| Tuesday, 17th December 2024, 8:31 am

ഇന്ത്യന്‍ ഭരണഘടന കത്തിച്ചവരാണ് ആര്‍.എസ്.എസുകാര്‍: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ട ഘട്ടത്തില്‍ അത് കത്തിച്ചവരാണ് ആര്‍.എസ്.എസുകാരെന്ന് പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദല്‍ഹി രാംലീല മൈതാനിയില്‍ നെഹ്‌റുവിന്റെയും അംബേദ്ക്കറിന്റെയും മഹാത്മാഗാന്ധിയുടെയും കോലം കത്തിച്ചവരാണ് ആര്‍.എസ്.എസുകാരെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 75ാം വാര്‍ഷികം മുന്‍നിര്‍ത്തിയുള്ള രാജ്യസഭയിലെ പ്രത്യേക ചര്‍ച്ചയിലാണ് പ്രതിപക്ഷാംഗങ്ങളുടെ പരാമര്‍ശം.

ഭരണഘടനയുടെ നിര്‍മാണം മനുസ്മൃതിയുടെ അടിസ്ഥാനത്തിലല്ലെന്നതായിരുന്നു എതിര്‍പ്പിന് കാരണമെന്നും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതിനെ ആര്‍.എസ്.എസ് എതിര്‍ത്തിട്ടുണ്ടെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകളില്‍ നിന്നുതന്നെ ആര്‍.എസ്.എസ് നേതാക്കള്‍ ഭരണഘടനയ്‌ക്കെതിരാണെന്ന് മനസിലായതാണെന്നും ഇന്ത്യന്‍ ഭരണഘടനയെ സംഘപരിവാറും ആര്‍.എസ്.എസും എക്കാലവും എതിര്‍ത്തിട്ടിള്ളുവരാണെന്നും പ്രതിപക്ഷം രാജ്യസഭയില്‍ പറഞ്ഞു.

ദേശീയ പതാകയെയും അശോകചക്രത്തെയുമെല്ലാം എതിര്‍ത്തവരാണ് ആര്‍.എസ്.എസ് നയിക്കുന്ന സംഘപരിവാറെന്നും ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു അവരെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

മതനിരപേക്ഷ ജനാധിപത്യരാജ്യത്തിലെ പ്രധാനമന്ത്രി അമ്പലത്തിന് തറക്കല്ലിടാന്‍ പോയതോടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെയാണ് പ്രഹരിച്ചതെന്ന് സി.പി.ഐ.എം രാജ്യസഭാ നേതാവ് ബികാഷ് രജ്ഞന്‍ ഭട്ടാചാര്യയും പറയുകയുണ്ടായി.

2014 മുതല്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് നേരെ ബോധപൂര്‍വമായ ആക്രമണമുണ്ടാകുന്നുണ്ടെന്നും 1975ലെ അടിയന്തരാവസ്ഥയാണ് മുമ്പുണ്ടായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച വ്യക്തിതന്നെ അത് ഏറ്റുപറഞ്ഞുവെന്നും സമൂഹത്തിനെ താഴെ തട്ടിലുള്ളവര്‍ക്ക് നീതി നടപ്പിലാക്കുമ്പോഴാണ് ഭരണഘടന ശരിയായ രീതിയില്‍ നടപ്പാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ബികാഷ് രജ്ഞനെയും കൂടാതെ കപില്‍ സിബല്‍, മനു അഭിഷേക് സിങ്‌വി, രണ്‍ദീപ് സുര്‍ജെവാല, ഹര്‍ദീപ് സിങ് പുരി, വൈക്കോ തുടങ്ങിയവരാണ് രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ പങ്കെടുത്തത്.

Content Highlight: RSS members burnt Indian constitution: Mallikarjun Kharge

We use cookies to give you the best possible experience. Learn more