കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു വന്നവര്‍ക്ക് വ്യാപകമായി സീറ്റ് നല്‍കിയത് തിരിച്ചടിയായെന്ന് ബി.ജെ.പിയോട് ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസറിലാണ് ആര്‍.എസ്.എസിന്റെ വിമര്‍ശനം.
തൃണമൂല്‍ വിട്ടു വന്നവരുടെ ജനകീയത പഠിക്കാതെ സീറ്റ് നല്‍കരുതായിരുന്നെന്ന് ഓര്‍ഗനൈസറില്‍ പറയുന്നു. നേരത്തെ ആര്‍.എസ്.എസ് മാര്‍ച്ചില്‍ സംഘടിപ്പിച്ച യോഗത്തിലും ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ബി.ജെ.പി മുന്നറിയിപ്പിനെ അവഗണിച്ചെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. ബംഗാളിലെ പാളിയ പരീക്ഷണങ്ങള്‍ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ബി.ജെ.പിയ്‌ക്കെതിരായ രൂക്ഷവിമര്‍ശനം.
തൃണമൂല്‍ വിട്ട് പോയി ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചവരില്‍ ബഹുഭൂരിപക്ഷം പേരും തോല്‍വിയേറ്റുവാങ്ങിയിരുന്നു. നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ ജയിച്ച സുവേന്ദു അധികാരി, കൂച്ച് ബിഹാറില്‍ മിഹിര്‍ ഗോസ്വാമി, ബിഷ്ണുപുറില്‍ തന്മയ് ഘോഷ്, റണഘട്ട് നോര്‍ത്ത് വെസ്റ്റില്‍ പാര്‍ത്ഥ സാരഥി ചാറ്റര്‍ജി എന്നിവരൊഴിച്ച് പാര്‍ട്ടി വിട്ടുപോയവരെല്ലാം തോറ്റു.