| Thursday, 8th September 2016, 3:50 pm

ദളിതനായ മഹാബലിയുടെ പാതാളക്കഥക്ക് പിന്നില്‍ ചില കുത്സിത ബുദ്ധികള്‍; തിരുവോണം വാമനജയന്തിയെന്ന് ആര്‍.എസ്.എസ് ലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീമദ് ഭാഗവതത്തിലോ നാരായണീയത്തിലോ മറ്റേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളിലോ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നില്ല. മറിച്ച് സത്യസന്ധനും ധര്‍മ്മിഷ്ഠനുമായ മഹാബലിയെ വാമനമൂര്‍ത്തി പരീക്ഷിക്കുകയും പരീക്ഷണത്തില്‍ വിജയിച്ച ബലിയെ വാമനന്‍ അനുഗ്രഹിക്കുകയുമാണ് ചെയ്‌തെന്നാണ്  വ്യക്തമാക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.


കോഴിക്കോട്: തിരുവോണത്തിന് വരവേല്‍ക്കേണ്ടത് മഹാബലിയെയല്ല വാമനനെയാണെന്ന് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയിലെ ലേഖനം. ശ്രാവണമാസത്തിലെ തിരുവോണം വാമനജയന്തിയാണെന്നും ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നതെന്നുമാണ് ലേഖനം പറയുന്നത്.

നല്ലവനായ മഹാബലിയെന്ന ദളിതനായ അസുരചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ച്, ബലി അടക്കിവാണിരുന്ന മൂന്നുലോകവും രണ്ടടികൊണ്ടളന്ന് കൈക്കലാക്കി മൂന്നാമത്തെ കാലടിവെയ്ക്കുവാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലിയുടെ തലയില്‍ കാല്‍വെച്ച് പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയെന്നാണ് കഥകള്‍ പറയുന്നത്.

പ്രതിവര്‍ഷം ചക്രവര്‍ത്തിക്ക് തന്റെ പ്രജകളെ കാണുന്നതിനുവേണ്ടി വാമനന്‍ പ്രത്യേക അനുവാദം കൊടുത്തുവെന്നും അതനുസരിച്ച് മഹാബലി തന്റെ പ്രജകളെ കാണുവാന്‍ കേരളത്തിലേക്ക് എല്ലാവര്‍ഷവും ചിങ്ങത്തിലെ തിരുവോണത്തിന് വരുന്നതാണ് ഓണാഘോഷമെന്നുമാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ഓണക്കഥ. എന്നാല്‍ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഒന്നും തന്നെ ഇതിന് ഉപോല്‍ബലകങ്ങളായ പരാമര്‍ശങ്ങളോ വിവരണങ്ങളോ ഇല്ലാതെ ഈ അസത്യമായ ഓണക്കഥ കേരളത്തില്‍ മാത്രം എങ്ങനെ പ്രചാരണത്തില്‍ വന്നു എന്നും ലേഖനം ചോദിക്കുന്നു.

മഹാബലിയുടെ സാമ്രാജ്യമെന്നത് ഉത്തര ഭാരതത്തിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മ്മദാനദിയുടെ തീരത്തെ “ഭൃഗുകച്ഛ” മെന്ന തീര്‍ത്ഥഭൂമിയിലാണ്. (അന്ന് നിലവിലില്ലാതിരുന്ന കേരളത്തിലല്ല).  മഹാബലി സത്യസന്ധനും പരാക്രമിയുമായ ധീരയോദ്ധാവായിരുന്നു. കൊമ്പന്‍മീശക്കാരനായ കുടവയറനല്ലെന്നും ലേഖനം പറയുന്നു.

തിരുവോണം എന്ന വാമനജയന്തി ആഘോഷം എന്ന തലക്കെട്ടില്‍ പൈതൃക രത്‌നം ഡോ. കെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എഴുതിയ ലേഖനത്തിലാണ് ഓണത്തിന് മഹാബലിക്ക് പകരം വാമനനെയാണ് പൂജിക്കേണ്ടതെന്ന് പറയുന്നത്.

മഹാബലിയെന്ന് കേള്‍ക്കുന്ന മാത്രയില്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ കപ്പടാമീശയും ഉന്തിയ വയറുമുള്ള ഒരു പൊണ്ണത്തടിയന്‍ ഓലക്കുടയുമായി വരുന്ന ഒരു അപഹാസ്യചിത്രമാണ് തെളിയുന്നതെന്നും പുരാണകഥാപാത്രങ്ങളെ ഇത്തരത്തില്‍ വികൃതമായി ചിത്രീകരിക്കുവാനും പുരാണകഥകളെ വളച്ചൊടിച്ച് അസംബന്ധങ്ങള്‍ പലതും പ്രചരിപ്പിക്കുവാനും ചില കുത്സിതമതികളും മാധ്യമങ്ങളും മത്സരിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

ഹൈന്ദവധര്‍മ്മത്തെ അപമാനിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ഇത്തരത്തിലുള്ള കുത്സിതപ്രവര്‍ത്തനങ്ങളെ ശക്തമായും യുക്തമായും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്.

ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലും വെട്ടം മാണിയുടെ പുരാണനിഘണ്ടുവിലും കുട്ടികള്‍ക്ക് പഠിക്കുവാനുള്ള പാഠപുസ്തകങ്ങളിലുമെല്ലാം വാമനമൂര്‍ത്തി മാവേലിമന്നനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് എഴുതിവെച്ചിരിക്കുന്നതാണ് അത്യന്തം ഖേദകരമായിത്തോന്നുന്നത്.

ശ്രീമദ്ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തിലെ 15ാമത് അദ്ധ്യായം മുതല്‍ 23ാമത് അദ്ധ്യായം വരെയുള്ള ഭാഗമാണ് വാമനചരിതമെന്ന മഹാബലിയുടെ കഥയ്ക്കാധാരമായിട്ടുള്ളത്. സര്‍വ്വേശ്വരനായ ഭഗവാന്‍ ശ്രീഹരി ഒന്നുമില്ലാത്തവനെപ്പോലെ എന്തിനാണ് മൂന്നടി മണ്ണ് യാചിച്ചത്? എല്ലാം ലഭിച്ചിട്ടും നിരപരാധിയായ ബലിയെ ബന്ധിച്ചതെന്തിനാണ്? എന്നിങ്ങനെയുള്ള പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് ഭാഗവതത്തില്‍ ശ്രീശുകബ്രഹ്മര്‍ഷി മഹാബലിയുടെ കഥ വിവരിക്കുന്നതെന്നും ലേഖനം പറയുന്നു.

ശ്രീമദ് ഭാഗവതത്തിലോ നാരായണീയത്തിലോ മറ്റേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളിലോ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നില്ല. മറിച്ച് സത്യസന്ധനും ധര്‍മ്മിഷ്ഠനുമായ മഹാബലിയെ വാമനമൂര്‍ത്തി പരീക്ഷിക്കുകയും പരീക്ഷണത്തില്‍ വിജയിച്ച ബലിയെ വാമനന്‍ അനുഗ്രഹിക്കുകയുമാണ് ചെയ്‌തെന്നാണ് പ്രാമാണികഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ശബ്ദതാരാവലിയിലും പുരാണനിഘണ്ടുവിലും ചില ഭാഗവതകഥാസംഗ്രഹഗ്രന്ഥങ്ങളിലും പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ പറഞ്ഞുവരുന്ന തെറ്റായകഥ എങ്ങനെ വന്നുവെന്നതജ്ഞാതമാണ്. വായ്‌മൊഴിയായി പറഞ്ഞുപരന്ന ചില നാടോടിക്കഥകളെയാധാരമാക്കി കഥയെ വികൃതവും വികലവുമാക്കിയതാകാമെന്നും കേരളമുള്‍പ്പെടെയുള്ള പരശുരാമക്ഷേത്രം മഹാബലിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നില്ലെന്നും ലേഖനം വാദിക്കുന്നുണ്ട്.

സത്യസന്ധനും ധര്‍മ്മിഷ്ഠനും നീതിമാനുമായിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല.””ലോകാനാമേകമീശ്വരം”” എന്ന് തന്റെ ഐശ്വര്യത്തില്‍ അല്പം മഹങ്കരിച്ചുപോയ ബലിയുടെയഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തതെന്നാണ് ലേഖനത്തില്‍ പറയുന്നത്.

തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി, ദേവന്മാര്‍പോലും കൊതിക്കുന്ന (സുതലം സ്വര്‍ഗ്ഗിഭിഃ പ്രാര്‍ത്ഥ്യം) സുതലത്തിന്റെ അധിപതിയാക്കിയുയര്‍ത്തി. അടുത്ത മന്വന്തരമായ സാവര്‍ണിമന്വന്തരത്തില്‍ ഇന്ദ്രസേനനെന്ന മഹാബലിയെ ഇന്ദ്രപദത്തിലേക്ക് ഉയര്‍ത്തുവാനും തീരുമാനിച്ചു. (സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ)

അഹങ്കാരം കാരണം മഹാബലി ഈ ഈശ്വരനിയമം ലംഘിച്ചുകൊണ്ടാണ് ദേവലോകത്തെയാക്രമിച്ച് കീഴടക്കിയത്. അതുകൊണ്ടുതന്നെയാണ് മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയില്‍ നിന്ന് ദേവലോകം കരസ്ഥമാക്കിയതും ഇന്ദ്രന് തിരിച്ച് നല്‍കിയതും. ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്.

കുടവയറും കപ്പടാമീശയുമായി ഓലക്കുടയും ചൂടിവരുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകംകൊണ്ടും മറ്റും തൃക്കാക്കരയപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിയ്ക്കാണ്, മഹാബലിയ്ക്കല്ലെന്നും ലേഖനം പറയുന്നു. ദക്ഷിണകേരളത്തിലെങ്ങും ഈ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുമുണ്ട്.

മഹാബലിയെ വിചിത്രമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത തിരുവിതാകൂര്‍ രാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വീരപുരുഷനായ യുവാവായ മഹാബലിയുടെ ഒരു മനോഹരമായ ചിത്രം നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചില മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

പരശുരാമക്ഷേത്രത്തിലേക്ക് നമ്പൂതിരിമാര്‍ കുടിയേറിപ്പാര്‍ത്തു തുടങ്ങിയത് ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും ബ്രാഹ്മണരായതിനാല്‍ അവര്‍ വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞര്‍ പറയുന്നു. പില്‍ക്കാലത്ത് ആ നമ്പൂതിരിമാര്‍ ജന്മികളായപ്പോള്‍ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാന്‍ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകര്‍ഷിക്കാന്‍വേണ്ടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതായിരിക്കാമെന്നും ലേഖനം പറയുന്നു.

പുരാണങ്ങളില്‍ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ വികലവും വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്ത കാലത്തായി ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെയും നമ്മുടെ ആദര്‍ശമൂര്‍ത്തികളെയുമെല്ലാം വികൃതമായി ചിത്രീകരിക്കുന്ന, പരസ്യമായി പരിഹസിക്കുന്ന പ്രവണത പതിവാക്കിയിരിക്കുന്നു.

ഈ ദുഷ്പ്രവണതയെ ശക്തിയായും, യുക്തിയുക്തമായും ചെറുത്ത് തോല്പിക്കേണ്ടത് ആദര്‍ശധീരരായ ദേശാഭിമാനികളുടെ കര്‍ത്തവ്യമാണ്. നമ്മുടെയിടയില്‍ ചില കുത്സിതബുദ്ധികള്‍ മനഃപൂര്‍വ്വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളക്കഥപോലെയുള്ള കെട്ടുകഥകളെ നാം ജനമനസ്സില്‍ നിന്നും തൂത്തെറിയുകതന്നെവേണം എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.

ചരിത്രം തിരുത്തുന്നവര്‍ എന്ന തലക്കെട്ടില്‍ ഡോ. എം.ജി.എസ് നാരായണനുമായുള്ള അഭിമുഖവും കേസരി ഓണപ്പതിപ്പില്‍ നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more