| Wednesday, 20th June 2018, 10:34 am

താജ്മഹലിന് സമീപത്ത് ശാഖ ആരംഭിക്കുമെന്ന് ആര്‍.എസ്.എസ്; അനുവദിക്കില്ലെന്ന് പൊലീസ്; പ്രതിഷേധ ധര്‍ണയുമായി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: താജ്മഹലിന് സമീപം ആര്‍.എസ്.എസിന്റെ ശാഖ ആരംഭിക്കണമെന്ന ആവശ്യം പൊലീസ് നിരാകരിച്ചതിന് പിന്നാലെ താജ്മഹലിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താനൊരുങ്ങി ആര്‍.എസ്.എസ്. എന്തുവിലകൊടുത്തും ആര്‍.എസ്.എസിന്റെ ശാഖ താജ്മഹലിന് സമീപം നടത്തുമെന്നും പ്രവര്‍ത്തകര്‍ ഭീഷണിമുഴക്കി.

താജ്മഹലിന് സമീപത്തായുള്ള പവന്‍ധന്‍ കോളനിയില്‍ ശാഖ ആരംഭിക്കാനായിരുന്നു സംഘടനയുടെ തീരുമാനം. എന്നാല്‍ പ്രസ്തുത സ്ഥലത്ത് ഒരു രാഷ്ട്രീയപാര്‍ട്ടികളുടേയും ഓഫീസ് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും തര്‍ക്കപ്രദേശമായ ഇവിടെ മുസ്‌ലീങ്ങളെ ഉറൂസ് നടത്താന്‍ പോലും അനുവദിക്കാറില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഇവിടം സംഘര്‍ഷബാധിത പ്രദേശമാണ്. കഴിഞ്ഞ ആറ് മാസമായി ഇവിടെ 24 മണിക്കൂറും പൊലീസ് സംരക്ഷണത്തിലാണ്. തര്‍ക്കം പരിഹരിക്കുന്നത് വരെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ആവില്ലെന്നും പൊലീസ് പറഞ്ഞു.


Also Read ഇസ്രായേലിനെ വിമര്‍ശിക്കരുത്: ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യു.എസ് പിന്മാറി


എന്നാല്‍ പൊലീസിന്റെ വാദം മുഖവിലക്കെടുക്കാതെ എന്തുവിലകൊടുത്തും ഇവിടെ ശാഖയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. പ്രദേശത്ത് നിന്നും പൊലീസ് പിന്‍വാങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനവും കേന്ദ്രവും തങ്ങളുടെ പാര്‍ട്ടി ഭരിച്ചിട്ടും ആര്‍.എസ്.എസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ആര്‍.എസ്.എസ് കുറ്റപ്പെടുത്തി.

അതേസമയം കുറേവര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസ്തുത സ്ഥലത്ത് ആര്‍.എസ്.എസിന്റെ ശാഖ ഉണ്ടായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസമായി അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നുവെന്നുമാണ് ആര്‍.എസ്.എസിന്റെ വാദം. ശാഖയില്‍ നിന്നിരുന്ന ആള്‍ ചില ആവശ്യങ്ങള്‍ കാരണം അവിടെ നിന്നും പോയിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ പൊലീസ് ശാഖയുടെ പ്രവര്‍ത്തനം ഇനി തുടരാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നുമാണ് ലോക്കല്‍ ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ വശിഷ്ട പറയുന്നു.

ശാഖയില്‍ തങ്ങള്‍ തീവ്രവാദികളെ ഉണ്ടാക്കിയെടുക്കുകയാണെന്നാണ് പൊലീസ് പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ മുന്‍പ്രധാനമന്ത്രി വാജ്‌പേയിയും നിലവിലെ പ്രധാനമന്ത്രി മോദിയും മറ്റ് മുതിര്‍ന്ന ബി.ജെ.പിയുടെ ദേശീയ നേതാക്കളുമെല്ലാം തീവ്രവാദികളാണോ എന്ന് പൊലീസ് വ്യക്തമാക്കണമെന്നും അശ്വിനി കുമാര്‍ ആവശ്യപ്പെട്ടു.

അതേസമയം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരം ആവശ്യങ്ങളുമായി സംഘടന രംഗത്തെത്തുന്നതെന്നും പ്രസ്തുത സ്ഥലത്ത് രാഷ്ട്രീയപാര്‍ട്ടി ഓഫീസോ പൊതുപരിപാടിയോ നടത്താന്‍ അനുവദിക്കില്ലെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഉദയ് രാജ് സിങ് പറഞ്ഞു.

We use cookies to give you the best possible experience. Learn more