| Tuesday, 28th May 2019, 8:03 pm

മുസ്ലിം യുവാക്കളെ പേര് ചോദിച്ച് ആക്രമിച്ച സംഭവം; സൈനുല്‍ ആബിദ് കൊലക്കേസിലെ പ്രതി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: മംഗലാപുരത്തേയ്ക്ക് കാറില്‍ പോകുകയായിരുന്ന യുവാക്കളെ പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊലക്കേസ് അടക്കം എട്ടു കേസുകളില്‍ പ്രതിയായ തേജു എന്ന അജയ് കുമാര്‍ ഷെട്ടി (23) യെയാണ് അറസ്റ്റു ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. അജയ് കുമാറിനൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഒളിവിലാണ്.

ആര്‍.എസ്.എസ് മേഖലയായ കറന്തക്കാട് വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 1.10 മണിയോടെയാണ് സി.എച്ച് ഫായിസ്, അനസ് എന്നിവരെ രണ്ടംഗ സംഘം മര്‍ദ്ദിച്ചത്.

2014 ഡിസംബര്‍ 22ന് നടന്ന സൈനുല്‍ ആബിദ് വധക്കേസിലെ ഒമ്പതാം പ്രതിയാണ് അജയ് കുമാര്‍ ഷെട്ടി. 2015 നവംബര്‍ എട്ടിന് പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസിനെ ചീത്തവിളിച്ച് മര്‍ദ്ദിക്കാന്‍ ശ്രമിച്ച കേസിലും 2016 ഓഗസ്റ്റ് 26ന് സ്വകാര്യ ബസ് ഡ്രൈവറെ അക്രമിച്ച കേസിലും അതേദിവസം പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്താന്‍ ശ്രമിച്ച കേസിലും അജയ് കുമാര്‍ പ്രതിയാണ്.

2018 മാര്‍ച്ച് 18ന് ബീരന്ത്ബയലില്‍ വെച്ച് ഒരാളെ കത്തികൊണ്ട് കുത്തിയും ഇരുമ്പുവടി കൊണ്ട് തലക്കടിച്ചും പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലും 2019 ജനുവരി 15ന് അടുക്കത്ത്ബയലില്‍ ഒരാളെ ഇരുമ്പുവടി കൊണ്ട് അടിച്ച കേസിലും അജയ്കുമാര്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഗള്‍ഫില്‍ നിന്നും വരുന്ന അനസിന്റെ ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇരുവരും. യാത്രക്കിടെ കാറില്‍ ബ്ലൂടൂത്ത് കണക്ട് ചെയ്യുന്നതിനായി കറന്തക്കാട് താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം കാര്‍ നിര്‍ത്തുകയായിരുന്നു.

ഈ സമയം കാറിനടുത്തിയ രണ്ടംഗ സംഘം കാറിന്റെ ഗ്ലാസില്‍ തട്ടുകയും ഗ്ലാസ് തുറന്നപ്പോള്‍ പേര് ചോദിക്കുകയും ഈ സ്ഥലമേതാണെന്ന് അറിയാമോ എന്ന് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ച് താഴെയിട്ട് അക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

അക്രമിസംഘത്തിന്റെ കൈയ്യില്‍ നിന്നും കുതറിയോടിയ യുവാക്കള്‍ അതുവഴി വന്ന മറ്റു യാത്രക്കാരോട് സഹായം ചോദിക്കുകയായിരുന്നു എന്നും ഇതോടെ അക്രമി സംഘം കടന്നുകളഞ്ഞെന്നും പരാതിയിലുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more