മാന്നാര്‍: അയ്യപ്പ ഭക്തന്‍ ആക്രമിക്കപ്പെടുന്നതായി കാണിച്ച് വ്യാജപ്രചരണം നടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പിനെയാണ് സി.ഐ ജോസ് മാത്യു അറസ്റ്റു ചെയ്തത്.
അയ്യപ്പ ഭക്തനെ പൊലീസ് മര്‍ദ്ദിക്കുന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഡി.വൈ.എഫ്.ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത് ബാബു ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഇരുമുടി കെട്ടി, അയ്യപ്പവിഗ്രഹത്തെ കയ്യില്‍ പിടിച്ചിരിക്കുന്ന രാജേഷ് ആര്‍ കുറുപ്പിനെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രവും വീഡിയോയും ആയിരുന്നു പ്രചരിച്ചിരുന്നത്. രാജേഷ് തന്നയാണ് ഫോട്ടോ ഷൂട്ട് നടത്തിയതും വീഡിയോയില്‍ അഭിനയിച്ചതും.
രാജേഷിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറി. കേരള പൊലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ വൈറലാകുകയും പിന്നീട് വ്യാജമാണെന്ന് തെളിയുകയും ചെയ്തിരുന്നു. തെറ്റിദ്ധാരണ പരത്തുന്ന ചിത്രം കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയ്ക്കൊപ്പവും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ പി.കെ ശശികലയ്ക്കൊപ്പവും രാജേഷ് കുറുപ്പ് നില്‍ക്കുന്ന ചിത്രങ്ങളും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, ദല്‍ഹിയിലെ വിമത എം.എല്‍.എ കപില്‍ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയവര്‍ രാജേഷിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. “ഈ യഥാര്‍ത്ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല” എന്നാണ് കപില്‍ മിശ്ര ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. 1600ഓളം പേരാണ് കപില്‍ മിശ്രയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. 3200 പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുമുണ്ട്.