മാധ്യമ പ്രവര്‍ത്തക സാനിയോ മനോമിക്കും ഭര്‍ത്താനും നേരെ ആക്രമണം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
Kerala News
മാധ്യമ പ്രവര്‍ത്തക സാനിയോ മനോമിക്കും ഭര്‍ത്താനും നേരെ ആക്രമണം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th November 2018, 10:21 am

കുറ്റ്യാടി: ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും ഭര്‍ത്താവ്  ജൂലിയസ് നികിതാസിനും നേരെ നടന്ന ആക്രമണത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശിയായ സുധീഷിനെയാണ് കുറ്റ്യാടി പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും മകനാണ്   ജൂലിയസ് നികിതാസ്

രണ്ടുതവണയാണ് ആര്‍.എസ്.എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ചത്. ആദ്യം കക്കട്ടിലില്‍ വെച്ചും പിന്നീട് പൊലീസ് സംരക്ഷണയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുമ്പോള്‍ രണ്ടാമതും ഇവര്‍ ആക്രമിക്കപ്പെട്ടു. നടുവണ്ണൂരില്‍വെച്ചായിരുന്നു രണ്ടാമത്തെ ആക്രമണം. ഇരുവരും സഞ്ചരിച്ച കാര്‍ തടഞ്ഞു പുറത്തിറക്കി എട്ടോളം വരുന്ന സംഘമാണ് ആക്രമിച്ചത്.


ആശുപത്രിയില്‍ കിടക്കുന്ന ചേട്ടന്റെ ഭാര്യക്ക് ഭക്ഷണവും വസ്ത്രവുമൊക്കെ എടുക്കാന്‍ പാലേരിയിലെ വീട്ടില്‍ നിന്നും കക്കട്ടിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ആദ്യത്തെ ആക്രമണം ഉണ്ടായതെന്ന് സാനിയോ മനോമി പറഞ്ഞിരുന്നു.

അമ്പലക്കുളങ്ങര എത്തിയപ്പോള്‍ പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വണ്ടി തടയുകയും ചാവി വലിച്ചൂരി വണ്ടിക്കുള്ളിലേക്ക് തലയും കൈയുമിട്ട് മനോമിയെയും ജൂലിയസിനെയും മര്‍ദ്ദിക്കുകയായിരുന്നു. കൂര്‍ത്ത ആയുധം വെച്ച് ജൂലിയസിന്റെ മൂക്കിന് കുത്തി. വണ്ടിയില്‍ നിന്ന് രണ്ടാളെയും വലിച്ചിട്ട് വീണ്ടും മര്‍ദ്ദിച്ചു. പൊലീസ് എത്തിയപ്പോഴാണ് അക്രമിസംഘം പിന്‍വാങ്ങിയത്.

കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് പൊലീസ് എസ്‌കോര്‍ട്ടില്‍ പോകുമ്പോള്‍ നടുവണ്ണരില്‍ വെച്ചായിരുന്നു വീണ്ടും ആക്രമിക്കപ്പെട്ടത്.