തിന് എതിരായ നിലപാടുകൾ എടുക്കുന്നയാളാണ് പൃഥ്വിരാജ് എന്നാണ് ആ.എസ്.എസ് മുഖപത്രം ഇത്തവണ എഴുതിയിരിക്കുന്നത്.
മോഹൻലാൽ ഖേദം പ്രകടിപ്പിച്ചെന്നും എന്നാൽ ഇക്കാര്യത്തിൽ പൃഥ്വിരാജ് ഇനിയും വിശദീകരണം നൽകേണ്ടതുണ്ടെന്നാണ് ആർ.എസ്.എസ് പറയുന്നത്. പൃഥ്വിരാജിന് സ്ഥിരമായി രാജ്യവിരുദ്ധ അജണ്ടയുണ്ടെന്നും രാജ്യവിരുദ്ധരുടെ ശബ്‌ദമായി പൃഥ്വിരാജ് മാറിയെന്നും ആർ.എസ്.എസ് ഉന്നയിക്കുന്നു. ഇതിന് ഉദാഹരണമായി അവർ പറയുന്നത് സേവ് ലക്ഷദീപ് ക്യാംപെയിന് പൃഥ്വിരാജ് നേതൃത്വം നൽകിയെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ അദ്ദേഹവും ഇന്ദ്രജിത്തും കള്ളപ്രചാരണം നടത്തിയെന്നുമാണ്.
മാത്രമല്ല പൃഥ്വിരാജിന് ഹിന്ദുക്കളുടെ കാര്യം വരുമ്പോൾ ഇരട്ടത്താപ്പാണ്. മുനമ്പം വിഷയത്തിലും ബംഗ്ലാദേശ് വിഷയത്തിലും ഒന്നും സംസാരിക്കാൻ പൃഥ്വിരാജ് താത്പര്യം കാണിച്ചില്ലെന്നും മൗനം പാലിക്കുന്നുവെന്നും ഓർഗനൈസർ പറഞ്ഞു. പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും കളിയാക്കാനുപയോഗിക്കുന്ന പേരുകളും ഉൾപ്പെടുത്തിയാണ് ആർ.എസ്.എസ് മുഖപത്രത്തിന്റെ ലേഖനം.
ഇന്നലെ (ശനി) എമ്പുരാനിലെ നായകനായ മോഹൻലാൽ ഖേദപ്രകടനം നടത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം. തുടർന്ന് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് മോഹൻലാലിന്റെ ഖേദപ്രകടന കുറിപ്പ് ഷെയർ ചെയ്തിരുന്നു.
Content Highlight: RSS mouthpiece organizer again attacks Prithviraj on Empuran issue