പിണറായിയെ പുകഴ്ത്തിയും കേന്ദ്രത്തെ വിമര്‍ശിച്ചും ആര്‍.എസ്.എസ് മുഖപത്രം; വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു; ഹാക്ക് ചെയ്‌തെന്ന് വിശദീകരണം
Kerala Flood
പിണറായിയെ പുകഴ്ത്തിയും കേന്ദ്രത്തെ വിമര്‍ശിച്ചും ആര്‍.എസ്.എസ് മുഖപത്രം; വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു; ഹാക്ക് ചെയ്‌തെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd August 2018, 4:12 pm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം വെച്ച് പുലര്‍ത്തുന്നതായി ആര്‍.എസ്.എസ് മുഖപത്രം കേസരി.

വളരെ മാനസിക പ്രയാസം അനുഭവിച്ചു കൊണ്ടാണ് കേസരി പത്രാധിപര്‍ ഇന്ന് ഈ കുറിപ്പ് ഇവിടെ ഇടുന്നതെന്നും ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കില്‍ അത് ആത്മ വഞ്ചനയാകും എന്നും പറഞ്ഞുകൊണ്ടാണ് കേസരി മുഖപ്രസംഗം ആരംഭിക്കുന്നത്.

“”നമുക്കേവര്‍ക്കും അറിയാവുന്നതു പോലെ, പ്രളയത്തിനു, പ്രകൃതിക്കു രാഷ്ട്രീയ വത്യാസങ്ങളില്ല, ചെങ്ങന്നൂരും ആറന്‍മുളയും അടക്കം സംഘപുത്രന്മാര്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ആണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്.

നല്ല ഒരുശതമാനം സംഘപുത്രന്മാര്‍ ഈ ദുരന്തത്തില്‍ പെട്ട്‌പോയിട്ടുമുണ്ട്. അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അവര്‍ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോള്‍. അത് ആശാശ്യമല്ല. കേരളമില്ല എങ്കില്‍ നീയും ഞാനും അടക്കം നമ്മളാരുമില്ല. ഭാരതം എന്ന വികാരത്തോടൊപ്പം തന്നെ ഓരോ സംഘപുത്രനും നെഞ്ചില്‍ ഊറ്റം കൊള്ളേണ്ടകൊള്ളേണ്ട ഒരു വികാരമാണ് കേരളം എന്നതും കേരളീയരായി പോയി എന്ന കാരണത്താല്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, കേരളത്തിലെ ദുരിതബാധിതര്‍. രാജ്യത്തെ ബാക്കി ഉള്ള എല്ലാ സംസ്ഥാങ്ങളില്‍ ഉള്ള പൗരന്മാര്‍ക്കും ഉള്ള അതേ അവകാശങ്ങള്‍ നമ്മള്‍ കേരളീയര്‍ക്കുമുണ്ട്. ദുരന്തങ്ങളെ ദുരന്തങ്ങളായി തന്നേ കണ്ടു അതിനു പരിഹാരക്രിയകള്‍ ചെയേണ്ടതുണ്ട്. അതിനൊരിക്കലും രാഷ്ട്രീയമാനം നല്‍കേണ്ടതില്ല.

“വ്യത്യസ്ത രാഷ്ട്രീയ ചേരികളില്‍ നിന്നു ശത്രുക്കളെ പോലെ നമ്മളെ കണ്ടിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണാറായി വിജയന്‍ ഉള്‍പ്പടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പറഞ്ഞത് കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്തു നാം അവര്‍ക്കു തിരിച്ചു നല്‍കേണ്ടതും”” എന്നാണ് മുഖ്യമന്ത്രിയെ പ്രശംസിച്ച് ആര്‍എസ്എസ് മുഖപ്രസംഗത്തില്‍ എഴുതിയത്.

എന്നാല്‍ സംഭവം വിവാദമായതോടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതാണെന്ന വിശദീകരണവുമായി കേസരി രംഗത്തെത്തി.

“”കേസരിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മുഖപ്രസംഗത്തിന്റെ സ്ഥാനത്ത് 2018 ആഗസ്റ്റ് 22 ന് ആരോ നുഴഞ്ഞുകയറി “പ്രിയ സംഘമിത്രങ്ങളെ നമസ്‌കാരം” എന്ന് തുടങ്ങുന്ന പത്രാധിപരുടേത് എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിന് കേസരിയുമായോ പത്രാധിപരുമായോ ഒരു ബന്ധവുമില്ല”” എന്നായിരുന്നു പത്രാധിപരുടെ വിശദീകരണം.

 

മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

പ്രിയ സംഘമിത്രങ്ങളെ നമസ്‌കാരം..

വളരെ മാനസിക പ്രയാസം അനുഭവിച്ചു കൊണ്ടാണ് കേസരി പത്രാധിപര്‍ ഇന്ന് ഈ കുറിപ്പ് ഇവിടെ ഇടുന്നത്. ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കില്‍ അത് ആത്മ വഞ്ചനയാകും. ഞങ്ങള്‍ നിങ്ങളോടും,കേരളത്തോടും ഞങ്ങളോടു തന്നെയും ചെയുന്ന വഞ്ചന.

കേരളം ഇന്ന് ഒരു കടുത്ത പ്രകൃതി ദുരന്തത്തിലൂടെ കടന്നു പോവുകയാണെന്ന് നമുക്കേവര്‍ക്കും അറിയാവുന്ന കാര്യമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഓരോ മലയാളികളും തങ്ങളാല്‍ ആകുന്ന വിധം പിറന്ന നാടിനെ സേവിക്കാന്‍ ഉള്ള ആ അവസരം സാംജ്യതമായിരിക്കുന്ന സമയം. അതാണ് നമ്മുടെ കര്‍മ്മവും. പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം എന്നാണ് ആചാര്യന്മാര്‍ നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നതും

നമുക്കേവര്‍ക്കും അറിയാവുന്നതു പോലെ, പ്രളയത്തിനു, പ്രകൃതിക്കു രാഷ്ട്രീയ വത്യാസങ്ങളില്ല, ചെങ്ങന്നൂരും ആറന്‍മുളയും അടക്കം സംഘപുത്രന്മാര്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ആണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്.

നല്ല ഒരുശതമാനം സംഘപുത്രന്മാര്‍ ഈ ദുരന്തത്തില്‍ പെട്ട്‌പോയിട്ടുമുണ്ട്. അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അവര്‍ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോള്‍. അത് ആശാശ്യമല്ല. കേരളമില്ല എങ്കില്‍ നീയും ഞാനും അടക്കം നമ്മളാരുമില്ല. ഭാരതം എന്ന വികാരത്തോടൊപ്പം തന്നെ ഓരോ സംഘപുത്രനും നെഞ്ചില്‍ ഊറ്റം കൊള്ളേണ്ടകൊള്ളേണ്ട ഒരു വികാരമാണ് കേരളം എന്നതും

കേരളീയരായി പോയി എന്ന കാരണത്താല്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, കേരളത്തിലെ ദുരിതബാധിതര്‍. രാജ്യത്തെ ബാക്കി ഉള്ള എല്ലാ സംസ്ഥാങ്ങളില്‍ ഉള്ള പൗരന്മാര്‍ക്കും ഉള്ള അതേ അവകാശങ്ങള്‍ നമ്മള്‍ കേരളീയര്‍ക്കുമുണ്ട്.

ദുരന്തങ്ങളെ ദുരന്തങ്ങളായി തന്നേ കണ്ടു അതിനു പരിഹാരക്രിയകള്‍ ചെയേണ്ടതുണ്ട്. അതിനൊരിക്കലും രാഷ്ട്രീയമാനം നല്‍കേണ്ടതില്ല. വ്യത്യസ്ത രാഷ്ട്രീയ ചേരികളില്‍ നിന്നു ശത്രുക്കളെ പോലെ നമ്മളെ കണ്ടിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണാറായി വിജയന്‍ ഉള്‍പ്പടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പറഞ്ഞത് കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ആവിശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്തു നാം അവര്‍ക്കു തിരിച്ചു നല്‍കേണ്ടതും. ദുരന്തത്തില്‍ രാഷ്ട്രീയം കളിച്ചാല്‍ നാളെ നമുക്കും ഇതുപോലെ ഒരു ദുരവസ്ഥ ഉണ്ടായികൊള്ളില്ല എന്ന് ആര് കണ്ടു??

അതുകൊണ്ടു തന്നെ ഈ ഒരു അവസരത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ വികടനയത്തിനെതിരെ, കേരളത്തിന്റെ രക്ഷയെ കരുതി നാം ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ നാളെ വരുന്ന തലമുറകളോട് നമുക്കു പറയുവാന്‍ ഉത്തരങ്ങളില്ലാതെ വരും.